Kerala Mother Teresa Scholarship: ഇഷ്ടംപോലെ പഠിച്ചോളൂ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് 15,000 രൂപ വരെ; അപേക്ഷിക്കേണ്ടത് ഇങ്ങനെ
Mother Teresa Scholarship in Kerala: ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം തുടരുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി. വർഷം 15,000 രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. ആർക്കൊക്കെ അപേക്ഷിക്കാം, മാനദണ്ഡങ്ങൾ തുടങ്ങിയവ അറിഞ്ഞാലോ ....

പ്രതീകാത്മക ചിത്രം
വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഉയർന്ന വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് പലപ്പോഴും പണം വില്ലനാകാറുണ്ട്. പല കുടുംബങ്ങൾക്കും സാമ്പത്തിക പരിമിതികൾ കാരണം മക്കളുടെ പഠനം തുടരാൻ ബുദ്ധിമുട്ടുന്നവർ ഏറെയുണ്ട്. ഇവർക്ക് കൈതാങ്ങാകാൻ വിവിധ പദ്ധതികളാണ് സർക്കാർ ഒരുക്കിയിട്ടുള്ളത്. അതിൽ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം തുടരുന്നതിന് സാമ്പത്തിക സഹായം നൽകുന്ന സർക്കാർ പദ്ധതിയാണ് മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി. വർഷം 15,000 രൂപയാണ് ഇതിലൂടെ ലഭിക്കുന്നത്. ആർക്കൊക്കെ അപേക്ഷിക്കാം, മാനദണ്ഡങ്ങൾ തുടങ്ങിയവ അറിഞ്ഞാലോ….
മദർ തെരേസ സ്കോളർഷിപ്പ് പദ്ധതി
ന്യൂനപക്ഷ വിഭാഗങ്ങളിലെ (മുസ്ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന) വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് മദർ തെരേസ സ്കോളർഷിപ്പ്. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന വിദ്യാഭ്യാസം തുടരാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
പ്രൊഫഷണൽ കോഴ്സുകൾക്കും മറ്റ് ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കുമാണ് ധനസഹായം നൽകുന്നത്. സർക്കാർ-എയ്ഡഡ്, സർക്കാർ അംഗീകൃത, സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകളിൽ ഡിപ്ലോമ പഠിക്കുന്ന കേരളത്തിൽ താമസിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിയായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 15,000 രൂപ നൽകുന്നതാണ്.
മാനദണ്ഡങ്ങൾ
- അപേക്ഷിക്കുന്നയാൾ കേരളത്തിൽ സ്ഥിരതാമസമാക്കിയ വ്യക്തിയായിരിക്കണം.
- മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായത്തിൽപ്പെടുന്ന വ്യക്തിയായിരിക്കണം.
- നഴ്സിംഗ് അല്ലെങ്കിൽ പാരാമെഡിക്കൽ കോഴ്സുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ സീറ്റുകൾ നേടിയിരിക്കണം.
- യോഗ്യത പരീക്ഷയിൽ 45 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയിരിക്കണം
- ദാരിദ്ര്യരേഖയ്ക്ക് മുകളിൽ ഉള്ള വിഭാഗത്തിലുള്ളയാളാണെങ്കിൽ കുടുംബ വാർഷിക വരുമാനം എല്ലാ സ്രോതസ്സുകളിൽ നിന്നുമായി എട്ട് ലക്ഷത്തിൽ താഴെയായിരിക്കണം.
- ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വിദ്യാർത്ഥിയാണെങ്കിൽ വരുമാന മാനദണ്ഡങ്ങൾ ഒന്നുമില്ല.
- സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം.
ALSO READ: വിമുക്ത ഭടന്മാര്‍ക്ക് ഭവന-വിവാഹ സഹായം; എങ്ങനെ അപേക്ഷിക്കാം?
ആവശ്യമായ രേഖകൾ
- രജിസ്ട്രേഷൻ ഫോം
- എസ്എസ്എൽസി, പ്ലസ്ല് ടു/വിഎച്ച്എസ്ഇ മാർക്ക് ലിസ്റ്റ്
- അലോട്ട്മെന്റ് മെമ്മോയുടെ കോപ്പി
- ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജ്
- ആധാർ കാർഡിന്റെയോ എൻപിആർ കാർഡിന്റെയോ കോപ്പി
- നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ കോപ്പി
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെയോ ന്യൂനപക്ഷ സർട്ടിഫിക്കറ്റിന്റെയോ കോപ്പി
- വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
- റേഷൻ കാർഡിന്റെ കോപ്പി
അപേക്ഷിക്കേണ്ട വിധം
- ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
- സ്കോളർഷിപ്പ് ക്ലിക്ക് ചെയ്യുക.
- മദർ തെരേസ സ്കോളർഷിപ്പ് ക്ലിക്ക് ചെയ്യുക.
- ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
- പുതിയ സ്കോളർഷിപ്പ് അപേക്ഷകർ ആദ്യം ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി നിങ്ങളുടെ സ്ഥാനാർത്ഥി വിശദാംശങ്ങൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- രജിസ്ട്രേഷൻ ഫോമിൽ, പരീക്ഷാ വിശദാംശങ്ങൾ, വ്യക്തിഗത വിശദാംശങ്ങൾ, സ്കോളർഷിപ്പ് വിശദാംശങ്ങൾ ശ്രദ്ധാപൂർവ്വം നൽകുക.
- ആവശ്യമായ രേഖകൾ 100 കെബി വലുപ്പത്തിൽ JPEG ഫോർമാറ്റിൽ അപ്‌ലോഡ് ചെയ്യുക.
- അപ്‌ലോഡ് ചെയ്തതിനുശേഷം മാത്രമേ രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയായതായി കണക്കാക്കൂ.
- അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുക്കാൻ വ്യു/പ്രിന്റ് ആപ്ലിക്കേഷൻ ലിങ്ക് ഉപയോഗിക്കുക.
- രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റൗട്ടും മറ്റ് അനുബന്ധ രേഖകളും നിങ്ങൾ പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവിക്ക് നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കുക.
English Summary:
Kerala government’s Mother Teresa Scholarship scheme is aimed at supporting students from minority communities. Scholarship provides financial assistance of Rs 15,000 per year to eligible students studying in government, aided, or government-recognised self-financing institutions.