AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Pinarayi Vijayan ED Raid: പിണറായിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുന്നില്‍ സംഘര്‍ഷം; പരിശോധന പൂര്‍ത്തിയായി

ED raid at opposition leader Pinarayi Vijayan's residences: മാസപ്പടിക്കേസില്‍ പിണറായി വിജയന്റെ തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലെ വസതിയിലെ ഇഡി റെയ്ഡും പൂര്‍ത്തിയായി. പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും നടത്തിയ പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു.

Pinarayi Vijayan ED Raid: പിണറായിയുടെ തിരുവനന്തപുരത്തെ വസതിക്ക് മുന്നില്‍ സംഘര്‍ഷം; പരിശോധന പൂര്‍ത്തിയായി
സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം Image Credit source: facebook.com/CPIMKeralam.Official
Jayadevan AM
Jayadevan AM | Updated On: 27 May 2026 | 02:54 PM

തിരുവനന്തപുരം/കണ്ണൂര്‍/കോഴിക്കോട്: മാസപ്പടിക്കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷനിലെ വസതിയിലെ ഇഡി റെയ്ഡും പൂര്‍ത്തിയായി. പിണറായി വിജയന്റെ കണ്ണൂരിലെ വസതിയിലും, പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും നടത്തിയ പരിശോധന നേരത്തെ പൂര്‍ത്തിയായിരുന്നു. കോഴിക്കോട് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രദേശത്ത് സംഘര്‍ഷം ഉടലെടുത്തു. തിരുവനന്തപുരത്തെ പിണറായിയുടെ വസതിക്ക് മുന്നിലും സംഘര്‍ഷമുണ്ടായി. ഇഡി ഉദ്യോഗസ്ഥരുടെ കാറിന്റെ ചില്ല് തകര്‍ത്തു. നേതാക്കള്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. റെയ്ഡ് എട്ടു മണിക്കൂറോളം നീണ്ടു.

തിരുവനന്തപുരത്ത് ഉദ്യോഗസ്ഥര്‍ക്കു നേരെ പ്രവര്‍ത്തകര്‍ കുപ്പിയും ചെരുപ്പും വലിച്ചെറിഞ്ഞു. പൊലീസുമായി ഉന്തും തള്ളുമുണ്ടായി. കണ്ണൂരിലും ഉദ്യോഗസ്ഥരെ കൂകിവിളിച്ചു. പരിശോധന പൂര്‍ത്തിയായെങ്കിലും, കണ്ണൂരില്‍ ഉദ്യോഗസ്ഥര്‍ വീടിന് പുറത്തിറങ്ങിയിട്ടില്ല. പ്രവര്‍ത്തകര്‍ പോയതിന് ശേഷം മാത്രമേ ഉദ്യോഗസ്ഥര്‍ മടങ്ങൂവെന്നാണ് സൂചന.

റെയ്ഡില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന്‌ സിപിഎം നേതാക്കള്‍ പറഞ്ഞത് പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് വരവേറ്റത്. കണ്ണൂരിലെ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ലെന്നാണ് ഇഡിയും നല്‍കുന്ന സൂചന. കെയര്‍ടേക്കര്‍ മാത്രമാണ് പിണറായിയുടെ വസതിയിലുണ്ടായിരുന്നത്.

‘കേന്ദ്രസര്‍ക്കാര്‍ തെമ്മാടികളെ’ എന്നു വിളിച്ചായിരുന്നു കണ്ണൂരില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയത്. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള സംയുക്ത ഓപ്പറേഷനാണ് ഈ റെയ്‌ഡെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഇഡി ഉദ്യോഗസ്ഥര്‍ ഒന്നും പറഞ്ഞില്ല. വാര്‍ത്താക്കുറിപ്പില്‍ എല്ലാം അറിയിക്കുമെന്ന് മാത്രമായിരുന്നു പ്രതികരണം.

രാഷ്ട്രീയ പകപോക്കലെന്ന് സിപിഎം

ഇഡിയുടെ റെയ്ഡ് രാഷ്ട്രീയ പകപോക്കലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പിണറായിയെയും, സിപിഎമ്മിനെയും ദുര്‍ബലപ്പെടുത്താനാകില്ലെന്നും ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വന്‍ പ്രതിഷേധത്തിനാണ് സിപിഎം ആഹ്വാനം ചെയ്തത്. സമാധാനപരമായി പ്രതിഷേധിക്കുമെന്നാണ് പ്രഖ്യാപനം. എല്ലാ ബ്രാഞ്ച് തലത്തിലും രാത്രി പന്തംകൊളുത്തി പ്രതിഷേധം നടത്തും. സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും.

ഗോവിന്ദന്‍ പറഞ്ഞത്‌

പിണറായി വിജയന്‍, മരുമകന്‍ മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളടക്കം 12 ഇടത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. രാവിലെ മുതല്‍ പരിശോധന ആരംഭിച്ചു. സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ ആലുവയിലെ വസതിയിലും പരിശോധന നടന്നു. കേരളത്തില്‍ പത്തിടത്തും, സംസ്ഥാനത്തിനു പുറത്ത് രണ്ടിടങ്ങളിലുമാണ് പരിശോധന. കണ്ണൂരില്‍ രാവിലെ ആറു മണിയോടെയാണ് ഇഡി സംഘമെത്തിയത്.

വീണയുടെ മൊഴിയെടുത്തു

പിണറായിയുടെ മകള്‍ വീണയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. വസതിക്ക് പുറത്തെ സംഘര്‍ഷസാഹചര്യം പൊലീസ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ സുരക്ഷ ഒരുക്കണമെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ഡിജിപിയുമായും ഇഡി ഉദ്യോഗസ്ഥര്‍ സംസാരിച്ചു.

റെയ്ഡ് എന്തിന്?

സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസിയുടെ ഈ നിർണായക നീക്കം. കേസിൽ ഇഡി അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വന്ന് തൊട്ടടുത്ത ദിവസമാണ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന ആരംഭിച്ചത്.

ഇന്നലെ രാവിലെയാണ് ഇഡി അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധി തള്ളിയത്. രണ്ട് ദിവസത്തെ അവധിക്ക് ശേഷം മാത്രമേ ഹര്‍ജിക്കാര്‍ക്ക് സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കാനാകൂ. ഈ സമയമാണ് ഇഡി മുതലാക്കിയത്.

English Summary

The ED conducted surprise raids at Opposition Leader Pinarayi Vijayan’s residences. Searches were completed at his houses in Kannur and Kozhikode. Massive CPM protests triggered clashes with police in Thiruvananthapuram. The CPM has announced statewide torchlight protests against the action.

Follow Us