Kerala Rain Alert: വരുന്നുണ്ട് പെരുമഴ! എല്ലാ ജില്ലകളിലും ജാഗ്രത മുന്നറിയിപ്പ്; നാലിടത്ത് ഓറഞ്ച് അലര്ട്ട്
Kerala Rain Alert Today 15 Oct 2026: കേരളത്തില് വ്യാപക മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. മറ്റ് 10 ജില്ലകളിലും യെല്ലോ അലര്ട്ടാണ്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ടാണ്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് (ഒക്ടോബര് 15) ഉച്ചകഴിഞ്ഞ് വ്യാപക മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചു. മറ്റ് 10 ജില്ലകളിലും യെല്ലോ അലര്ട്ടാണ്. ഓറഞ്ച് അലര്ട്ടുള്ള ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് അതിശക്തമായ മഴയ്ക്കും (24 മണിക്കൂറില് 115.6 മില്ലിമീറ്റര്-204.4 മില്ലിമീറ്റര് വരെ), യെല്ലോ അലര്ട്ടുള്ള ജില്ലകളില് ശക്തമായ മഴയ്ക്കും (64.5 മില്ലിമീറ്റര്-115.5 മില്ലിമീറ്റര് വരെ) സാധ്യതയുണ്ട്. നാളെ എല്ലാ ജില്ലകളിലും യെല്ലോ അലര്ട്ടാണ്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില് മാത്രമാണ് യെല്ലോ അലര്ട്ട്. മറ്റ് ജില്ലകളില് ഗ്രീന് അലര്ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒക്ടോബര് 18-ന് കോഴിക്കോട്, വയനാട്, കണ്ണൂര് ജില്ലകളിലും, 19-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്, കാസര്കോട് ജില്ലകളിലും യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചു. ഒക്ടോബര് 19 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്നും നാളെയും മണിക്കൂറില് 40-50 കിലോമീറ്റര് വേഗതയിലും, 17 മുതല് 19 വരെ 30-40 കി.മീ വേഗതയിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ജാഗ്രത പാലിക്കാം
ഉരുള്പൊട്ടല്, മലവെള്ളപ്പാച്ചില്, മണ്ണിടിച്ചില് സാധ്യതയുള്ള സ്ഥലങ്ങളില് താമസിക്കുന്നവര് അധികൃതര് നിര്ദ്ദേശിക്കുന്നതുപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണം. പുഴയുടെ കരകള്, ഡാമുകളുടെ കീഴ്പ്രദേശങ്ങളില് എന്നീ പ്രദേശങ്ങളില് താമസിക്കുന്നവരും ഇത്തരത്തില് ജാഗ്രത പാലിക്കണം. ദുരന്തസാധ്യത പ്രദേശങ്ങളില് താമസിക്കുന്ന ജനങ്ങള് ക്യാമ്പുകളിലേക്ക് പകല് സമയത്ത് തന്നെ മാറേണ്ടതാണ്.
ശക്തമായ കാറ്റ് വീശിയേക്കാമെന്നതിനാല് അടച്ചുറപ്പില്ലാത്തതും, മേല്ക്കൂര ശക്തമല്ലാത്തതുമായ വീടുകളില് കഴിയുന്നവരും ജാഗ്രത പാലിക്കണം. മഴ ശക്തമാകുന്ന സാഹചര്യത്തില് ജലാശയങ്ങളില് ഇറങ്ങരുത്. ജലാശയങ്ങളോട് ചേര്ന്നുള്ള റോഡുകളിലൂടെയുള്ള യാത്രകളിലും ജാഗ്രത പാലിക്കണം.
Also Read: Kerala Weather Update: സംസ്ഥാനത്ത് ഇന്ന് തകർപ്പൻ മഴ; ഈ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ
ഇടിമിന്നലിന്റെ ലക്ഷണം കാണുമ്പോള് സുരക്ഷിത കെട്ടിടങ്ങളിലേക്ക് മാറണം. ഇത്തരം സമയങ്ങളില് തുറസായ സ്ഥലങ്ങളില് തുടരുന്നത് അപകടസാധ്യത വര്ധിപ്പിക്കുന്നു. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളപ്പോള് വാതിലും ജനലും അടച്ചിടണം. അതുപോലെ, ഇത്തരം സമയങ്ങളില് വാതിലിനും ജനലിനും അടുത്ത് നില്ക്കാതിരിക്കാനും ശ്രദ്ധിക്കുക. മിന്നലുള്ളപ്പോള് ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.
സൈറണുകള് മുഴങ്ങും
ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില് ഇന്ന് വൈകുന്നേരം നാലിനും 4.30-നും ഇടയിലായി മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സൈറണുകള് മുഴങ്ങും.
English Summary
The IMD has issued a 5-day rainfall forecast for Kerala. An orange alert is active today, October 15, 2026, across four districts. Pathanamthitta, Kottayam, Idukki, and Ernakulam expect isolated heavy to very heavy rains. Yellow alerts remain in place for all remaining districts across the state.