AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

മഹാകുംഭമേളയിൽ സൂപ്പർ ഹിറ്റ്, ഇനി ശബരിമലയിൽ കാണാം! മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കാൻ AI

Sabarimala Pilgrimage: AI-based crowd control system- ഈ വരുന്ന മണ്ഡലകാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പുതിയ AI നിരീക്ഷണ മാനേജ്‌മെന്റ് സിസ്റ്റം അ‌വതരിപ്പിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ജനക്കൂട്ടത്തിന്റെ നീക്കം നിരീക്ഷിക്കുന്നതിൽ എഐ ക്യാമറകളും ഡ്രോണുകളും വിന്യസിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്നതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ പറഞ്ഞു.

മഹാകുംഭമേളയിൽ സൂപ്പർ ഹിറ്റ്, ഇനി ശബരിമലയിൽ കാണാം! മണ്ഡലകാലത്ത് തിരക്ക് നിയന്ത്രിക്കാൻ AI
Sabarimala Ai Based System To Control CrowdImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 21 Jun 2026 | 01:34 PM

പമ്പ: ഈ വരുന്ന മണ്ഡലകാലത്ത് ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പുതിയ AI നിരീക്ഷണ മാനേജ്‌മെന്റ് സിസ്റ്റം അ‌വതരിപ്പിക്കാനൊരുങ്ങി തിരുവിതാംകൂർ ദേവസ്വം ബോർഡ്. പ്രതിദിനം ലക്ഷക്കണക്കിന് തീർഥാടകൾ എത്തിയ മഹാകുംഭമേളയിൽ എഐ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും അ‌ത് വലിയ വിജയമാകുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഈ എഐ ​നിരീക്ഷണ സിസ്റ്റം ഇപ്പോൾ കേരളത്തിലെ ഏറ്റവും വലിയ തീർഥാടന കേന്ദ്രമായ ശബരിമലയിലേക്കും എത്താൻ പോകുന്നത്. നവംബർ പകുതിയോടെ ഈ വർഷത്തെ മണ്ഡലകാലം ആരംഭിക്കും. ഈ മണ്ഡല- മകരവിളക്ക് സീസൺ വിജയകരമായി പൂർത്തിയാക്കാനുള്ള നടപടികളുടെ ഭാഗമായാണ് എഐ നിരീക്ഷണ സംവിധാനവും ശബരിമലയിൽ വിന്യസിക്കാൻ ദേവസ്വം ബോർഡ് ഒരുങ്ങുന്നത്.

കഴിഞ്ഞ ദിവസം ഡൽഹി, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് എഐ സ്ഥാപനങ്ങളുടെ പ്രതിനിധികൾ കൊച്ചിയിൽ ഒരു വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുകയും തീർത്ഥാടകരുടെ നീക്കം നിയന്ത്രിക്കുന്ന AI സാങ്കേതികവിദ്യയുടെ പ്രവർത്തനം പ്രദർശിപ്പിക്കുകയും ചെയ്തു. തിരക്ക് നിയന്ത്രിക്കാം, കാണാതായവരെ കണ്ടെത്താം, സുരക്ഷ ഉറപ്പിക്കാം തുടങ്ങി ഇതുകൊണ്ടുള്ള വിവിധ നേട്ടങ്ങൾ വർക്ക്‌ഷോപ്പിൽ വിവരിക്കപ്പെട്ടു.

Also Read: മൺസൂണിൽ മഴയില്ല, പലയിടത്തും വേനലിന് സമാനമായ സാഹചര്യം

എഐ ഫെയ്സ് ഡിറ്റക്ഷൻ ക്യാമറകൾ തിരക്ക് നിയന്ത്രിക്കാനും കാണാതായവരെ കണ്ടെത്താനും ഏറെ ഫലപ്രദമാണ്. AI ഡി​വൈസുകൾ വഴി കാണാതായ വ്യക്തികളുടെ ഡിജിറ്റൽ ചിത്രങ്ങൾ സൃഷ്ടിക്കുകയും തുടർന്ന് ആയിരക്കണക്കിന് ക്യാമറകൾ വഴി ജനക്കൂട്ടത്തെ സ്കാൻ ചെയ്യാൻ ഇത് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയാണ് മഹാകുംഭമേള സമയത്ത് സ്വീകരിച്ചത്. ഇതേ രീതിതന്നെയാകും ശബരിമലയിലും പരീക്ഷിക്കുക എന്ന് കരുതപ്പെടുന്നു.

കാണാതായവരെ കണ്ടെത്താൻ മാത്രമല്ല, തിരക്ക് നിയന്ത്രിക്കാനും എഐ നിരീക്ഷണ സംവിധാനത്തിന് കഴിയും. തിക്കിലും തിരക്കിലുംപെട്ട് ആളുകൾ അ‌പകടത്തിൽപ്പെട്ട ദുരന്തങ്ങൾ നിരവധിയാണ്. സന്നിധാനത്തെ തിരക്ക് കൂടുമ്പോൾ തീർഥാടകരെ ഇടയ്ക്ക് കയറുകെട്ടി തടയുന്ന രീതിയാണ് ശബരിമലയിൽ ഇപ്പോഴുള്ളത്. ഈ തിരക്ക് നിയന്ത്രണം കുറച്ചുകൂടി ഫലപ്രദമാക്കാൻ എഐ നിരീക്ഷണ സിസ്റ്റത്തിന് സാധിക്കും.

കുറ്റവാളികളെ ട്രാക്ക് ചെയ്യാം

നിശ്ചിത സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ഫെയ്സ് ടു ഫെയ്സ് ക്യാമറകൾക്ക് ജനക്കൂട്ടത്തിന്റെ വർദ്ധനവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അ‌ധികൃതർക്ക് തത്സമയം നൽകാൻ കഴിയും. തിരക്ക് വർധിച്ച് ആളുകൾ അ‌പകടത്തിലേക്ക് ചെന്നെത്തുന്നത് തടയാൻ ഇത് സഹായിക്കും. കുറ്റവാളി​കളെ ട്രാക്ക് ചെയ്യാം എന്നതാണ് എഐ നിരീക്ഷണത്തിന്റെ മറ്റൊരു നേട്ടം.

വരുന്ന മണ്ഡലകാലത്തിനായുള്ള മുന്നൊരുക്കങ്ങളിൽ എഐ നിരീക്ഷണവും ഉണ്ടാകുമെന്നതിന്റെ സൂചന ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ തന്നെ നൽകുന്നുണ്ട്. “ജനക്കൂട്ടത്തിന്റെ നീക്കം നിരീക്ഷിക്കുന്നതിൽ എഐ ക്യാമറകളും ഡ്രോണുകളും വിന്യസിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്നു. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലെ തീർത്ഥാടകരുടെ നീക്കം സംബന്ധിച്ച തത്സമയ ഡാറ്റയും പ്രവചന വിശകലനവും എഐ സിസ്റ്റം നൽകും” എന്ന് അ‌ദ്ദേഹം പറഞ്ഞു.

കാണാതാകുന്നവരെ കണ്ടെത്താം

AI സംവിധാനം ജനക്കൂട്ടത്തെ വിശകലനം ചെയ്യുകയും ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് സന്ദേശങ്ങൾ കൈമാറുകയും ചെയ്യും. കൂടാതെ തിരക്കിനിടയിൽ ഗ്രൂപ്പുകളിൽ നിന്ന് ഒറ്റപ്പെടുന്ന കുട്ടികളെയും പ്രായമായവരെയും കണ്ടെത്താനും നിലയ്ക്കലിലും പമ്പയിലും അശാസ്ത്രീയമായ പാർക്കിംഗ് ഒഴിവാക്കാനും കുടിവെള്ള സ്രോതസ്സുകളുടെ സുരക്ഷ ഉറപ്പാക്കാനും ഇത് സഹായിക്കും എന്ന് അ‌ദ്ദേഹം പറഞ്ഞു.

എഐ നിരീക്ഷണം ശബരിമലയിൽ പോലീസിന് ഏറെ സഹായകരമാകുമെന്ന് ഡിജിപിയും വിജിലൻസ് ഡയറക്ടറുമായ മനോജ് എബ്രഹാമും പറഞ്ഞു. മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ കാണാതായവരെ കണ്ടെത്താൻ സഹായിക്കും, ആൾക്കൂട്ടത്തിന്റെ ചലനം വിശകലനം ചെയ്യുന്നതിനായി ഉയർന്ന റെസല്യൂഷൻ ക്യാമറകൾ, ഇൻഫ്രാറെഡ് ക്യാമറകൾ, ഡ്രോണുകൾ എന്നിവ ഈ സിസ്റ്റത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എഐ നിരീക്ഷണ സിസ്റ്റം നടപ്പിലാക്കുന്നതിനുള്ള താൽപ്പര്യ പ്രഖ്യാപനത്തിന് മുമ്പ് പോലീസുമായി വീണ്ടും ഒരു ചർച്ച നടത്തുമെന്നും വർക്ക് ഓർഡർ നൽകുന്നതിനുമുമ്പ് ഒരു വിദഗ്ദ്ധ സമിതി പദ്ധതിയുടെ സാങ്കേതിക വശങ്ങൾ വിശകലനം ചെയ്യുമെന്നും ജയകുമാർ പറഞ്ഞു. വരുന്ന സീസണിൽ തീർത്ഥാടകരുടെ സുരക്ഷ, ശുചിത്വം, എമർജൻസി സർവീസ് എന്നിവ ഉറപ്പാക്കുന്നതിന് ടിഡിബി ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഈ രേഖ ഹൈക്കോടതി അംഗീകരിച്ചതായും അ‌ദ്ദേഹം പറഞ്ഞു.

English Summary

The Travancore Devaswom Board is set to introduce a new AI surveillance management system to control crowding and ensure security at Sabarimala during the upcoming Mandalam. Devaswom Board President K. Jayakumar said that we are discussing the possibility of deploying AI cameras and drones to monitor the movement of the crowd and ensure security. The AI ​​system will provide real-time data and predictive analysis on the movement of pilgrims at Sannidhanam, Pampa and Nilakkal.

Follow Us