Bengaluru Train: കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് നേരിട്ട് ട്രെയിൻ; സർവീസ് ഈ ദിവസങ്ങളിൽ
Bengaluru–Kannur Express Now Extended to Kozhikode: 2024 ഫെബ്രുവരിയിലാണ് ട്രെയിനിന്റെ സര്‍വീസ് കോഴിക്കോടേക്ക് നീട്ടിക്കൊണ്ട് റെയില്‍വേ ഉത്തരവിറക്കിയത്. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ കാരണം അത് നടപ്പായില്ല.
കോഴിക്കോട്: മലബാര്‍ യാത്രക്കാരുടെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിച്ചു. കോഴിക്കോട് വഴി ബെംഗളൂരുവിലേക്ക് ട്രെയിനായി. കണ്ണൂര്‍-ബെംഗളൂരു എക്‌സ്പ്രസിന്റെ സര്‍വീസ് കോഴിക്കോട് വരെ നീട്ടിയിരിക്കുകയാണ്. യാത്രക്കാരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതോടെ നടപ്പിലായത്. എന്നാല്‍ ഈ നീക്കം ട്രെയിനിലെ സ്ഥിരം യാത്രക്കാരില്‍ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
ട്രെയിനിന്റെ വിശദാംശങ്ങള്‍
ട്രെയിന്‍ നമ്പര്‍ 16511, 16512 എന്നിവയാണ് കോഴിക്കോടേക്ക് എത്തിയത്. ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ ഉച്ചയോടെ കോഴിക്കോട് എത്തും. രാത്രി 9.35 നാണ് ട്രെയിന്‍ കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് പുറപ്പെടുന്നത്. മടക്കയാത്ര കോഴിക്കോട് നിന്ന് ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷം 3.30നാണ്. അഞ്ച് മണിക്ക് കണ്ണൂരെത്തിച്ചേരും. പിറ്റേദിവസം രാവിലെ 6.35ന് ബെംഗളൂരുവിലും ട്രെയിനെത്തും. എല്ലാ ദിവസവും ഈ ട്രെയിന്‍ സര്‍വീസ് നടത്തുന്നതാണ്.
സ്റ്റോപ്പുകള്‍ ഇവ
കെഎസ്ആര്‍ ബെംഗളൂരു സിറ്റി ജങ്ഷന്‍, യശ്വന്ത്പൂര്‍, കുനിഗല്‍, ബിജി നഗര്‍, ശ്രവണബെലഗോല, ചന്നരായപട്‌ന, ഹാസന്‍ ജങ്ഷന്‍, സക്ലേഷ്പൂര്‍, സുബ്രഹ്‌മണ്യ റോഡ്, കബാക്ക പട്ടൂര്‍, ബന്തവാല, മംഗളൂരു ജങ്ഷന്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, നിലേശ്വരം, പയ്യന്നൂര്‍, കണ്ണൂര്‍, തലശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ട്രെയിനിന് സ്‌റ്റോപ്പുകളുള്ളത്.
Also Read: Velachery–Parangimalai Train: കാത്തിരിപ്പ് അവസാനിച്ചു; വേലച്ചേരി-പറങ്കിമല ട്രെയിന്‍ യാത്ര തുടങ്ങി
കാത്തിരിപ്പ് വര്‍ഷങ്ങളോളം
2024 ഫെബ്രുവരിയിലാണ് ട്രെയിനിന്റെ സര്‍വീസ് കോഴിക്കോടേക്ക് നീട്ടിക്കൊണ്ട് റെയില്‍വേ ഉത്തരവിറക്കിയത്. എന്നാല്‍ സാങ്കേതിക തടസങ്ങള്‍ കാരണം അത് നടപ്പായില്ല. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് നേരിട്ട് ട്രെയിന്‍ വേണമെന്ന് യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ യാത്രക്കാരുടെ ആ ആവശ്യം റെയില്‍വേ പരിഗണിച്ചത്. എന്നാല്‍ ഈ ട്രെയിന്‍ കോഴിക്കോട്ടേക്ക് നീട്ടുന്നത് തിരക്ക് വര്‍ധിപ്പിക്കുമെന്നും പുതിയ ട്രെയിന്‍ അനുവദിക്കുന്നതാകും നല്ലതെന്നുമാണ് പതിവ് യാത്രക്കാരുടെ പക്ഷം.