Onion: ഉള്ളി പോക്കറ്റിലിട്ടാൽ ചൂട് കുറയുമോ? ശാസ്ത്രം പറയുന്നത്…
Onions Health Benefits: അതികഠിനമായ വേനൽ ചൂടിൽ പോലും എസി ഉപയോഗിക്കാറില്ലെന്നും ചൂടിനെ മറികടക്കാൻ ഉള്ളി കൈയിൽ കരുതിയാൽ മതിയെന്നുമാണ് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞത്. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ശാസ്ത്രീയമായി പരിശോധിച്ചാലോ...കൂടെ ഉള്ളിയുടെ വിവിധ ആരോഗ്യ ഗുണങ്ങളും അറിഞ്ഞിരിക്കാം.

പ്രതീകാത്മക ചിത്രം
ഉഷ്ണതംഗത്തെ മറികടക്കാൻ പോക്കറ്റിൽ ഉള്ളി വച്ചാൽ മതിയെന്ന കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ പരാമർശം വിമർശനങ്ങൾക്കും ട്രോളുകൾക്കും വഴിതെളിച്ചിരുന്നു. അതികഠിനമായ വേനൽച്ചൂടിൽ പോലും എസി ഉപയോഗിക്കാറില്ലെന്നും ചൂടിനെ മറികടക്കാൻ ഉള്ളി കൈയിൽ കരുതിയാൽ മതിയെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇതിൽ എന്തെങ്കിലും സത്യമുണ്ടോ? ശാസ്ത്രീയമായി പരിശോധിച്ചാലോ…
ഉള്ളി ചൂട് തടയുമോ?
കടുത്ത ചൂട് മറികടക്കാൻ, പുറത്തിറങ്ങുമ്പോൾ പോക്കറ്റിൽ ഉള്ളി കരുതിയാൽ മതിയെന്ന് പണ്ട് മുതലേ കേൾക്കാറുള്ള നാട്ടറിവാണ്. ഉള്ളി ശരീരത്തിലെ ചൂട് വലിച്ചെടുക്കുമെന്നും സൂര്യാഘാതം തടയുമെന്നുമാണ് വിശ്വസിക്കുന്നത്. എന്നാൽ വൈദ്യശാസ്ത്രപരമായി പരിശോധിച്ചാൽ, പോക്കറ്റിൽ ഉള്ളി കരുതിയാൽ ശരീരത്തിന്റെ താപനില കുറയുമെന്നതിന് യാതൊരു തെളിവുമില്ലെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. ഉള്ളിക്ക് വായുവിലെ ചൂടോ ശരീരത്തിലെ ചൂടോ വലിച്ചെടുക്കാൻ സാധിക്കില്ല. ഇത് വെറും മിഥ്യാ ധാരണ ആണെന്നാണ് പറയുന്നത്.
എന്നാൽ ഉള്ളി ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്നുണ്ട്. പക്ഷേ, അത് കൈയിൽ കരുതുന്നത് കൊണ്ടല്ല, മറിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെയാണ്. പച്ച ഉള്ളി കഴിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കും. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ക്വെർസെറ്റിൻ എന്ന ഘടകം ആണ് ഇതിന് സഹായിക്കുന്നത്. ഇവ ശരീരത്തിലെ അലർജി പ്രതിരോധിക്കാനും സ്വാഭാവികമായി തണുപ്പ് നൽകാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, ഇവയിലെ സോഡിയം, പൊട്ടാസ്യം, എന്നിവയുടെ സാനിധ്യം ശരീരത്തിലെ ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും ഒരു പരിധി വരെ സഹായിക്കുമെന്ന് പറയപ്പെടുന്നു.
ALSO READ: വിയർപ്പും കുരുക്കളും ചൂട് മാത്രം കൊണ്ടല്ല, അധികം ശ്രദ്ധിക്കാതെ പോകുന്നൊരു രോഗം പിന്നിൽ
ഉള്ളിയുടെ ആരോഗ്യഗുണങ്ങൾ
ശരീരത്തെ തണുപ്പിക്കുന്നതിനോടൊപ്പം തന്നെ മറ്റ് ചില ഗുണങ്ങളും ഉള്ളി നൽകുന്നുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ…
- പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു എന്നതാണ് ഉള്ളിയുടെ മറ്റൊരു പ്രധാന ഗുണം. ഉള്ളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകളെ തടയുകയും ചെയ്യുന്നു.
- ഹൃദയാരോഗ്യത്തിനും ഉള്ളി ഏറെ ഗുണകരമാണ്. ഉള്ളിയിലെ ആന്റി- ഓക്സിഡന്റുകൾ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളെ തടയുകയും ചെയ്യുന്നു. ഇതിലൂടെ രക്തം കട്ടപിടിക്കാനുള്ള സാധ്യതയും കുറയുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉള്ളിക്ക് സാധിക്കും. ഉള്ളിയിൽ അടങ്ങിയിട്ടുള്ള ചില സംയുക്തങ്ങളാണ് ഇതിന് സഹായിക്കുന്നത്.
- ഉള്ളിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രവർത്തനങ്ങളെ സുഗമമാക്കുകയും ദഹന സംബന്ധമായ പ്രശ്നങ്ങളെ തടയുകയും ചെയ്യുന്നു.
വേനൽക്കാലത്ത് ശ്രദ്ധിക്കേണ്ടത്….
- വേനൽക്കാലം കടുത്തതോടെ നിർജ്ജലീകരണം, സൂര്യാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്.
- വെള്ളം കുടിക്കാൻ മടി കാണിക്കരുത്. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ഇത് ശരീരത്തിൽ ജലാംശം നിലനിർത്താൻ നിങ്ങളെ സഹായിക്കും.
- നേർത്ത വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. കടും നിറത്തിലുള്ള വസ്ത്രങ്ങൾക്ക് പകരം ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.
- ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെയുള്ള വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക.
- ഭക്ഷണക്രമത്തിലും ശ്രദ്ധ പുലർത്തേണ്ടതാണ്. വേനൽക്കാലത്ത് വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ വെള്ളം ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം. ഇത് ശരീരത്തിന് തണുപ്പ് നൽകുകയും ഉന്മേഷം നൽകുകയും ചെയ്യും. വെറുതെയും ജ്യൂസ്, സ്മൂത്തി, സാലഡ് തുടങ്ങിയവയായും കുടിക്കാവുന്നതാണ്.
- പുറത്തിറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കാനും മറക്കരുത്. കൂടാതെ, തൊപ്പി, കുട എന്നിവയും കൈയിൽ കരുതേണം. കോഫി, മദ്യം പോലുള്ളവ പരമാവധി ഒഴിവാക്കുക.
English Summary:
Union Minister Jyotiraditya Scindia stated that keeping onions in hand is enough to beat the summer heat. Is there any validity to this? Let’s analyze it from Scientific perspective and Know Some Health Benefits of Onions.