Kollam Constituency Election 2026: കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം മാറുമോ? കൊല്ലത്ത് ഇടത് കാറ്റ് മാറി വീശുമോ; പ്രവചനാതീതമായ പോരാട്ടഭൂമി

Kollam Assembly Election 2026: 2001ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് മാത്രമാണ് കൊല്ലത്തെ പൊതുജനങ്ങൾ പിന്തുണ നൽകിയത്. എന്നാൽ സമീപകാലത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെയും വോട്ട് വിഹിതത്തിലുണ്ടായ മാറ്റമാണ് ഇക്കുറി യുഡിഎഫിന് വലിയ ആത്മവിശ്വാസത്തോടെ ചെങ്കോട്ടയിലിറങ്ങാൻ ധൈര്യം നൽകിയത്.

Kollam Constituency Election 2026: കാൽ നൂറ്റാണ്ടിൻ്റെ ചരിത്രം മാറുമോ? കൊല്ലത്ത് ഇടത് കാറ്റ് മാറി വീശുമോ; പ്രവചനാതീതമായ പോരാട്ടഭൂമി

S Jayamohan, Bindu Krishna

Published: 

21 Mar 2026 | 11:45 AM

കൊല്ലം കണ്ടവന് ഇല്ലം വേണ്ട… കൊല്ലം നിയമസഭാ മണ്ഡലത്തിലെ രാഷ്ട്രീയ അങ്കത്തിന് തിരികൊളുത്തിക്കഴിഞ്ഞു. 2001-ന് ശേഷം ചെങ്കൊടിയല്ലാതെ മറ്റൊരു കൊടിക്കും ഇടം നൽകാത്ത കേരളത്തിലെ ഒരേയൊരു പോരാട്ടഭൂമി അതാണ് കൊല്ലം. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇടതുപക്ഷം അടക്കിവാണ കൊല്ലം മണ്ഡലം ഇത്തവണ ആർക്കൊപ്പം എന്നതാണ് കേരളക്കരയാകെ ഉറ്റുനോക്കുന്നത്. ഇടത് കാറ്റ് ഇത്തവണ മാറി വീശുമെന്ന പ്രതീക്ഷയിൽ യുഡിഎഫും, കാറ്റൊന്നു മാറിയാൽ ചെങ്കോട്ട തകർക്കാമെന്ന് ആത്മവിശ്വാസത്തിൽ എൻഡിഎയും കരുത്തുറ്റ പോരാട്ടത്തിനാണ് രം​ഗത്തിറങ്ങുന്നത്.

2001ന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് മാത്രമാണ് കൊല്ലത്തെ പൊതുജനങ്ങൾ പിന്തുണ നൽകിയത്. എന്നാൽ സമീപകാലത്തെ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെയും ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെയും വോട്ട് വിഹിതത്തിലുണ്ടായ മാറ്റമാണ് ഇക്കുറി യുഡിഎഫിന് വലിയ ആത്മവിശ്വാസത്തോടെ ചെങ്കോട്ടയിലിറങ്ങാൻ ധൈര്യം നൽകിയത്. ഇതുവരെയുള്ള വികസന നേട്ടങ്ങളും സംഘടനയുടെ ശക്തമായ ബലവും ഉപയോ​ഗിച്ച് പോരാട്ടഭൂമി വിട്ടുകൊടുക്കാതിരിക്കുക എന്നതാണ് എൽഡിഎഫിൻ്റെ ലക്ഷ്യം.

ALSO READ: തോട്ടങ്ങളും കുടിയേറ്റവും തൊഴിലാളികളുടെ രാഷ്ട്രീയവും… ഇത്തവണ ഉടുമ്പൻചോലയിലെ ഇടതുകോട്ട തകരുമോ?

‌2011ൽ യുഡിഎഫിൽ നിന്ന് എൽഡിഎഫ് കൊല്ലം മണ്ഡലം തിരിച്ചുപിടിച്ചു. കോൺഗ്രസിന്റെ കെ സി രാജനെ 8,540 വോട്ടുകൾക്ക് തോൽപ്പിച്ചുകൊണ്ടാണ് പികെ ഗുരുദാസൻ ചെങ്കൊടിപാറിച്ചത്. സജീവ രാഷ്ട്രീയം വിട്ട പി കെ ഗുരുദാസന് പകരക്കാരനായി 2016ൽ നടൻ മുകേഷിന്റെ സിനിമാ സ്റ്റൈൽ എൻട്രി. സിനിമാ പ്രേമവും പാർട്ടി വോട്ടുകളും ചേർന്നപ്പോൾ കോൺ​ഗ്രസിന്റെ സൂരജ് രവിയെ മറികടന്ന് മുകേഷ് പാട്ടുംപാടി ജയിച്ചുകയറി. എന്നാൽ, 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് മാറ്റത്തിൻ്റെ അലയൊലികൾ വീശിത്തുടങ്ങി. രണ്ടാം തവണയും പോരാട്ടത്തിനിറങ്ങിയ മുകേഷിന് കോൺ​ഗ്രസിൻ്റെ ബിന്ദു കൃഷ്ണയ്ക്ക് മുന്നിൽ അല്പം ഒന്ന് വിയർക്കേണ്ടി വന്നു.

വെറും 2,072 വോട്ടുകൾക്കാണ് മുകേഷ് ബിന്ദു കൃഷ്ണയെ തോൽപ്പിച്ചത്. ചെമ്മണ്ണിൽ ബിജെപി പിടിച്ചടക്കിയ 14,000-ൽപ്പരം വോട്ടുകൾ കേരളത്തിലാകെ ചർച്ചയായി മാറി. കേരളം മുഴുവൻ 2021ൽ എൽഡിഎഫ് തരം​ഗം ആഞ്ഞടിച്ചപ്പോൾ കൊല്ലത്ത് യുഡിഎഫിൻ്റെ കരുത്താർന്ന തിരിച്ചുവരവിനെ അന്നേ ഇടത് ഒന്ന് ഭയന്നിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിൻ്റെ കരുത്ത് എത്രത്തോളെ മ‍ണ്ഡലത്തെ സ്വാധീനിക്കുമെന്നത് കണ്ടറിയണം.

ഇക്കൊല്ലം രണ്ടും കല്പിച്ചിറങ്ങുന്ന ബിന്ദുവിന് മുന്നിലേക്ക് ഒരടിപോലും വിട്ടുകൊടുക്കാൻ മനസ്സിലാതെയാണ് സിപിഎമ്മും കച്ചമുറുക്കി ഇറങ്ങുന്നത്. കഴിഞ്ഞ 10 വർഷമായി കശുവണ്ടി വികസന കോർപ്പറേഷന്റെ ചെയർമാനായി പ്രവർത്തിക്കുന്ന, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ജയമോഹനാണ് ഇത്തവണ കൊല്ലത്ത് മാറ്റുരയ്ക്കാൻ എത്തുന്നത്. ആര് വാഴും, ആര് വീഴും, കൊല്ലം ആർക്കൊപ്പം എന്നുള്ള ചോദ്യങ്ങൾക്ക് ഏപ്രിൽ ഒമ്പതോടെ വിധിയെഴുതും.

Follow Us
മൂന്നാറിൽ വീണ്ടും പടയപ്പ പ്രശ്നക്കാരനാകുന്നു
കുറച്ച് മതി മോനെ, ലാലേട്ടൻ ബിരിയാണി ചെമ്പ് പൊട്ടിച്ചു
അല്‍പമൊന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍! സിഗ്നല്‍ തെറ്റിച്ചെത്തിയ സ്‌കൂട്ടര്‍ കാറില്‍ ഇടിച്ചപ്പോള്‍; ചെങ്ങന്നൂര്‍ ചെറിയനാടുണ്ടായ അപകടം
നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു