Kerala Weather Update: ഇന്നും അതിശക്തമായ മഴ; സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Weather Update Today: വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും ഒട്ടുമിക്ക ജില്ലകളിലും ശക്തമായ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം (Southwest Monsoon) കരതൊട്ടതിന് പിന്നാലെ പരക്കെ അതിശക്തമായ മഴയാണഅ ലഭിക്കുന്നത്. വരും മണിക്കൂറുകളിൽ മഴ കൂടുതൽ തീവ്രമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് ഇന്ന് സംസ്ഥാനത്തെ 8 ജില്ലകളിൽ ഓറഞ്ച് അലർട്ട് (Orange Alert) പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. ഇതുകൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നുണ്ട്.
വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിലും ഒട്ടുമിക്ക ജില്ലകളിലും ശക്തമായ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Also Read: കാലവർഷം എത്തി മക്കളെ…. വരും മണിക്കൂറുകളിൽ അതിശക്തമായ മഴ; ഈ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്
അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ ഉയർത്തി
ശക്തമായ മഴയെ തുടർന്ന് അരുവിക്കര ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചതിനാലും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതിനാലും ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് അരുവിക്കര ഡാമിന്റെ 3, 4 നമ്പർ ഷട്ടറുകൾ 25 സെന്റീമീറ്റർ വീതം (കഴിഞ്ഞ ദിവസം ഉയർത്തിയ 20 സെന്റിമീറ്റർ ഉൾപ്പടെ ആകെ 70 സെന്റിമീറ്റർ) തുറന്നിരിക്കുകയാണ്. ഡാമിൻ്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കാലവർഷവും ചക്രവാതച്ചുഴിയും
തെക്കു പടിഞ്ഞാറൻ കാലവർഷം ഇന്നലെയോടെ കേരളത്തിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. അതോടൊപ്പം മധ്യ-കിഴക്കൻ അറബിക്കടലിനോട് ചേർന്നുള്ള ഗോവ തീരത്തിന് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡ മുതൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ വരെ, കൊങ്കൺ-ഗോവ മേഖലയ്ക്ക് മുകളിലൂടെ സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ഒരു ന്യൂനമർദ്ദ പാത്തിയും രൂപപ്പെട്ടിരിക്കുന്നു.
തെക്കൻ തെലങ്കാനയ്ക്കും അതിനോട് ചേർന്നുള്ള തീരദേശ ആന്ധ്രാപ്രദേശ്, യാനം എന്നിവയ്ക്ക് മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു.
വടക്കൻ ആൻഡമാൻ കടലിനും അതിന്റെ സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു. ഇതിൻ്റെയെല്ലാം സ്വാധീനഫലമായി ജൂൺ 8 വരെ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്കാണ് സാധ്യത.
വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്
ഓറഞ്ച് അലർട്ട്
- ജൂൺ അഞ്ച് (വെള്ളി): എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
- ജൂൺ ആറ് (ശനി): പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
- ജൂൺ ഏഴ് (ഞായർ): തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
- ജൂൺ എട്ട് (തിങ്കൾ): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
യെല്ലോ അലർട്ട്
- ജൂൺ അഞ്ച് (വെള്ളി): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
- ജൂൺ ആറ് (ശനി): തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ
- ജൂൺ ഏഴ് (ഞായർ): തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം
- ജൂൺ എട്ട് (തിങ്കൾ): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
English Summary:
Kerala Weather Update Today On June 5th, Orange alert on 8 Districts And Yellow Alert In Six Districts. Latest Monsoon rain alerts says heavy rainfall continous in next five days.