Kerala Weather Update: ഇടിമിന്നലോട് കൂടിയ കനത്ത മഴ വരുന്നു, ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…
Kerala Rain Alert Today: ഇന്ന് മുതൽ ഇടവേളകളോടെ കൂടെയുള്ള മഴയാണ്. വടക്കൻ ജില്ലകളിൽ രാവിലെ മഴ വിട്ടു നിന്നെങ്കിലും ഉച്ചയോടെ തിരികെ എത്തും. കടലിൽ മേഘരൂപീകരണം കുറയുന്നതാണ് തുടർച്ചയായ മഴയ്ക്ക് തടസ്സമാകുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. കേരളത്തിന് മുകളിൽ കാലവർഷ കാറ്റ് ശക്തമായി നിലനിൽക്കുന്നു.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് വൈകുന്നേരത്തിനുള്ളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ നേരിയ അല്ലെങ്കിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മുതൽ ഇടവേളകളോടു കൂടിയ മഴയാണ്. വടക്കൻ ജില്ലകളിൽ രാവിലെ മഴ വിട്ടു നിന്നെങ്കിലും ഉച്ചയോടെ തിരികെ എത്തും. കടലിൽ മേഘരൂപീകരണം കുറയുന്നതാണ് തുടർച്ചയായ മഴയ്ക്ക് തടസ്സമാകുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. കേരളത്തിന് മുകളിൽ കാലവർഷ കാറ്റ് ശക്തമായി നിലനിൽക്കുന്നു. ഗോവയ്ക്ക് സമീപം അറബിക്കടലിന് മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്. ഇതാണ് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് കാരണമെന്നും വിദഗ്ധർ അറിയിച്ചു.
കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജൂൺ 8 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റിനെ നേരിടാൻ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.
ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കേണ്ടതാണ്.
ALSO READ: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
മഴ മുന്നറിയിപ്പ്
ജൂൺ 7: ഓറഞ്ച് അലർട്ട് – തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട്
ജൂൺ 8: ഓറഞ്ച് അലർട്ട് – മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
യെല്ലോ അലർട്ട് – പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്
ഗ്രീൻ അലർട്ട് – തിരുവനന്തപുരം, പത്തനംതിട്ട
ജൂൺ 9: ഓറഞ്ച് അലർട്ട് – കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
യെല്ലോ അലർട്ട് – ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
ഗ്രീൻ അലർട്ട് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ജൂൺ 10: യെല്ലോ അലർട്ട് – കണ്ണൂർ, കാസർഗോഡ്, മറ്റ് ജില്ലകളിൽ ഗ്രീൻ അലർട്ട്
ഇടിമിന്നൽ ജാഗ്രത നിർദേശം
- ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
- ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക.
- കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
- ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം.
- അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
- ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
English Summary:
IMD has predicted heavy rain in the state in the coming hours. Light to moderate rain with thunderstorms and strong winds gusting up to 40 kmph are likely at isolated places in Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur and Kannur districts.