Kerala Legislative Assembly Session 2026: ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട്, മൂന്ന് ദിവസം ആർത്തവ അവധി; നയപ്രഖ്യാപനം നടത്തി ഗവർണർ
Highlights of Governor Rajendra Arlekar's Speech : ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസം, കാർഷികം, ആധുനിക സാങ്കേതിക വിദ്യ തുടങ്ങി എല്ലാ മേഖകൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ഏഴുപത് മിനിറ്റ് നീണ്ടുനിന്ന നയപ്രഖ്യാപനം ഗവർണർ അവതരിപ്പിച്ചത്.
തിരുവനന്തപുരം: പതിനാറാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. ഗവർണർ ആർ.വി ആർലേക്കറിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളാണ് നയപ്രഖ്യാരനത്തിലുള്ളത്. ഇന്ദിര ഗ്യാരണ്ടിയുമായി മുന്നോട്ട് പോകുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസം, കാർഷികം, ആധുനിക സാങ്കേതിക വിദ്യ തുടങ്ങി എല്ലാ മേഖകൾക്കും പ്രാധാന്യം നൽകി കൊണ്ടാണ് ഏഴുപത് മിനിറ്റ് നീണ്ടുനിന്ന നയപ്രഖ്യാപനം ഗവർണർ അവതരിപ്പിച്ചത്.
യു.ഡി.എഫ് സർക്കാരിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. അതിൻപ്രകാരം, ബസുകളിൽ സൗജന്യ യാത്ര സ്ഥിരമായ അവകാശമാക്കി മാറ്റുകയും കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകുകയും ചെയ്യുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.
ആരോഗ്യ ഇൻഷുറൻസ്
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള സൌജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം ഒരു കുടുംബത്തിന് 25 ലക്ഷം എന്ന കണക്കിൽ കവറേജ് നൽകും. സ്വകാര്യ ആശുപത്രികളിലെ വിലകൂടിയ പരിശോധനകളും ഐസിയു സൗകര്യങ്ങളും കാൻസർ ചികിത്സയും ഉൾപ്പെടെ ഈ ഒറ്റ പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതി എങ്ങനെ, എന്ന് മുതൽ നടപ്പിലാക്കുമെന്ന് നയപ്രഖ്യാപനത്തിൽ വ്യക്തമാക്കിയിട്ടില്ല. കാരുണ്യ പദ്ധതി പരിഷ്കരിച്ച് നടപ്പിലാക്കുകയാണോ അതോ മറ്റ് സർക്കാർ ഇൻഷുറൻസ് പദ്ധതികളെ സംയോജിപ്പിച്ചാണോ നടപ്പിലാക്കുക എന്നുള്ളത് തുടർന്നുള്ള ദിവസങ്ങളിലെ വ്യക്തമാകൂ.
ALSO READ: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷാ വീഴ്ച; അടിയന്തര യോഗം ഇന്ന്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ത്രീസൗഹൃദം
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ സ്ത്രീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ ‘പ്രോജക്ട് മെൻസ്ട്രൽ ഡിഗ്നിറ്റി’ സർക്കാർ പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥിനികൾക്ക് മാസം മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകും. ആർത്തവ അവധി എടുക്കുന്ന കുട്ടികൾ പഠനത്തിൽ പിന്നോക്കം പോകാതിരിക്കാൻ വാരാന്ത്യങ്ങളിൽ പ്രത്യേക ‘ക്യാച്ച്-അപ്പ് ക്ലാസുകൾ’ ഉറപ്പാക്കുന്നതാണ്.
തൊഴിലിടങ്ങളിൽ പ്രസവാവധി
അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആറ് മാസത്തെ പ്രസവാവധി ഉറപ്പാക്കുമെന്നും, ജോലിസ്ഥലങ്ങളിൽ തുല്യവേതനം നടപ്പിലാക്കുമെന്നും സർക്കാർ. 50-ൽ കൂടുതൽ സ്ത്രീ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങളിലും ഡേ-കെയർ സെന്ററുകളും ക്രഷുകളും നിർബന്ധമാക്കും. ഇന്ത്യയിലെ ആദ്യത്തെ ‘അനാഥരഹിത സംസ്ഥാനമാക്കി’ മാറ്റാനുള്ള ബൃഹത്തായ പദ്ധതിയും സർക്കാർ നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിഷൻ മോഡ് ദത്തെടുക്കൽ കാമ്പെയ്‌നുകളും പരിശീലനം ലഭിച്ച ഫോസ്റ്റർ കുടുംബങ്ങളുടെ ശൃംഖലയും രൂപീകരിക്കും.
English Summary:
First session of the 16th Legislative Assembly began with Governor R. V. Arlekar delivering the policy address. The address outlined various welfare and development initiatives of the state government and reaffirmed its commitment to moving forward with the Indira Guarantee schemes.