K Sudhakaran: കെ. സുധാകരന്‍ കടുത്ത നിലപാടിലേക്കോ? ഇന്ന് വാര്‍ത്താ സമ്മേളനം; കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക ഉടന്‍
K Sudhakaran's press conference on March 18th: കെ സുധാകരന്‍ ഇന്ന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ കടുത്ത നിലപാട് സ്വീകരിക്കുമോയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത്. അനുനയ നീക്കങ്ങളും ശക്തമാണ്.
തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി ഉയര്‍ത്തി കെപിസിസി മുന്‍ അധ്യക്ഷന്‍ കെ. സുധാകരന്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കണ്ണൂര്‍ സീറ്റ് കിട്ടിയേ തീരൂവെന്ന ഉറച്ച നിലപാടില്‍ നിന്ന് സുധാകരന്‍ അയഞ്ഞിട്ടില്ല. തര്‍ക്ക മണ്ഡലമായ കണ്ണൂര്‍ അടക്കം ചില സീറ്റുകള്‍ ഒഴിവാക്കിയാണ് കോണ്‍ഗ്രസ് ആദ്യ ഘട്ട പട്ടിക പുറത്തുവിട്ടത്. എംപിമാര്‍ മത്സരിക്കേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തോട് ഹൈക്കമാന്‍ഡിനും യോജിപ്പാണ്.
സുധാകരനെ അനുനയിപ്പിക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും ഇതുവരെ സാധിച്ചില്ല. ഇന്ന് ഡല്‍ഹിയില്‍ സുധാകരന്‍ മാധ്യമങ്ങളെ കാണുമെന്നാണ് വിവരം. അതൃപ്തനായ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമോയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ഉറ്റുനോക്കുന്നത്. സുധാകരനെ വീണ്ടും അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നേതൃത്വം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
അതൃപ്തി അറിയിച്ച് സുധാകരന്‍
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ചില എംപിമാരും സുധാകരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തന്റെ അതൃപ്തി ചെന്നിത്തല അടക്കമുള്ളവരെ സുധാകരന്‍ അറിയിച്ചു. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് സുധാകരന്റെ നിലപാട്. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, അദ്ദേഹവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും, രാഹുല്‍ ഗാന്ധിയും സംസാരിക്കുമെന്നാണ് വിവരം.




Also Read: Kerala Assembly Election 2026: ഹാവൂ അങ്ങനെയെത്തി! സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ ഭാഗമാക്കുന്നില്ലെന്നും സുധാകരന്‍ പരാതി ഉന്നയിച്ചിട്ടുണ്ട്. ചര്‍ച്ച അനാവശ്യമായി നീട്ടി അപമാനിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു പരാതി. സുധാകരന്‍ ഇന്ന് വാര്‍ത്താസമ്മേളനം നടത്തുമെങ്കിലും, പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന കടുത്ത നിലപാടുകള്‍ അദ്ദേഹം സ്വീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് നേതൃത്വം.
ഫ്ലക്സ് ബോർഡുകൾ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മത്സരിക്കുന്ന പേരാവൂരില്‍, സുധാകരന്‍ അനുകൂലികള്‍ ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. നന്ദികേട് കാണിക്കരുതെന്നും, നട്ടു നനച്ച് വളര്‍ത്തിയവനെ ഇല്ലായ്മ ചെയ്താല്‍ തിരിച്ചടി നേരിടുമെന്നും ബോര്‍ഡില്‍ പറയുന്നു. കൊട്ടിയൂര്‍ മേഖലയിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. സുധാകരനെ മത്സരിപ്പിച്ചില്ലെങ്കില്‍, സണ്ണി ജോസഫിനായി പ്രവര്‍ത്തിക്കില്ലെന്ന നിലപാടുമായി പ്രാദേശിക വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും നേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്.
അതേസമയം, സുധാകരന് പിന്തുണയുമായി പന്തംകൊളുത്തി പ്രകടനവും നടന്നു. ‘കണ്ണേ, കരളേ കെഎസേ’ എന്ന മുദ്രാവാക്യം വിളിച്ചാണ് സുധാകരന്‍ അനുകൂലികള്‍ കണ്ണൂരില്‍ പ്രകടനം നടത്തിയത്. ഡിസിസി പരിസരത്താണ് പ്രതിഷേധ പ്രകടനം നടത്തിയത്.
രണ്ടാം ഘട്ട പട്ടിക ഇന്ന്?
കോണ്‍ഗ്രസിന്റെ രണ്ടാം ഘട്ട പട്ടിക ഇന്ന് പുറത്തുവിടുമെന്നാണ് സൂചന. 55 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. കണ്ണൂര്‍, കോന്നി, പെരുമ്പാവൂര്‍ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.