കോഴിക്കോട് റെയിൽവേ പാളത്തിൽ ലോഹം ഉരുകിയ നിലയിൽ കണ്ടെത്തിയ സംഭവം അട്ടിമറി? അന്വേഷണം ആരംഭിച്ചു
Investigation Underway After Melted Metal Found on Kozhikode Train Tracks: അജ്ഞാതരായ ചിലർ ഭാരമുള്ള എന്തോ വസ്തു പാളത്തിന് മുകളിൽ വച്ചതായി നാട്ടുകാരിൽ ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഉറപ്പിക്കാനാകില്ല എന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ നിലപാട്. പാളത്തിന് മുകളിൽ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ വച്ചിരുന്നു എങ്കിൽ ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുമായിരുന്നു
ഫറോക്ക്: കോഴിക്കോട് റെയിൽവേ പാളത്തിൽ ലോഹവസ്തു ഉരുകിപ്പരന്ന നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച് റെയിവേ പ്രൊട്ടക്ഷൻ ഫോഴ്സ്. ചെറുവണ്ണൂരിൽ ശാാരദാമന്ദിരത്തിന് സമീപമാണ് ബുധനാഴ്ച രാവിലെ അസ്വാഭാവികമായ നിലയിൽ പാളത്തിൽ ലോഹത്തിന് സമാനമായ വസ്തു ഉരുക്കിപ്പരന്ന നിലയിൽ കണ്ടെത്തിയത്. മഗളുരു ലൈനിൽ ട്രാക്ക് പരിശോധിക്കുന്നതിനിടെ ജീവനക്കാരാണ് പത്ത് സെൻ്റീ മീറ്റർ ഭാഗത്ത് ഇരുമ്പ് കഷ്ണം ഉരുക്കിപ്പരന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് വേഗത കുറച്ചാണ് ഈ ഭാഗത്ത് കൂടി ട്രെയിനുകൾ കടന്നുപോയത്.
അജ്ഞാതരായ ചിലർ ഭാരമുള്ള എന്തോ വസ്തു പാളത്തിന് മുകളിൽ വച്ചതായി നാട്ടുകാരിൽ ചിലർ ആരോപിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ഇല്ലാത്തതിനാൽ ഉറപ്പിക്കാനാകില്ല എന്നാണ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൻ്റെ നിലപാട്. പാളത്തിന് മുകളിൽ ഏതെങ്കിലും തരത്തിലുള്ള വസ്തുക്കൾ വച്ചിരുന്നു എങ്കിൽ ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധയിൽപ്പെടുമായിരുന്നു. എന്നാൽ അത്തരത്തിലുള്ള വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. മാത്രമല്ല ഏതെങ്കിലും വസ്തുക്കൾ പാളത്തിൽ ഉണ്ടെങ്കിൽ ടെയിൻ അതിന് മുകളിലുടെ കടന്നുപോകുമ്പോൾ കുലുക്കം അനുഭവപ്പെടേണ്ടതാണ്. എന്നാൽ അത്തരം സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ആർ.പി.എഫ് പറയുന്നു. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്.
കോഴിക്കോട് ആർ.പി.എഫ് ഇൻസ്പെക്ടർ കേശവദാസിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ഥലത്ത് പ്രാഥമിക പരിശോധന നടത്തിയത്. അട്ടിമറിക്കുള്ള സാധ്യതയും അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിക്കും എന്നാണ് ആർ.പി.എസ് വ്യക്തമാക്കുന്നത്. അതേസമയം ട്രെയിനിൽ നിന്നും ബോൾട്ട് ഉൾപ്പടെയുള്ള ചെറിയ ഉരുക്ക് ഭാഗങ്ങൾ പാളത്തിലേക്ക് വീണാലും ഇങ്ങനെ സംഭവിച്ചേക്കാമെന്നും റെയിൽവേ വൃത്തങ്ങൾ പറയുന്നു. ഈ റൂൂട്ടിൽ കടന്നുപോയ ഏതെങ്കിലും ട്രെയിനിൽ ലോഹ ഭാഗങ്ങൾ വീണിട്ടുണ്ടാകാം എന്നാണ് റെയിൽവേ കരുതുന്നത്. ഇതിന് മുകളിലൂടെ മറ്റൊരു ട്രെയിൻ കടന്നുപോയപ്പോൾ ലോഹം ഉരുകി പാളത്തിൽ പരന്നതാകാം എന്നാണ് റെയിൽവേയുടെ പ്രാഥമിക നിഗമനം.
ലോഹം ഉരുകിപ്പരന്ന ഭാഗത്ത് റെയിൽപ്പാളം അൽപ്പം താഴ്ന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ വ്യാഴാഴ്ച ഉച്ചവരെ മണിക്കൂറിൽ 30 കിലോമീറ്റർ വേഗതിയിലാണ് ഈ ഭാഗത്തുകൂടി ട്രെയിൻ ഗതാഗതം അനുവദിച്ചിരുന്നത്. തുടർന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പാളം പൂർവസ്ഥിതിയിലാക്കിയ ശേഷമാണ് റെയിൽ ഗതാഗതം സാധാരണ നിലയിലായത്. സംഭവത്തിൽ ആർ.പി.എഫിന് പുറമെ നല്ലളം പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English Summary
The Railway Protection Force (RPF) has launched a detailed investigation into the discovery of molten metal spread across the railway tracks in Kozhikode.