Kerala Hartal: ഒന്ന് ആദരസൂചകം, മറ്റൊന്ന് പ്രതിഷേധം! രണ്ട് ജില്ലകളില്‍ നാളെ ഹര്‍ത്താല്‍
Hartal in various places of Kerala tomorrow: കേരളത്തില്‍ നാളെ (ഒക്ടോബര്‍ 24) രണ്ട് ജില്ലകളിലെ വിവിധയിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ടൗണിലും, പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശേരിക്കര, പെരുനാട്, കൊല്ലമുള്ള എന്നീ വില്ലേജുകളിലുമാണ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തുന്നത്.

പ്രതീകാത്മക ചിത്രം
പത്തനംതിട്ട/കണ്ണൂര്‍: സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 24) രണ്ട് ജില്ലകളിലെ വിവിധയിടങ്ങളില്‍ സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ ടൗണിലും, പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലുമാണ് ശനിയാഴ്ച ഹര്‍ത്താല്‍ നടത്തുന്നത്. മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനറുമായ കെപി സഹദേവന്റെ നിര്യാണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് കണ്ണൂര്‍ ടൗണില്‍ പാര്‍ട്ടി നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറു മുതല്‍ വൈകിട്ട് നാലു വരെയായിരിക്കും ഹര്‍ത്താല്‍.
ഹോട്ടലുകള്‍, വാഹനങ്ങള്‍, മറ്റ് അവശ്യ സര്‍വീസുകള്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കും. ഹര്‍ത്താലുമായി സഹകരിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് അഭ്യര്‍ത്ഥിച്ചു. നാളെ രാവിലെ ഒമ്പത് മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തിലെയും, വൈകുന്നേരം മൂന്ന് മുതല്‍ സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിലെയും പൊതുദര്‍ശനത്തിന് ശേഷം നാലു മണിക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.
പത്തനംതിട്ടയില്‍ പ്രതിഷേധ ഹര്‍ത്താല്‍
പരിസ്ഥിതിലോല മേഖലയില്‍ നിന്ന് ഏഴു വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് പത്തനംതിട്ട ജില്ലയിലെ വിവിധയിടങ്ങളില്‍ നാളെ പ്രതിഷേധ ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശേരിക്കര, പെരുനാട്, കൊല്ലമുള വില്ലേജുകളില്‍ ഹര്‍ത്താല്‍ നടത്തും.
ഹര്‍ത്താല്‍ മലയോര ജനതയുടെ ഒറ്റക്കെട്ടായ പ്രതിഷേധമാക്കി മാറ്റണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അഭ്യര്‍ത്ഥിച്ചു. ഏഴാമത് റീ നോട്ടിഫിക്കേഷനില്‍ വൈകാതെ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ഉറപ്പാണെന്നും, അത് വന്നാല്‍ ഈ ഏഴ് വില്ലേജുകള്‍ക്കാണ് ബാധകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ വില്ലേജുകളെ പരിസ്ഥിതി ലോല മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിയമപരമായി 75,000 അപ്പീലുകള്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കിയിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രധാനമന്ത്രിയെയും, മറ്റ് മന്ത്രിമാരെയും കണ്ട് ഈ വിഷയത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ തയ്യാറാകണം. ജനവാസ മേഖലകളെ പൂര്‍ണമായി ഒഴിവാക്കാനാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും, ഇതുമായി ബന്ധപ്പെട്ടുള്ള പ്രചാരണ ജാഥകള്‍ പുരോഗമിക്കുകയാണെന്നും രാജു എബ്രഹാം പറഞ്ഞു.
English Summary
CPM has called for a hartal in parts of Kerala on Saturday, October 24. In Kannur Town, the hartal will run from 6 AM to 4 PM to honor the late leader KP Sahadevan. In seven villages of Pathanamthitta, a 6 AM to 6 PM strike is called against Eco-Sensitive Zone norms. Essential services, hotels, and vehicles are exempted from the hartal.