നെടുമ്പാശേരി മിനി കൂപ്പർ അപകടം: സുഹൈലിന് ജാമ്യമില്ല, അപേക്ഷ തള്ളി കോടതി
Nedumbassery accident- Suhail Sajeev's bail plea rejected: നെടുമ്പാശേരി മിനി കൂപ്പർ കാർ അപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. വാഹനമോടിച്ച സുഹൈൽ സജീവ് ആണ് കേസിൽ ഒന്നാം പ്രതി, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരാണ് മറ്റ് പ്രതികൾ. ഒന്നാം പ്രതിക്കെതിരെ നരഹത്യാ കുറ്റവും, ബാക്കി മൂന്നുപേർക്കെതിരെ പ്രേരണാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

Nedumbassery Mini Cooper Accident Suhail's Bail Plea Rejected
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ കാർ അപകടക്കേസിൽ മുഖ്യ പ്രതി സുഹൈൽ സജീവിനും സുഹൃത്തുക്കളായ മറ്റ് പ്രതികൾക്കും തിരിച്ചടി. ഒന്നു മുതൽ നാലുവരെ പ്രതികളായ സുഹൈൽ, നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷ അങ്കമാലി കോടതി തള്ളി. ജാമ്യാപേക്ഷയിൽ ഇന്നലെ വാദം പൂർത്തിയാക്കിയ കോടതി, ഇന്ന് വിധി പുറത്തിറക്കുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെ നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ വാളെപ്പുറത്ത് ഉണ്ടായ അപകടത്തിൽ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കൽപ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാർക്കാട് സ്വദേശിനി ഗോപിക (21) എന്നിവർ മരിച്ച കേസിലാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരിക്കുന്നത്.
വാഹനമോടിച്ച സുഹൈൽ സജീവ് ആണ് കേസിൽ ഒന്നാം പ്രതി, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരാണ് മറ്റ് പ്രതികൾ. ഒന്നാം പ്രതിക്കെതിരെ നരഹത്യാ കുറ്റവും, ബാക്കി മൂന്നുപേർക്കെതിരെ പ്രേരണാ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. അന്വേഷണത്തിൻറെ നിർണായക ഘട്ടമാണെന്നടക്കം ചൂണ്ടിക്കാട്ടിയുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടത്.
കേരളത്തിൽ ഏറെ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന നെടുമ്പാശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ ശക്തമായ വാദപ്രതിവാദങ്ങളാണ് കഴിഞ്ഞ ദിവസം കോടതിയിൽ നടന്നത്. സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്തത് അപകടം വിളിച്ചുവരുത്തുന്ന നടപടിയാണെന്നും, എഫ്ഐആർ രേഖപ്പെടുത്തിയ ദൃക്സാക്ഷിയിൽ ദുരൂഹതയുണ്ടെന്നും, ബിഎൻഎസ് 105 വകുപ്പ് ചുമത്താനുള്ള ഒരു തെളിവും ഇല്ലെന്നുമുള്ള വാദങ്ങൾ പ്രതിഭാഗം ഉയർത്തി.
മകൻ കുറ്റകൃത്യം ചെയ്യുമ്പോൾ രക്ഷിതാക്കൾ ക്രൂശിക്കപ്പെടുകയാണ്, ആ സ്കൂട്ടറിൽ 3 പേരുണ്ടായിരുന്നു എന്നത് എന്ത് കൊണ്ടു പരിഗണന വിഷയം ആകുന്നില്ല. ഇതൊരു വെറും അപകടം മാത്രമാണ്. ബാക്കിയെല്ലാം മീഡിയ ചാർത്തിയത് ആണ് എന്ന നിലയ്ക്കുള്ള കാര്യങ്ങളാണ് പ്രതിഭാഗം ജാമ്യാപേക്ഷ വാദത്തിൽ മുന്നോട്ട് വച്ചത്.
എന്നാൽ, മൂന്ന് പേര് ഒരുമിച്ച് പോയത് കൊണ്ടാണോ ഇടിച്ചത് എന്ന് ജഡ്ജ് മറു ചോദ്യമുയർത്തി. മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം അവരെ ഇനി ശിക്ഷിക്കാൻ ആകില്ലെന്നും മരിച്ചു പോയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് എതിരായി പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും, മൂത്രം, രക്തം എന്നിവ പരിശോധിച്ചതിൽ നിന്ന് ഇവർ മദ്യപിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
19 വയസാണെങ്കിലും ചെയ്ത കുറ്റവും അതിൻറെ ഭവിഷത്തും വ്യക്തമായി അറിയാവുന്ന ആളാണ് സുഹൈലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വണ്ടിയുടെ ഇ ഡി ആർ (EDR) പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അതിലൂടെ അപകടത്തിന്റെ ആഘാതം തെളിയുമെന്നും വ്യക്തമാക്കിയ പ്രോസിക്യൂഷൻ, അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ ഇപ്പോൾ ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ടു. പ്രോസിക്യൂഷൻറെ വാദങ്ങൾ അംഗീകരിച്ച കോടതി എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
English Summary
A setback for the prime accused, Suhail Sajeev, and his co-accused in the Nedumbassery Mini Cooper car accident case: the Angamaly court has rejected the bail pleas of the first four accused—Suhail, Ninav, Joel, and Ameen. Suhail Sajeev, who was driving the vehicle in the accident that claimed three lives, is the first accused in the case. The other accused Ninav, Ameer, and Joel were seated in the front of the vehicle. The first accused has been charged with culpable homicide, while the remaining three face charges of abetment.