Kerala MVD vs Police : പോലീസ് ജീപ്പിന് പിഴയിട്ടത് അമിതാവേശം, തൃശൂരിലെ അസാധാരണ സംഭവത്തിൽ എം.വി.ഐക്കെതിരെ നടപടി
MVI Faces Action for Fining Police Jeep: തൃശൂർ വടക്കാഞ്ചേരിയിൽ പോലീസ് ജീപ്പിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫൈൻ ഇട്ടതും തുടർന്ന് പോലീസ് ഈ ഉദ്യോഗസ്ഥനെതിരെ കേസെടുത്തതും ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ്. ഒടുവിൽ ഈ വിഷയത്തിൽ എം.വി.ഐ ഉദ്യോഗസ്ഥനെതിരെ നടപടി വന്നിരിക്കുകയാണ്.
തൃശൂർ : വടക്കാഞ്ചേരിയിൽ പോലീസ് ജീപ്പിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഫൈൻ ഇട്ടതും തുടർന്ന് പോലീസ് ഈ ഉദ്യോഗസ്ഥനെതിരെ കേസെടുത്തതും ഏറെ ചർച്ച ചെയ്യപ്പെട്ട സംഭവമാണ്. ഒടുവിൽ ഈ വിഷയത്തിൽ എം.വി.ഐ ഉദ്യോഗസ്ഥനെതിരെ നടപടി വന്നിരിക്കുകയാണ്. എം.വി.ഐ ആയ പി.വി ബിജു അമിതാവേശം കാണിക്കുകയായിരുന്നു എന്നും അതിനാൽ ഉദ്യോഗസ്ഥനെതിരെ നടപടി എടുത്തെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ അറിയിച്ചു. എന്നാൽ എന്താണ് നടപടി എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയില്ല.
രാത്രിയിലെ പട്രോളിംഗിനായി പുറപ്പെട്ട പോലീസ് ജീപ്പാണ് എം.വി.ഐ തടഞ്ഞ് ഫൈൻ ചുമത്തിയത്. ജീപ്പിന് ഇൻഷുറൻസ് ഇല്ല എന്ന് കാട്ടിയായിരുന്നു ഫൈൻ. ഈ സംഭവം മാധ്യമങ്ങളെ വാർത്താ കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു. തുടർന്ന് വാഹനത്തിന് ഇൻഷുറൻസ് ഉണ്ടായിരുന്നു എന്നും തെറ്റായിട്ടാണ് ഫൈൻ ചുമത്തിയത് എന്നും പോലീസ് വ്യക്തമാക്കി. കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയും അദ്ദേഹം ഉപയോഗിച്ച ഔദ്യോഗിക വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പോലീസിനെ മനപ്പൂർവ്വം അപമാനിക്കുകയും ജോലി തടസ്സപ്പെടുത്തുകയുമായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി.
Also Read: ജീവിതം തകർത്തത് പിണറായി, തനിക്കെതിരെയുള്ളത് വ്യാജ കേസുകൾ; മുഖ്യമന്ത്രിയെ കാണാൻ സ്വപ്ന സുരേഷ്
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഉദ്യോഗസ്ഥൻ ഒടുവിൽ മുൻകൂർ ജാമ്യം നേടി. തുടർന്ന് പോലീസിന് മുമ്പിൽ ഹാരാവുകയും ചെയ്തു. മുൻകൂർ ജാമ്യം ഉള്ളതിനാൽ ഉദ്യോഗസ്ഥനെ അറസ്റ്റ് രേഖപ്പെടത്തി വിടുകയാണ് ഉണ്ടായത്. അസാധാരണമായ ഈ സംഭവം ഇരു വകുപ്പുകളിലും പൊതു സമൂഹത്തിലും ഏറെ ചർച്ചയായി മാറിയിരുന്നു. സംസ്ഥാനത്തെ പ്രധാന രണ്ട് വകുപ്പുകൾ തമ്മിൽ കൊമ്പുകോർക്കുന്നതിൽ ആക്ഷേപങ്ങളും ഉയർന്നു.
വടക്കാഞ്ചേരിയിലെ സംഭവത്തിൽ എം.വി.ഐ പി.വി. ബിജുവിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇദ്ദേഹം വളരെ മോശം ട്രാക്ക് റെക്കോർഡുള്ള ഉദ്യോഗസ്ഥനാണെന്നും നിരവധി പരാതികൾ ഇയാൾക്കെതിരെ ഉണ്ടെന്നും സംഘടന ആരോപിക്കുകയുണ്ടായി. എന്നിട്ടും ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കുന്നത് എന്ന ആക്ഷേപവും ഇവർ ഉന്നയിച്ചിരുന്നു.
English Summary
The incident in Thrissur Wadakkanchery, where a Motor Vehicle Inspector fined a police jeep and the police subsequently registered a case against the official, sparked considerable discussion. Action has now been taken against the Motor Vehicle Inspector (MVI) involved. Transport Minister C.P. John stated that MVI P.V. Biju had acted with excessive zeal, and disciplinary action was taken against him for this reason.