Health Tips: വെറും ക്ഷീണമല്ല, ബേൺഔട്ടായാൽ മരുന്നു വേണ്ടത് മനസ്സിനാണ് …. പ്രതിവിധി ഇതാ
Danger of Burnout: ഡിജിറ്റൽ സ്ക്രോളിംഗ് അഥവാ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ബേൺഔട്ട് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ബേൺഔട്ട് വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗമാണ്, പ്രത്യേകിച്ച് ഡൂം സ്ക്രോളിംഗ്. തുടർച്ചയായി വാർത്തകളും വീഡിയോകളും സ്ക്രോൾ ചെയ്യുന്നത് തലച്ചോറിന് വിശ്രമം നൽകാത്ത അവസ്ഥയുണ്ടാക്കുന്നു. ഇത് മാനസികമായ തളർച്ചയ്ക്കും ഏകാഗ്രതക്കുറവിനും കാരണമാകുന്നു.
ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള നെട്ടോട്ടത്തിനിടയിൽ മലയാളിൾക്കിടയിൽ മാനസിക പിരിമുറുക്കവും ബേൺഔട്ട് അവസ്ഥയും വർധിക്കുന്നതായി റിപ്പോർട്ടുകൾ എത്തുന്നു. അമിത സമ്മർദ്ദവും വിശ്രമമില്ലായ്മയും മൂലം ശരീരവും മനസ്സും ഒരുപോലെ തളരുന്ന അവസ്ഥയാണിത്. സാധാരണ ക്ഷീണമെന്ന് കരുതി പലരും തള്ളിക്കളയുന്ന ലക്ഷണങ്ങൾ യഥാർത്ഥത്തിൽ ഗുരുതരമായ മാനസിക തകർച്ചയുടെ തുടക്കമാകാം.
എന്താണ് ബേൺഔട്ട്?
ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിന്റെ ഫലമായി ഒരാൾ പൂർണ്ണമായും തളർന്നുപോകുന്ന അവസ്ഥയാണിത്. ഇത് പെട്ടെന്നുണ്ടാകുന്നതല്ല, മറിച്ച് മാസങ്ങളായോ വർഷങ്ങളായോ ഉള്ള പിരിമുറുക്കത്തിന്റെ പരിണതഫലമാണ്. ഇത് ഒരാളുടെ ജോലിയെയും വ്യക്തിബന്ധങ്ങളെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നു.
പ്രധാന ലക്ഷണങ്ങൾ
ശരീരം നൽകുന്ന താഴെ പറയുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക
- ആവശ്യത്തിന് ഉറങ്ങിയാലും മാറാത്ത തളർച്ചയും ഊർജ്ജമില്ലായ്മയും.
- മുമ്പ് ആവേശത്തോടെ ചെയ്തിരുന്ന കാര്യങ്ങളിൽ താൽപ്പര്യം നഷ്ടപ്പെടുക. ജോലിയോട് പോലും വിരക്തി
- ചെറിയ കാര്യങ്ങൾക്ക് പോലും അമിതമായി ദേഷ്യപ്പെടുകയോ ക്ഷമ നശിക്കുകയോ ചെയ്യുക.
- ഉറങ്ങാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ രാത്രി ഇടയ്ക്കിടെ ഉണരുകയോ ചെയ്യുന്നത്.
- ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയും തീരുമാനങ്ങൾ എടുക്കാനുള്ള പ്രയാസവും.
- അകാരണമായ തലവേദന, കഴുത്തുവേദന, വയറുസംബന്ധമായ പ്രശ്നങ്ങൾ.
- സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഉൾവലിയാൻ തോന്നുക.
ബേൺഔട്ട് എങ്ങനെ പ്രതിരോധിക്കാം?
ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ ഈ അവസ്ഥയെ മറികടക്കാൻ സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ജോലി-ജീവിത സന്തുലിതാവസ്ഥയാണ് പ്രധാനമായും ഇതിനുള്ള പരിഹാരം. ഇതിനായി ഓഫീസ് ജോലികൾ വീട്ടിലേക്ക് കൊണ്ടുവരാതിരിക്കുക. വ്യക്തിജീവിതത്തിന് കൃത്യമായ സമയം കണ്ടെത്തുക. വായന, പെയിന്റിംഗ്, ഗാർഡനിംഗ് തുടങ്ങിയ ക്രിയേറ്റീവ് ജോലികളിൽ ഏർപ്പെടുന്നത് സമ്മർദ്ദം കുറയ്ക്കും.
ALSO READ: ബാൽക്കണിയിൽ പുതിന വളർത്താം, ചെയ്യേണ്ടത് ഇത്രമാത്രം
ദിവസവും നടത്തം, സൈക്ലിംഗ് തുടങ്ങിയ ലഘുവായ വ്യായാമങ്ങൾ ശീലമാക്കുക. അമിതമായ കൊഴുപ്പും പഞ്ചസാരയും ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുത്തുക. ചായ, കാപ്പി എന്നിവയുടെ ഉപയോഗം കുറയ്ക്കുക. സ്ക്രീൻ ടൈം കുറയ്ക്കുന്നത് മനസ്സിന് ശാന്തത നൽകും.
ക്ഷീണമോ ദേഷ്യമോ വെറും തിരക്കിന്റെ പ്രശ്നമായി കണ്ട് അവഗണിക്കരുത്. അവസ്ഥ ഗുരുതരമെന്ന് തോന്നിയാൽ മടിക്കാതെ വിദഗ്ധ വൈദ്യസഹായം തേടേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യസമയത്തുള്ള ഇടപെടലുകൾ വഴി ബേൺഔട്ടിൽ നിന്ന് പൂർണ്ണമായി മുക്തി നേടാൻ സാധിക്കും.
ഫോണും ഇതിനു കാരണമോ?
ഡിജിറ്റൽ സ്ക്രോളിംഗ് അഥവാ സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം ബേൺഔട്ട് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്നത്തെ കാലത്ത് ബേൺഔട്ട് വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന് സ്മാർട്ട്ഫോണുകളുടെ അമിത ഉപയോഗമാണ്, പ്രത്യേകിച്ച് ഡൂം സ്ക്രോളിംഗ്. തുടർച്ചയായി വാർത്തകളും വീഡിയോകളും സ്ക്രോൾ ചെയ്യുന്നത് തലച്ചോറിന് വിശ്രമം നൽകാത്ത അവസ്ഥയുണ്ടാക്കുന്നു. ഇത് മാനസികമായ തളർച്ചയ്ക്കും ഏകാഗ്രതക്കുറവിനും കാരണമാകുന്നു.
സോഷ്യൽ മീഡിയയിലൂടെ മറ്റുള്ളവരുടെ ജീവിതവുമായി സ്വന്തം ജീവിതത്തെ താരതമ്യം ചെയ്യുന്നത് അപകർഷതാബോധം വളർത്തുകയും മാനസിക പിരിമുറുക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. രാത്രി വൈകിയുള്ള സ്ക്രോളിംഗ് വഴി ഫോണിൽ നിന്നുള്ള നീല വെളിച്ചം ഉറക്കത്തിന് സഹായിക്കുന്ന മെലറ്റോണിൻ ഹോർമോണിന്റെ ഉത്പാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിക്കുന്നു. ബേൺഔട്ട് ഒഴിവാക്കാൻ ദിവസവും കൃത്യസമയത്ത് ഫോൺ മാറ്റിവെക്കുന്ന ഡിജിറ്റൽ ഡിറ്റോക്സ് ശീലമാക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദ്ദേശിക്കുന്നു. ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഡിജിറ്റൽ ഉപകരണങ്ങൾ ഒഴിവാക്കുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും.
English Summary
Burnout is a state of total emotional, physical, and mental exhaustion caused by prolonged and excessive stress. It is not an overnight occurrence but a gradual process that builds up over time, eventually impacting an individual’s health, work performance, and personal relationships.