Kerala Rain Alert : തിരുവനന്തപുരത്തും ഇടുക്കിയിലും കനത്ത മഴ; അടിമാലി-മൂന്നാർ റൂട്ട് അടച്ചു
Idukki Thiruvananthapuram Districts Heavy Rain And Dam Alert : ഇടുക്കി ജില്ലയിലെ കല്ലാർ ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്നു. ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തിരുവനന്തപുരത്ത് വിതുരയിലും പൊന്‍മുടി മേഖലയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വിതുരയിൽ വീടുകളിൽ വെള്ളം കയറുകയും ചെയ്തു.
തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരക്കെ മഴ. തിരുവനന്തപുരത്തും മലയോര ജില്ലയായ ഇടുക്കിയിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വരും മണിക്കൂറുകളിൽ തിരുവനന്തപുരത്ത് മഴ കനക്കാനുള്ള സാഹചര്യം പരിഗണിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിൻ്റെ മലയോര മേഖലയായ വിതുരയിലും പൊന്മുടിയിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയിൽ വാമനപുര നദിയിൽ ജലനിരപ്പ് ഉയർന്നു. വിതുരയിൽ പല വീടുകളിലും വെള്ളം കയറി. പൊടിയകാല ഊര് ഒറ്റപ്പെട്ടതായി റിപ്പോർട്ട്.
ഇടുക്കിയുടെ മലയോര മേഖലയിലും അതിശക്തമായ മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. മഴ കനക്കുന്നതോടെ കല്ലാർ ഡാമിൻ്റെ ജലനിരപ്പ് ഉയരുകയും അണക്കെട്ടിൻ്റെ നാല് ഷട്ടറുകൾ 20 സെൻ്റീമീറ്റർ വീതം ഉയർത്തുകയും ചെയ്തു. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടർച്ചയായി പെയ്യുന്നതിനാൽ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ജലനിരപ്പ് നിലവിൽ 821 മീറ്ററാണ്, 824.48 മീറ്ററാണ് കല്ലാർ ഡാമിൻ്റെ പരമാവധി ജലനിരപ്പ്. ഡാമിലെ വെള്ളം ഒഴുക്കി വിടുന്നതിനാൽ ചിന്നാർ, കല്ലാർ പുഴകളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
അടിമാല-മൂന്നാർ പാതയിൽ പാറ വീണു
കനത്ത മഴയെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ അടിമാലി മൂന്നാർ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു. അടിമാലി-മൂന്നാർ റൂട്ടിൽ രണ്ടാം മൈലിൽ വലിയ പാറ വീണതിനെ തുടർന്ന് ഇതുവഴിയുള്ള യാത്രയ്ക്ക് നിരോധമേർപ്പെടുത്തിയിരിക്കുന്നത്. സുരക്ഷ ഉറപ്പാക്കുന്നത് വരെ ഇതുവഴിയുള്ള യാത്രയ്ക്ക് വിലക്ക് തുടരുമെന്ന് ഇടുക്കി ജില്ല കലക്ടർ അറിയിച്ചു.