Tiger Shroff Assassination Attempt: ‘സല്മാന് ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’; ടൈഗര്‍ ഷറോഫിന് നേരെയുള്ള വധശ്രമത്തിന് പിന്നാലെ ബിഷ്ണോയ് ഗ്യാങിന്റെ ഭീഷണി
Tiger Shroff Firing Case: ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു. ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട 'അനിൽ പണ്ഡിറ്റ്' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ ശബ്ദരേഖ പുറത്തുവന്നു. ടൈഗർ ഷറോഫ് തങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്നും സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും, അതിനാൽ അദ്ദേഹം തങ്ങളുടെ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ശബ്ദരേഖയിൽ.
നടന് ടൈഗര്‍ ഷറോഫിന് നേരെയുള്ള വധശ്രമത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ജുഹുവില്‍ ഫുട്ബോൾ ഗ്രൗണ്ടിൽ നിന്ന് ബിഎംഡബ്ല്യു സെഡാൻ കാറിൽ മടങ്ങുകയായിരുന്ന ടൈഗർ ഷറോഫിന് നേരെ രണ്ട് പേർ കാറിന്റെ വിൻഡ്ഷീൽഡിലേക്കും സൈഡ് ജനലിലേക്കും നേരിട്ട് വെടിയുതിർക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരിക്കുകളൊന്നുമില്ലാതെ ടൈഗർ ഷറോഫ് ഈ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ വിന്‍ഡോയുടെ അടുത്തെത്തിയപ്പോൾ ആക്രമികളിൽ ഒരാളുടെ തോക്ക് പ്രവർത്തിച്ചില്ല. ആറാമത്തെ വെടിയുതിർക്കാൻ ലക്ഷ്യമിട്ട് പോയിന്റ് ബ്ലാങ്ക് പരിധിയിൽ എത്തിയപ്പോൾ തോക്ക് ജാമാവുകയായിരുന്നു.
വെടിവെയ്പ്പിൽ പരിക്കേറ്റ കാർ ഡ്രൈവർ കാറിൽ നിന്ന് പുറത്തേക്ക് ഓടി. അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. കാറിലും റോഡിലും രക്തക്കറകളുണ്ട്. ടൈഗര്‍ ഷറോഫ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്. ലോറൻസ് ബിഷ്ണോയി സംഘത്തിനെതിരെ കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകി.
ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഷ്ണോയ് സംഘം
ആക്രമണത്തിന്റെ ഉത്തരവാദിത്തം ലോറന്‍സ് ബിഷ്ണോയ് സംഘം ഏറ്റെടുത്തു. ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട ‘അനിൽ പണ്ഡിറ്റ്’ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളുടെ ശബ്ദരേഖ പുറത്തുവന്നു. ടൈഗർ ഷറോഫ് തങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിക്കുന്നില്ലെന്നും സൽമാൻ ഖാനൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും, അതിനാൽ അദ്ദേഹം തങ്ങളുടെ ‘ഹിറ്റ് ലിസ്റ്റിൽ’ ഉൾപ്പെട്ടിട്ടുണ്ടെന്നും ശബ്ദരേഖയിൽ പറയുന്നു.
Also Read: Tiger Shroff: ടൈഗർ ഷ്റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവർക്ക് പരിക്കേറ്റു, പിന്നിൽ ബിഷ്ണോയ് സംഘം ?
സൽമാൻ ഖാൻ ലോറൻസ് ബിഷ്ണോയിയോടും ബിഷ്ണോയി സമുദായത്തോടും മാപ്പ് പറഞ്ഞില്ലെങ്കിൽ, അദ്ദേഹത്തെയും കുടുംബത്തെയും വധിക്കുമെന്നും അയാള്‍ മുന്നറിയിപ്പ് നല്കി. സല്‍മാന്റെ വീട്ടിലെ നായയെപ്പോലും ബാക്കി വെക്കില്ലെന്നാണ് ഭീഷണി.
“ഞാൻ ലോറൻസ് ബിഷ്ണോയിയുടെ അനുജൻ അനിൽ പണ്ഡിറ്റാണ്. ടൈഗർ ഷറോഫിന് സംഭവിച്ച കാര്യങ്ങളുടെ ഉത്തരവാദിത്തം ഞാനും എന്റെ ജ്യേഷ്ഠൻ ഹർമൻ സന്ധുവും ഏറ്റെടുക്കുന്നു. ഞങ്ങൾ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് ഉൾക്കൊണ്ടില്ല.
ഞങ്ങളുമായി സഹകരിക്കാതെ സിനിമാ മേഖലയിൽ പ്രവർത്തിക്കാനോ, സൽമാൻ ഖാനൊപ്പം ജോലി ചെയ്യാനോ ആരെങ്കിലും ശ്രമിച്ചാൽ അവരെ ഞങ്ങൾ വധിക്കും. ഇതൊരു അവസാന മുന്നറിയിപ്പാണ്”-ശബ്ദരേഖയിൽ പറയുന്നു.
ബാബ സിദ്ദിഖ് കൊല്ലപ്പെട്ടത് രണ്ട് വര്‍ഷം മുമ്പ്
മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖ് മുംബൈയിൽ വെച്ച് കൊല്ലപ്പെട്ടതിന്റെ രണ്ടാം വാർഷികത്തിന് ആറ് ദിവസങ്ങൾക്ക് ശേഷമാണ് ടൈഗർ ഷറോഫിന് നേരെ വധശ്രമമുണ്ടായത്. രണ്ട് സംഭവങ്ങളിലും സമാനതകളുണ്ട്. രണ്ട് കേസുകളിലും സൽമാൻ ഖാനുമായുള്ള അടുപ്പമാണ് ആക്രമണത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
സിനിമാ താരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന 66 വയസ്സുകാരനായ ബാബ സിദ്ദിഖിനെ, 2024 ഒക്ടോബർ 12-ന് രാത്രി ബാന്ദ്ര (ഈസ്റ്റ്) മേഖലയിൽ വെച്ച് മൂന്ന് അക്രമികൾ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. മകൻ സീഷാൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്തുവെച്ചായിരുന്നു സംഭവം.
English Summary
Actor Tiger Shroff narrowly survived an assassination attempt when gunmen fired at his car in Juhu, Mumbai. His driver was injured in the attack, but the actor remained unhurt after one of the attacker’s guns jammed at point-blank range. The Lawrence Bishnoi gang claimed responsibility for the shooting through an audio clip citing the actor’s ties to Salman Khan.