12th Pay Commission: കാലാവധി കഴിഞ്ഞിട്ട് ഒരുമാസം! സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം പ്രതീക്ഷിക്കണ്ടേ?
12th Pay Commission Updates: പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ആണ് പന്ത്രണ്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു.
സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പുതുക്കി നിശ്ചയിക്കുന്ന ശമ്പളപരിഷ്കരണ കമ്മീഷന്റെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ്. ഇത്തരത്തിൽ പത്ത് വർഷം കൂടുമ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും അഞ്ച് വർഷം കൂടുമ്പോൾ സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ശമ്പളം പരിഷ്കരിക്കുന്നു. നിലവിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വേണ്ടിയുള്ള എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. പന്ത്രണ്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ ലക്ഷക്കണക്കിന് ജീവനക്കാർ.
പന്ത്രണ്ടാം ശമ്പള പരിഷ്കരണം
പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റിൽ മുൻ ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ ആണ് പന്ത്രണ്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മാർച്ച് 25 മുതൽ നിയമസഭാ സെക്രട്ടറിയേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ചു. മുൻ ചീഫ് സെക്രട്ടറി ഡോ വിപി ജോയ് ഐഎഎസ് ചെയർമാനായ പന്ത്രണ്ടാം ശമ്പള കമ്മീഷനിൽ ശോഭ വിആർ ആണ് സെക്രട്ടറി. അഡ്വക്കേറ്റ് എം രാജഗോപാലൻ നായർ, ശ്രീലത സുകുമാരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മിഷന്റെ സുഗമമായ നടത്തിപ്പിനായി ധനകാര്യ വകുപ്പിൽ നിന്ന് 12 ജീവനക്കാരെയും വിവിധ ഉത്തരവുകൾ പ്രകാരം നിയമിച്ചിരുന്നു.
ALSO READ: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി പഴയ പെൻഷൻ ലഭിക്കും!
വിവിധ സർക്കാർ വകുപ്പുകൾ, സർവീസ് സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായുള്ള പ്രൊഫോമ തയ്യാറാക്കുകയും ചെയ്തു. എന്നാൽ, ശുപാർശ സമർപ്പിക്കാനുള്ള കാലാവധി കഴിഞ്ഞ് ഒരു മാസമായിട്ടും ശമ്പള പരിഷ്കരണം പ്രാബല്യത്തിൽ വരികയോ മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുകയോ ചെയ്തിട്ടില്ല.
ഇനിയും കാത്തിരിക്കണ്ടേ?
മുഖ്യമന്ത്രിയും ധനകാര്യവകുപ്പ് കൈകാര്യവും ചെയ്യുന്ന വിഡി സതീശന്റെ ആദ്യ ബജറ്റിൽ ശമ്പള പരിഷ്കരണം സംബന്ധിച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ജീവനക്കാർ. എന്നാൽ, ബജറ്റിൽ അതുണ്ടായില്ല. കമ്മീഷനിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്ന് സൂചന ഉണ്ടായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ അവസാന മാസങ്ങളിലാണ് പന്ത്രണ്ടാം ശമ്പളകമ്മീഷൻ രൂപീകരിച്ചത്. ശുപാർശ സമർപ്പിക്കാൻ മൂന്ന് മാസത്തെ കാലാവധിയും നൽകി. എന്നാൽ മൂന്ന് മാസത്തിനിടെ കാര്യമായ പ്രവർത്തനങ്ങൾ നടന്നിട്ടില്ല. കാലാവധി നീട്ടണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടെങ്കിലും സർക്കാർ തീരുമാനമെടുത്തിട്ടില്ല. നിലവിലെ ചെയർമാൻ ഡോ. വിപി ജോയിയെ നിലനിർത്തി മറ്റ് രണ്ട് അംഗങ്ങളെ മാറ്റാൻ ധനവകുപ്പ് ആലോചിക്കുന്നുണ്ടെന്നും ബജറ്റിന് മുമ്പ് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ബജറ്റിൽ ശമ്പള പരിഷ്കരണത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ ഉണ്ടാകാത്തതിനാൽ, ജീവനക്കാർ ഇനിയെന്ത് എന്ന ആശങ്കയിലാണ്.
ശമ്പളം എങ്ങനെ?
നിലവിൽ പതിനൊന്നാം ശമ്പളകമ്മീഷൻ പ്രകാരമാണ് ജീവനക്കാർക്ക് ശമ്പളം നൽകുന്നത്. ഇതിനനുസരിച്ച് എസ് 1 അതായത്, ഏറ്റവും താഴ്ന്ന ലെവലിലുള്ള ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23000 രൂപയാണ്. ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാരുടെ അടിസ്ഥാനശമ്പളം 129300 രൂപയുമാണ്. എസ് 1 മുതൽ എസ് 5 വരെയുള്ള ജീവനക്കാർക്ക് 700, 800, 900 എന്നിങ്ങനെയാണ് ഇൻക്രിമെന്റ്. എസ് 6 ജീവനക്കാർക്ക് 800, 900 എന്നിങ്ങനെയും ഏറ്റവും ഉയർന്ന തസ്തികയിലുള്ള ജീവനക്കാർക്ക് 2800, 3100, 3400 രൂപയായും ഇൻക്രിമെന്റ് കണക്കാക്കുന്നു.
English Summary:
State government employees had expected an announcement on pay revision in the first budget presented by V.D. Satheesan, but no such declaration was made. There were indications that the government might consider restructuring the Pay Commission.