Norka Shubayatra Scheme: വിദേശത്തേക്ക് പോകുന്നവര്‍ക്ക് ശുഭയാത്ര പദ്ധതി വഴി ധനസഹായം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
NORKA Roots Offers Financial Assistance to Those Seeking Jobs Abroad: നിശ്ചിത തുക വായ്പയായാണ് പദ്ധതി വഴി അനുവദിക്കുന്നത്. ഈ വായ്പകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പലിശയില്‍ ഇളവോടെ നേടാന്‍ സാധിക്കുന്നതാണ്. രണ്ട് പദ്ധതികളാണ് പ്രധാനമായും നോര്‍ക്ക ശുഭയാത്ര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഒന്ന് വിദേശ തൊഴിലവസര നൈപുണ്യ സഹായവും മറ്റൊന്ന് വിദേശ തൊഴില്‍ യാത്രാ സഹായ പദ്ധതിയും.
പഠനം, തൊഴില്‍ തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് ചേക്കേറുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. ഇത്തരത്തില്‍ വിദേശത്ത് ജോലി തേടി പോകുന്നതിന് ആവശ്യമായ നൈപുണ്യ വികസനത്തിനും യാത്രയ്ക്കും സഹായിക്കുന്ന പദ്ധതികള്‍ നോര്‍ക്ക മുന്നോട്ടുവെക്കുന്നു. ഈ പദ്ധതികള്‍ വഴി ധനസഹായവും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭിക്കുന്നതാണ്.
വിദേശത്ത് തൊഴില്‍ തേടി പോകുന്നവരെ സഹായിക്കാനായി നോര്‍ക്ക വിഭാവനം ചെയ്ത പദ്ധതികളിലൊന്നാണ് ശുഭയാത്ര പദ്ധതി. വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് നൈപുണ്യ വികസനത്തിന് സാമ്പത്തിക സഹായവും, യാത്ര ചെലവുകളും നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
നിശ്ചിത തുക വായ്പയായാണ് പദ്ധതി വഴി അനുവദിക്കുന്നത്. ഈ വായ്പകള്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി പലിശയില്‍ ഇളവോടെ നേടാന്‍ സാധിക്കുന്നതാണ്. രണ്ട് പദ്ധതികളാണ് പ്രധാനമായും നോര്‍ക്ക ശുഭയാത്ര പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. ഒന്ന് വിദേശ തൊഴിലവസര നൈപുണ്യ സഹായവും മറ്റൊന്ന് വിദേശ തൊഴില്‍ യാത്രാ സഹായ പദ്ധതിയും.
വിദേശ തൊഴിലവസര നൈപുണ്യ സഹായം
ഈ പദ്ധതി വഴി വിവിധ തരത്തിലുള്ള സഹായങ്ങള്‍ തൊഴില്‍ തേടുന്നവര്‍ക്ക് ലഭിക്കും.
- ഭാഷാ പഠനം, പരിശീലനം
- പരീക്ഷ ഫീസ്
- കോച്ചിങ്-റെഗുലേറ്ററി പരീക്ഷ ഫീസ്
- പരിശീലനം നേടുന്നതിനായി ഹോസ്റ്റല്‍ താമസം, ഭക്ഷണം തുടങ്ങിയ ചെലവുകള്‍
തുടങ്ങിയവ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് വിദേശ തൊഴിലവസര നൈപുണ്യ സഹായ പദ്ധതി പ്രവര്‍ത്തിക്കുന്നത്.
വിദേശ തൊഴില്‍ യാത്ര സഹായ പദ്ധതി
കേന്ദ്ര സര്‍ക്കാരിന്റെ ഇ മൈഗ്രേറ്റഡ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി വിദേശത്തേക്ക് പോകുന്നവര്‍ക്കാണ് ഈ പദ്ധതി വഴി സാമ്പത്തിക സഹായം ലഭിക്കുക.
- റിക്രൂട്ട്‌മെന്റ് സേവനത്തിനുള്ള ചെലവ്
- വിസ സ്റ്റാമ്പിങ് ഫീസ്
- മെഡിക്കല്‍ ചെക്കപ്പ്
- വിമാന ടിക്കറ്റ് നിരക്ക്
- വാക്‌സിനേഷനുകളും മറ്റ് ചെലവുകളും
തുടങ്ങി ഒരു വിദേശ യാത്ര നടത്തുന്നതിന്റെ പ്രാരംഭ ഘട്ടത്തില്‍ ആവശ്യമായ എല്ലാ ചെലവുകള്‍ക്കും ധനസഹായം അനുവദിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എത്ര രൂപ വരെ ലഭിക്കും?
2 ലക്ഷം രൂപ വരെയുള്ള വായ്പകളാണ് രണ്ട് പദ്ധതികള്‍ വഴിയും ലഭിക്കുന്നത്. 36 മാസത്തിനുള്ളില്‍ വായ്പകള്‍ തിരിച്ചടയ്ക്കണമെന്നാണ് നിയമം. തവണകള്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്താന്‍ പാടുള്ളതല്ല. വായ്പ എടുത്ത് ആദ്യത്തെ ആറ് മാസത്തേക്ക് നോര്‍ക്ക മുഴുവന്‍ പലിശയും തിരികെ നല്‍കുന്നതാണ്. പിന്നീടുള്ള 30 മാസത്തെ പലിശയില്‍ നാല് ശതമാനവും തിരികെ ലഭിക്കും.
ഒന്നില്‍ കൂടുതല്‍ പാടില്ല
ഒരു പദ്ധതിയിലേക്ക് മാത്രമേ ഒരാള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. നോര്‍ക്കയുടെ മറ്റ് പദ്ധതികള്‍ മുഖേന സഹായം ലഭിച്ചിട്ടുള്ള ആളുകളെ ഈ രണ്ട് പദ്ധതിയിലേക്കും പരിഗണിക്കുന്നതല്ല. മാത്രമല്ല, അപേക്ഷകര്‍ പതിനെട്ടിനും അന്‍പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
പദ്ധതികളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനും അപേക്ഷിക്കുന്നതിനും norkaroots.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
English Summary
NORKA Roots is providing financial assistance through the Subhayathra Scheme for people seeking overseas employment. Eligible applicants can avail support for travel and related expenses. Check application procedures, eligibility criteria, and complete details here.