Kerala Weather Update: ഇന്ന് മഴപെയ്യും, തീരപ്രദേശങ്ങളിൽ കള്ളക്കടലിനും സാധ്യത
Kerala Weather Update Today: കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് പകൽ 8.30 മുതൽ 23/08/2026 പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശങ്കപ്പെടേണ്ട മഴ മുന്നറിയിപ്പുകളില്ല. എല്ലാ ജില്ലകളിലും നിലവിൽ ഗ്രീൻ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. എങ്കിലും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ-ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
അടുത്ത മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാം എന്ന് മുന്നറിയിപ്പിൽ പറയുന്നു.
23/08/2026 : കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
24/08/2026 : പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ
25/08/2026 : കോട്ടയം, ഇടുക്കി, എറണാകുളം
കള്ളക്കടൽ
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ ഇന്ന് പകൽ 8.30 മുതൽ 23/08/2026 പകൽ 8.30 വരെ 1.0 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ഇന്ന് പകൽ 8.30 മുതൽ 23/08/2026 പകൽ 5.30 വരെ 1.4 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. എന്നാൽ 23/08/2026 മുതൽ 25/08/2026 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ഈ ദിവസങ്ങളിൽ കേരളം – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു
ഇന്ന് ആഗസ്റ്റ് 22, സോമാലിയ, ഒമാൻ തീരങ്ങൾ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്കു പടിഞ്ഞാറൻ അറബിക്കടൽ, വടക്കൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുയുണ്ട്. തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റ് വീശിയേക്കാം.
വടക്കൻ ആന്ധ്രപ്രദേശ് തീരം, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും അതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
English Summary
Kerala has no major rain warnings today, with green alerts across all districts. However, yellow alerts are issued for select districts from August 23 to 25 due to expected isolated heavy rainfall. A swell wave warning is active, and fishermen are advised to avoid the sea starting tomorrow.