DA Hike: ശമ്പളം കൂട്ടി, ഡി.എ പുതുക്കി; മോട്ടോർ വാഹന തൊഴിലാളികൾക്ക് ആശ്വാസം
Motor Vehicle Workers' Salary and DA: ഡിഎ, ശമ്പളം പുതുക്കിയതിലൂടെ സ്വകാര്യ മേഖലയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ തുടങ്ങിയ പന്ത്രണ്ട് ലക്ഷത്തോളം പേർക്കാണ് ഇതിലൂടെ ഗുണം ലഭിക്കുന്നത്. പ്രമോഷൻ ലഭിക്കാത്തവർക്കായി ഹയർ ഗ്രേഡ് വ്യവസ്ഥകളും പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരമാവധി അഞ്ച് ഇൻക്രിമെന്റുകളാണ് ലഭിക്കുക.

പ്രതീകാത്മക ചിത്രം
സംസ്ഥാനത്തെ മോട്ടോർ വാഹനത്തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും വർധിപ്പിച്ചു. ഇത് സംബന്ധിച്ച് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ് ഷാനവാസന്റെ ഉത്തരവ് അസാധാരണ ഗസറ്റായി സർക്കാർ പ്രസിദ്ധപ്പെടുത്തി. 2025 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധനവ്. അഞ്ച് വർഷം പൂർത്തിയാക്കിയ തൊഴിലാളികൾക്ക് ഓരോ അഞ്ച് വർഷത്തിനും ഒരു ഇൻക്രിമെന്റ് വീതം ലഭിക്കുന്നതാണ്. പരമാവധി അഞ്ച് ഇൻക്രിമെന്റുകളാണ് ലഭിക്കുക.
ഡിഎ, ശമ്പളം പുതുക്കിയതിലൂടെ സ്വകാര്യ മേഖലയിലെ ഡ്രൈവർമാർ, കണ്ടക്ടർമാർ, ക്ലീനർമാർ തുടങ്ങിയ പന്ത്രണ്ട് ലക്ഷത്തോളം പേർക്കാണ് ഇതിലൂടെ ഗുണം ലഭിക്കുന്നത്. പ്രമോഷൻ ലഭിക്കാത്തവർക്കായി ഹയർ ഗ്രേഡ് വ്യവസ്ഥകളും പുതിയ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അടിസ്ഥാന ശമ്പള വർധനവ്
തൊഴിലാളികളുടെ വിവിധ വിഭാഗങ്ങൾക്കും തൊഴിലുടമകളുടെ കീഴിലുള്ള വാഹനങ്ങളുടെ എണ്ണത്തിനും അനുസരിച്ചാണ് അടിസ്ഥാന ശമ്പളത്തിലെ വർധനവ്. ഇരുപത്തിയഞ്ചോ, അതിൽ കുറവോ വാഹനങ്ങളുള്ള തൊഴിലുടമകളാണ് ക്ലാസ് ഒന്നിൽ ഉൾപ്പെടുന്നത്. ഇരുപത്തിയാറോ അതിൽ കൂടുതലോ വാഹനങ്ങളുള്ളവർ ക്ലാസ് രണ്ടിലും ഉൾപ്പെടുന്നു.
ALSO READ: കാലാവധി കഴിഞ്ഞിട്ട് ഒരുമാസം! സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം പ്രതീക്ഷിക്കണ്ടേ?
ക്ലാസ് ഒന്നിൽ ഉൾപ്പെടുന്ന തൊഴിലാളികൾക്ക് 26100 രൂപ മുതൽ 33950 രൂപ വരെയായാണ് ശമ്പള സ്കെയിൽ പുതുക്കിയത്. രണ്ടാം വിഭാഗത്തിൽ 26100 രൂപ മുതൽ 35300 രൂപ വരെയാണ് പുതുക്കിയത്. അടിസ്ഥാന ശമ്പളത്തിന് പുറമേ ക്ഷാമബത്തയും പുതുക്കിയിട്ടുണ്ട്. ഓരോ തൊഴിലാളിക്കും ദേശീയ ഉപഭോക്തൃ വില സൂചികയുടെ അടിസ്ഥാനത്തിൽ 75 പോയന്റുകൾക്ക് മുകളിലുള്ള ഓരോ പോയന്റിനും പ്രതിമാസം 60 രൂപ ക്ഷാമബത്ത നൽകണമെന്നാവീട്ടുവാടകയിനത്തിൽ മാസം 750 രൂപയും 250 രൂപ വാഷിങ് അലവൻസും ഉൾപ്പെടുത്തിയിട്ടുണ്ട്.
ശമ്പളം നിശ്ചയിക്കുന്നത് എങ്ങനെ?
പുതിയ സ്കെയിലിൽ ശമ്പളം നിശ്ചയിക്കുന്ന രീതിയും ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. 2025 ജനുവരി ഒന്നിന് ഒരു ഉടമയുടെയോ സംരംഭത്തിന്റെയോ കീഴിൽ ഒരു വർഷം പൂർത്തിയാക്കിയിട്ടില്ലാത്ത തൊഴിലാളിയുടെ ആദ്യശമ്പളം പരിഷ്കരിച്ച സ്കെയിലിലെ ഏറ്റവും കുറഞ്ഞ ശമ്പള സ്കെയിലിലാണ് നിജപ്പെടുത്തേണ്ടത്. 2025 ജനുവരി ഒന്നിനോ അതിന് മുമ്പോ ഉടമയുടെയോ സംരംഭത്തിന്റെയോ കീഴിൽ ഒരു തൊഴിലാളി അഞ്ചോ അതിലധികം വർഷമോ സേവനം പൂർത്തിയാക്കിയിട്ടുണ്ടെങ്കിൽ അയാൾ പൂർത്തീകരിച്ച ഓരോ അഞ്ച് വർഷ സേവനത്തിനും പരിഷ്കരിച്ച ശമ്പളസ്കെയിലിന്റെ തൊട്ടടുത്ത നിരക്കിൽ ഓരോ ഇൻക്രിമെന്റ് വീതം നൽകണമെന്നാണ് ഉത്തരവ്.
12-ാം ശമ്പള കമ്മീഷൻ എന്ന്?
പന്ത്രണ്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജീവനക്കാർ. പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ആണ് പന്ത്രണ്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൂന്ന് മാസത്തിനിടെ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കാലാവധി നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. നിലവിലെ ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്തി മറ്റ് രണ്ട് അംഗങ്ങളെ മാറ്റാൻ ധനവകുപ്പ് ആലോചിക്കുന്നുണ്ടെന്നും ബജറ്റിന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ബജറ്റിൽ ശമ്പള പരിഷ്കരണത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തതിനാൽ, ജീവനക്കാർ ഇനിയെന്ത് എന്ന ആശങ്കയിലാണ്.
English Summary:
Kerala government has revised the wages and allowances of motor transport workers, benefiting more than 1.2 million private-sector employees. revised pay scales will be implemented retrospectively from January 1, 2025.