K Sudhakaran: കെ സുധാകരന് വഴങ്ങി കോൺഗ്രസ് നേതൃത്വം; കണ്ണൂരിൽ മത്സരിക്കും
K Sudhakaran Candidate in Kannur: തന്റെ ആഗ്രഹം പോലെ തന്നെ കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് തൽക്കാലത്തേക്ക് വാർത്താ സമ്മേളനം വേണ്ട എന്ന ഹൈക്കമാന്റിന്റെ ആവശ്യം കെ സുധാകരൻ അംഗീകരിച്ചതായും റിപ്പോർട്ട്.ഇടഞ്ഞു നിൽക്കുന്ന സുധാകരനെ പലവിധേന മയപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും ഒടുവിൽ അദ്ദേഹത്തിന് മുന്നിൽ നേതൃത്വം വഴങ്ങി കൊടുക്കുകയായിരുന്നു....

K Sudhakaran
ഒടുവിൽ കെ സുധാകരന് മുന്നിൽ മുട്ട് മടക്കി കോൺഗ്രസ് നേതൃത്വം. കെ സുധാകരനും അടൂർ പ്രകാശിനും സീറ്റ് നൽകുന്നത് പരിഗണനയിൽ എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്. തന്റെ ആഗ്രഹം പോലെ തന്നെ കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കുമെന്നാണ് സൂചന. എന്നാൽ ഇത് സംബന്ധിച്ച് തൽക്കാലത്തേക്ക് വാർത്താ സമ്മേളനം വേണ്ട എന്ന ഹൈക്കമാന്റിന്റെ ആവശ്യം കെ സുധാകരൻ അംഗീകരിച്ചതായും റിപ്പോർട്ട്.
കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു എന്നാണ് 24 റിപ്പോർട്ട് ചെയ്യുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പ്രോട്ടോകോൾ ഓഫീസർക്ക് അപേക്ഷ നൽകിയതായും റിപ്പോർട്ട്. ഇതോടെ അടൂർ പ്രകാശവും മത്സരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായാണ് വിവരം.
ALSO READ:കെ. സുധാകരന്‍ കടുത്ത നിലപാടിലേക്കോ? ഇന്ന് വാര്‍ത്താ സമ്മേളനം; കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക ഉടന്‍
2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ട എന്നായിരുന്നു ഹൈക്കമാൻഡ് ആദ്യം തീരുമാനിച്ചിരുന്നത് . എന്നാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ കണ്ണൂരിൽ മത്സരിക്കണമെന്ന അതിയായ ആഗ്രഹം കെ സുധാകരൻ പലവിധേന തുറന്നു പറഞ്ഞിരുന്നു. തന്റെ സോഷ്യൽ മീഡിയയിൽ അടക്കം തനിക്ക് കണ്ണൂരുമായുള്ള ആത്മബന്ധത്തെക്കുറിച്ച് കെ സുധാകരൻ വികാരഭരിതമായ കുറിപ്പ് പങ്കുവെച്ചിരുന്നു.
ഇടഞ്ഞു നിൽക്കുന്ന സുധാകരനെ പലവിധേന മയപ്പെടുത്തുവാൻ ശ്രമിച്ചെങ്കിലും ഒടുവിൽ അദ്ദേഹത്തിന് മുന്നിൽ നേതൃത്വം വഴങ്ങി കൊടുക്കുകയായിരുന്നു. മാത്രമല്ല കോന്നിയും കണ്ണൂരും ഒഴിച്ചുകൊണ്ടായിരുന്നു കോൺഗ്രസ് ഇന്നലെ ആദ്യത്തെ പട്ടിക പുറത്തിറക്കിയത്. തർക്കം കടുത്തതോടെ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേക്ക് നീട്ടി. അതേസമയം കണ്ണൂരും കോന്നിയും ഉൾപ്പെടുത്തി കൊണ്ടുള്ള രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് കോൺഗ്രസ് പുറത്തിറക്കിയേക്കും എന്നാണ് സൂചന.