മൂവാറ്റുപുഴ ജില്ല ആയാൽ KL15 നാട്ടുകാർക്ക് കിട്ടുമോ? കെഎസ്ആർടിസിക്ക് ‘ഫാൻസി’ കോഡ് കിട്ടുന്നതിന്റെ രഹസ്യം
Muvattupuzha district formation- Will KSRTC lose KL15 code: KL15 കെ എസ്ആർടിസി ബസുകളുടേത് ആണെന്ന് ഏറെക്കുറെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും പുതിയ ജില്ല വന്നാൽ അതിൽ മാറ്റം വരുമോയെന്ന് പലരും സംശയിക്കാൻ സാധ്യതയുണ്ട്. കാരണം നിലവിൽ KL-1 മുതൽ KL14 വരെയുള്ള വാഹനങ്ങൾ അതത് ജില്ലകളെ ക്രമമായി പ്രതിനിധീകരിക്കുന്നു. ഈ ക്രമപ്രകാരമാണെങ്കിൽ 15-ാം ജില്ലയായി എത്തുന്ന മൂവാറ്റുപുഴയ്ക്ക് KL-15 സ്ഥാനം ലഭിക്കേണ്ടതാണ്.
തിരുവനന്തപുരം: കേരളത്തിൽ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് ഒരു പുതിയ ജില്ല രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇപ്പോൾ സജീവമായിരിക്കുകയാണ്. മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്നും ഇതിനായി സംസ്ഥാന സർക്കാർ ഉടൻ ഡീലിമിറ്റേഷൻ കമ്മിഷൻ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് പുതിയ ജില്ല സംബന്ധിച്ച ചർച്ചകൾ സംസ്ഥാനത്ത് വീണ്ടും സജീവമായത്. എന്നാൽ പുതിയൊരു ജില്ല രൂപീകരിക്കുക എന്നത് അത്യന്തം സങ്കീർണ്ണമായ നടപടിക്രമങ്ങളിലൂടെ കടന്നുപോകേണ്ട കാര്യമായതിനാൽ അത്ര എളുപ്പത്തിൽ പുതിയ ജില്ല നിലവിൽ വരില്ല.
മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല ഉണ്ടാക്കുമെന്ന് മുൻ മുഖ്യമന്ത്രി കെ കരുണാകരനും പണ്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല, പുതിയ പ്രഖ്യാപനം എത്രത്തോളം മുന്നോട്ട് പോകും എന്നത് കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എങ്കിലും പുതിയ ജില്ലയായി ഭാവിയിൽ മൂവാറ്റുപുഴ രൂപീകരിക്കപ്പെട്ടാൽ, അവിടെയുള്ള വണ്ടികൾക്ക് KL15 വാഹന രജിസ്ട്രേഷൻ കോഡ് ലഭിക്കുമോ? എന്ന സംശയം ഉള്ള ആരെങ്കിലുമൊക്കെ ഉണ്ടാകാം.
ALSO READ: Bevco Holidays August 2026- ബിവറേജസ് അവധി തിരുവോണം മാത്രമല്ല, പിന്നെയും
KL15 കെ എസ്ആർടിസി ബസുകളുടേത് ആണെന്ന് ഏറെക്കുറെ എല്ലാവർക്കും അറിയാവുന്ന കാര്യമാണെങ്കിലും പുതിയ ജില്ല വന്നാൽ അതിൽ മാറ്റം വരുമോയെന്ന് പലരും സംശയിക്കാൻ സാധ്യതയുണ്ട്. കാരണം നിലവിൽ KL-1 മുതൽ KL14 വരെയുള്ള വാഹനങ്ങൾ അതത് ജില്ലകളെ ക്രമമായി പ്രതിനിധീകരിക്കുന്നു. ഈ ക്രമപ്രകാരമാണെങ്കിൽ 15-ാം ജില്ലയായി എത്തുന്ന മൂവാറ്റുപുഴയ്ക്ക് KL-15 സ്ഥാനം ലഭിക്കേണ്ടതാണ്. അതിനാൽ പുതിയ ജില്ല വന്നാൽ മൂവാറ്റുപുഴയ്ക്ക് KL15 ലഭിക്കുമോയെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാകില്ല.
പക്ഷേ മൂവാറ്റുപുഴ കേരളത്തിന്റെ 15-ാം ജില്ലയായി കേരളത്തിന്റെ ഭൂപടം പരിഷ്കരിക്കപ്പെട്ടാലും KL-15 കോഡ് മൂവാറ്റുപുഴയ്ക്ക് ലഭിക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യത കാണുന്നില്ല. കാരണം കേരള മോട്ടോർ വാഹന വകുപ്പിൽ KL-15 എന്ന കോഡ് നിലവിൽ തിരുവനന്തപുരം ആർടിഒ (തിരുവനന്തപുരം ട്രാൻസ്പോർട്ട് ഭവൻ) ഓഫീസിന് കീഴിലാണ് ഉപയോഗിക്കുന്നത്. അതിനാൽ പുതിയൊരു ജില്ലയ്ക്കായി ഈ കോഡ് വീണ്ടും നൽകാൻ സാധിക്കില്ല.
‘KL 15’ സീരീസ്
KL 15 കോഡ് കെഎസ്ആർടിസിയുടേത് ആണ് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇത് കെഎസ്ആർടിസിക്കായി പ്രത്യേകം നൽകിയിരിക്കുന്ന ഒരു കോഡ് അല്ല, മറിച്ച് തിരുവനന്തപുരം ആർടിഒ ബോർഡിന് കീഴിൽ തന്നെയുള്ള ഒരു സബ് ആർടിഒ/പ്രത്യേക രജിസ്ട്രേഷൻ വിഭാഗമാണ്. തിരുവനന്തപുരം തമ്പാനൂരിലുള്ള KSRTC ചീഫ് ഓഫീസായ ‘ട്രാൻസ്പോർട്ട് ഭവനിൽ’ ആണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്.
കേരളത്തിലുടനീളം സർവീസ് നടത്തുന്ന ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും കെഎസ്ആർടിസി ഉടമസ്ഥതയിലുള്ള മറ്റ് ചില സ്പെഷൽ വാഹനങ്ങളും രജിസ്റ്റർ ചെയ്യുന്നത് ഈ KL-15 ആർ.ടി ഓഫീസിന് കീഴിലാണ്. അങ്ങനെയാണ് KL-15 എന്നത് കെഎസ്ആർടിസി വാഹനങ്ങളുടെ സ്വന്തം ‘ഫാൻസി’ രജിസ്ട്രേഷൻ കോഡ് ആയി മാറിയത്. സാധാരണക്കാരുടെ സ്വകാര്യ വാഹനങ്ങൾക്കോ (കാർ, ബൈക്ക് മുതലായവ) മറ്റ് സ്വകാര്യ വാണിജ്യ വാഹനങ്ങൾക്കോ KL-15 സീരീസിൽ രജിസ്ട്രേഷൻ നൽകാറില്ല.
ചുരുക്കത്തിൽ, കെഎസ്ആർടിസി ബസുകൾക്ക് വേണ്ടിയുള്ള രജിസ്ട്രേഷൻ ആവശ്യങ്ങൾക്കായി മാത്രം തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഒരു പ്രത്യേക MVD ഓഫീസാണ് KL-15 (ട്രാൻസ്പോർട്ട് ഭവൻ, തിരുവനന്തപുരം), അവിടുത്തെ കോഡ് കെഎസ്ആർടിസിയുടെ പൊതു കോഡായി മാറുകയായിരുന്നു. പുതിയ ജില്ല രൂപീകരിക്കപ്പെട്ടാലും KL 15 ഈ ട്രാൻസ്പോർട്ട് ഭവൻ തന്നെയായിരിക്കും.
മൂവാറ്റുപുഴ ജില്ല ആയാൽ
മൂവാറ്റുപുഴ നിലവിൽ ആർടിഒ ഓഫീസ് ഉള്ള സ്ഥലമാണ്, അവിടുത്തെ നിലവിലെ കോഡ് KL-17 ആണ്. ഭാവിയിൽ പുതിയ മൂവാറ്റുപുഴ ജില്ല രൂപീകരിക്കപ്പെടുകയാണെങ്കിൽ നിലവിലുള്ള KL-17 തന്നെയായിരിക്കും ഇവിടുത്തെ വാഹനങ്ങളുടെ കോഡ്. ഇനി പുതിയ ആർടിഒ ഓഫീസും ഇവിടെ നിലവിൽ വന്നാൽ രജിസ്ട്രേഷൻ വകുപ്പ് പുതിയതായി ഒഴിവുള്ള ഏതെങ്കിലും പരമ്പരയിലുള്ള കോഡ് (ഉദാഹരണത്തിന് KL-85 ന് മുകളിലേക്ക് വരുന്ന പുതിയ നമ്പർ) അനുവദിക്കാനാണ് സാധ്യത.
English Summary
Discussions are currently underway regarding the formation of a new district in Kerala centered around Muvattupuzha. However, if Muvattupuzha is formed as the 15th district of Kerala in the future, some are skeptical whether Muvattupuzha will get KL-15 as the codes from KL-1 to KL-14 represent the districts. However, the code KL-15 is currently being used under the Thiruvananthapuram RTO office. Therefore, this code cannot be reassigned for a new district.