Aranmula Vallamkali 2026: വഞ്ചപ്പാട്ടിൻ്റെ ഈരടികളുമായി ഇന്ന് ആറന്മുള വള്ളംകളി; ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ
Aranmula Uthrittathi Vallamkali 2026: പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നടക്കുന്ന വർണ്ണാഭമായ ജലഘോഷയാത്രയിലും വള്ളംകളിയിലും ആയിരക്കണക്കിന് ആളുകളാണ് സാക്ഷിയാകുക. പകൽ 1.30ന് തിരുവോണത്തോണി പരപ്പുഴ കടവിലേക്ക് നീങ്ങുന്നതോടെ ജലഘോഷയാത്ര തുടങ്ങും. ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണനാണ് ജലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് ആരംഭിച്ച് 16 വരെ തുടരും.
പത്തനംതിട്ട: പമ്പാനദിയെ പള്ളിയോടങ്ങളുടെ ഈരടികളാൽ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. പാർത്ഥസാരഥി ക്ഷേത്രസന്നിധിയിൽ നടക്കുന്ന വർണ്ണാഭമായ ജലഘോഷയാത്രയിലും വള്ളംകളിയിലും ആയിരക്കണക്കിന് ആളുകളാണ് സാക്ഷിയാകുക. പകൽ 1.30ന് തിരുവോണത്തോണി പരപ്പുഴ കടവിലേക്ക് നീങ്ങുന്നതോടെ ജലഘോഷയാത്ര തുടങ്ങും. ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്‌ണനാണ് ജലോത്സവം ഉദ്ഘാടനം ചെയ്യുന്നത്. പകൽ മൂന്ന് മണിയോടെ മത്സര വള്ളംകളി ആരംഭിക്കും.
51 പള്ളിയോടങ്ങളാണ് ഇത്തവണ വള്ളംകളിയിൽ പങ്കെടുക്കുന്നത്. എ, ബി ബാച്ചുകളിൽ ഒന്നാംസ്ഥാനം നേടുന്നവർക്ക് മന്നം ട്രോഫിയും മികച്ച രീതിയിൽ പാടി തുഴയുന്നവർക്ക് ആർ ശങ്കർ മെമ്മോറിയൽ ട്രോഫിയും നൽകി ആദരിക്കും. അഷ്‌ടമിരോഹിണി വള്ളസദ്യ സെപ്റ്റംബർ നാലിന് ആരംഭിച്ച് 16 വരെ തുടരും. ജലോത്സവത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉപരാഷ്‌ട്രപതിയുടെ വരവിനെ തുടർന്ന് ചിലയിടങ്ങളിൽ ഗതാഗതം നിയന്ത്രിക്കും. അതിനാൽ വള്ളംകളി കാണാൻ എത്തുന്നവർ ശ്രദ്ധിക്കണം.
ALSO READ: ആറന്മുള ഉത്രട്ടാതി വള്ളംകളി നാളെ; ട്രാഫിക് നിയന്ത്രണം ഇങ്ങനെ, കിടിലൻ സ്പോട്ടുകൾ ഇതാ
ഇത്തവണ ജലഘോഷയാത്രയ്ക്ക് പിന്നിലായി കേരളീയ കലകൾ ഉൾപ്പെടുന്ന നിശ്ചലദൃശ്യങ്ങൾ കടന്നു പോകും. ഹെലികോപ്റ്റർ അഭ്യാസ പ്രകടനവുമുണ്ട്. ഹീറ്റ്സിൽ കുറഞ്ഞ സമയത്തു ഫിനിഷ് ചെയ്ത നാലു പള്ളിയോടങ്ങളാകും ഫൈനലിൽ മത്സരിക്കുക. ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് ഫിനിഷിങ് സമയം കൃത്യമായി രേഖപ്പെടുത്തുന്നത്.
ഉദ്ഘാടനച്ചടങ്ങ് നടക്കുന്ന സത്രത്തിലെ വേദിയിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവേശന പാസ് വാങ്ങിയിട്ടുള്ളവർ ഇടശ്ശേരിമല കിഴക്ക് പള്ളിയോടപ്പുരയുടെ സമീപത്ത് കൂടി സത്രം കോംപൗണ്ടിന്റെ കിഴക്കേ പവലിയനിൽ എത്തിച്ചേരണം. കോംപ്ലിമെന്ററി പാസ് ഉള്ളവർ ഇടശ്ശേരിമല കരയോഗ മന്ദിരത്തിന്റെ അടുത്തുള്ള വഴിയിൽ കൂടി പടിഞ്ഞാറെ ഗാലറിയിലുള്ള പന്തലിൽ എത്തണമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ഗതാഗത നിയന്ത്രണം
സത്രക്കടവിൽ ഇന്ന് നടക്കുന്ന ഉത്രട്ടാതി ജലമേള ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണൻ എത്തുന്നതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണം നടപ്പാക്കുന്നു. പത്തനംതിട്ട ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവർ കിടങ്ങന്നൂർ, വല്ലന, കോഴിപ്പാലം വഴി ആഞ്ഞിലിമൂട്ടിൽ കടവ് പാലം കടന്ന് കോഴഞ്ചേരി തിരുവല്ല റോഡിൽ പ്രവേശിച്ച് വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി വഴി പത്തനംതിട്ടയിലേക്ക് പോകണം.
ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവരാണെങ്കിൽ കിടങ്ങന്നൂർ, വല്ലന വഴി കോഴിപ്പാലം എത്തിയശേഷം ചെങ്ങന്നൂർക്ക് പോകണം. ആറന്മുള ഐക്കര ജംഗ്ഷനിലേക്കും ഐക്കര ജംഗ്ഷൻ മുതൽ തെക്കേമല ജംഗ്ഷൻ വരെയും പൂർണ്ണമായും ഗതാഗതം നിയന്ത്രിക്കുമെന്നും ആറന്മുള സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. ആറന്മുള എൻജിനീയറിങ് കോളേജിൽ നടക്കുന്ന നീറ്റ് പരീക്ഷയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി ആറന്മുള പോലീസ് മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി എത്തുന്നതിന് 30 മിനിറ്റ് മുൻപു മുതൽ കോന്നി ജംക്‌ഷനിൽനിന്ന് തെങ്ങുംകാവ് – പൂങ്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ കോന്നി-മലയോര ഹൈവേ വഴി തിരിച്ചുവിടും. പത്തനംതിട്ടയിൽ നിന്ന് കോഴഞ്ചേരിയിലേക്ക് തിരിച്ചുപോകുന്ന വാഹനങ്ങളെ കടമ്മനിട്ട, പഴയതെരുവ് വഴി തിരിച്ചുവിടുന്നതാണ്. തോന്ന്യാമല, കടമ്മനിട്ട ഭാഗത്തു നിന്നുള്ള വാഹനങ്ങളെ സെന്റ് പീറ്റേഴ്സ് ജംക്‌ഷനിലേക്കു വിടാതെ ഡിപിഒ ജംക്‌ഷനിലേക്കു തിരിച്ചുവിടും. മൈലപ്ര, കുമ്പഴ എന്നിവിടങ്ങളിൽനിന്നു പത്തനംതിട്ട ടൗണിലേക്കു പ്രവേശനം ഉണ്ടാകില്ല. ആറന്മുള ശബരി ബാലാശ്രമം റോഡിൽ ഗതാഗതം നിയന്ത്രിക്കും.
English Summary:
Aranmula Uthrattathi Jalolsavam Today, a vibrant festival of devotion, is set to illuminate the banks of the Pamba River with the presence of Vice President CP Radhakrishnan as the chief guest.