Summer Healthcare: വേനലിൽ ഇറുകിയ ജീൻസ് ധരിക്കുന്നത് അപകടകരം?; കാരണവും ഉണ്ടാകുന്ന ദോഷങ്ങളും
Hidden Dangers Of Tight Jeans: ടൈറ്റ് ജീൻസ്, സ്കിന്നി ജീൻസ് അങ്ങനെ പലതും വിപണിയിൽ ട്രെൻഡിങ്ങാണ്. പക്ഷേ ട്രെൻഡ് മാറുന്നത് നല്ലതാണെങ്കിലും, ഈ കത്തുന്ന വേനലിൽ ഫാഷനെക്കാൾ പ്രാധാന്യം നൽകേണ്ടത് നമ്മുടെ ആരോഗ്യത്തിനാണ്. ചൂടുള്ള സമയത്ത് പൊതുവെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. എന്നാൽ ടൈറ്റ് വസ്ത്രങ്ങൾ ഇട്ട് നടക്കുന്നവർ ധാരാളമാണ്. അങ്ങനെയെങ്കിൽ ഈ വേനൽക്കാലത്തെ ചൂടിൽ ഇറുകിയ ജീൻസ് ധരിക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

പ്രതീകാത്മക ചിത്രം
ഫാഷൻ ലോകത്ത് പല തരത്തിലുള്ള വസ്ത്രങ്ങളാണ് ഓരോ ദിവസവും ട്രെൻഡിങ്ങാകുന്നത്. അതിനനുസരിച്ചുള്ള മാറ്റങ്ങൾ നമ്മളും ജീവിതത്തിൽ പ്രയോഗിക്കാറുണ്ട്. അതിൽ ഒന്നാണ് പലതരത്തിലുള്ള ജീൻസുകൾ. ടൈറ്റ് ജീൻസ്, സ്കിന്നി ജീൻസ് അങ്ങനെ പലതും വിപണിയിൽ ട്രെൻഡിങ്ങാണ്. പക്ഷേ ട്രെൻഡ് മാറുന്നത് നല്ലതാണെങ്കിലും, ഈ കത്തുന്ന വേനലിൽ ഫാഷനെക്കാൾ പ്രാധാന്യം നൽകേണ്ടത് നമ്മുടെ ആരോഗ്യത്തിനാണ്. ചൂടുള്ള സമയത്ത് പൊതുവെ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. എന്നാൽ ടൈറ്റ് വസ്ത്രങ്ങൾ ഇട്ട് നടക്കുന്നവർ ധാരാളമാണ്. അങ്ങനെയെങ്കിൽ ഈ വേനൽക്കാലത്തെ പൊള്ളുന്ന ചൂടിൽ ഇറുകിയ ജീൻസ് ധരിക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നമുക്ക് പരിശോധിക്കാം.
ശ്വസിക്കാൻ കഴിയാതെ വരുന്നു
നമ്മൾ ഇറുകിയ വസ്ത്രങ്ങൾ ധരിക്കുമ്പോൾ നമ്മുടെ ചർമ്മത്തിന് ശ്വസിക്കാൻ കഴിയാതെ വരുന്നു. പ്രത്യേകിച്ച് കട്ടിയുള്ള വസ്ത്രങ്ങളിൽ. ജീൻസ് അക്കൂട്ടത്തിൽ ഒന്നാണ്. ഒരുതരം കട്ടിയുള്ള ഡെനിം തുണി ഉപയോഗിച്ചാണ് ജീൻസ് നിർമ്മിച്ചിരിക്കുന്നത്. ഇത് ചർമ്മത്തിന് ആവശ്യമായ വായുസഞ്ചാരത്തെ പൂർണ്ണമായും തടസപ്പെടുത്തുന്നു. ചൂടുകാലത്ത് ചർമ്മത്തിലേക്ക് വായുസഞ്ചാരം ഉറപ്പാക്കിയില്ലെങ്കിൽ വിയർപ്പ് തങ്ങിനിൽക്കാനും ചർമ്മം അമിതമായി ചൂടാകാനും കാരണമാകും.
ALSO READ: ഇയർഫോൺ മറ്റൊരാൾക്ക് കൊടുക്കാറുണ്ടോ? ശേഷം ചെവിക്കുള്ളിൽ സംഭവിക്കുന്നത്
വിയർപ്പ് അടിഞ്ഞുകൂടുന്നു
നമുക്കറിയാം ചൂടായാൽ വിയർപ്പിനെ ഒരു പരിധിക്കപ്പുറം തടയാൻ കഴിയില്ല. എന്നാൽ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നവർക്ക് അത്രയും പ്രശ്നങ്ങൾ ഉണ്ടാകാറില്ല. നിങ്ങൾ ഇറുകിയ ജീൻസിട്ട് പുറത്തിറങ്ങിയ ശേഷം വിയർത്താൽ അവ പുറത്തുപോകാതെ ചർമ്മത്തിൽ തന്നെ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഇത് ബാക്ടീരിയകൾക്കും ഫംഗസിനും വളരാൻ പറ്റിയ നനവുള്ള സാഹചര്യം സൃഷ്ടിക്കും. ഇത് പിന്നീട് സ്വകാര്യഭാഗങ്ങളിലടക്കം വ്യാപിക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
ആരോഗ്യ പ്രശ്നങ്ങൾ എന്തെല്ലാം?
ഫംഗൽ ഇൻഫെക്ഷൻ: ഇറുകിയ പാന്റ് ധരിച്ച് വിയർക്കുന്നതിലൂടെ തുടയിടുക്കുകളിലും ഇടുപ്പിലും ആ വിയർപ്പ് കെട്ടിക്കിടന്ന് വട്ടച്ചൊറി പോലുള്ള ഫംഗസ് ബാധകൾ ഉണ്ടാകാനും കാലക്രമേണ ഇത് ഗുരുതരമാവുകയും ചെയ്യും.
ചൂടുകുരുവും തടിപ്പും: അമിതമായ ചൂടും ഉരസലും ചർമ്മത്തിൽ അടിഞ്ഞുകൂടുന്നത് തടിപ്പുകളും ചൊറിച്ചിലും ചൂടു കുരുവും ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാക്കുന്നു.
രക്തയോട്ടം കുറയുന്നു: ഇറുകിയ വസ്ത്രം ധരിക്കുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് രക്തയോട്ടം കുറയുന്നത്. കാലുകളെ വരിഞ്ഞുമുറുക്കുന്ന തരം ജീൻസുകൾ ധരിച്ചാൽ രക്തയോട്ടം തടസ്സപ്പെടുന്നു. ഇത് കാലുകൾക്ക് വേദന, തരിപ്പ് തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാക്കുന്നു.
സ്ത്രീകളിൾ ഗുരുതരം: ഇറുകിയ വസ്ത്രങ്ങൾ സ്ത്രീകളിൽ യീസ്റ്റ് ഇൻഫെക്ഷൻ, യൂറിനറി ഇൻഫെക്ഷൻ എന്നിവയ്ക്കുള്ള സാധ്യത ഇരട്ടിയാക്കുന്നു.
ദഹനപ്രശ്നങ്ങൾ: അരക്കെട്ടിൽ അമിതമായി അമർന്നിരിക്കുന്ന ജീൻസ് വയറിനുള്ളിലെ സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമാകുന്നു. ഇതുമൂലം അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ ഉണ്ടാവുന്നു.
വേനലിൽ എന്ത് വസ്ത്രങ്ങൾ ധരിക്കാം
- വേനൽക്കാലത്ത് ജീൻസിന് പകരം വായുസഞ്ചാരമുള്ള കോട്ടൺ അല്ലെങ്കിൽ ലിനൻ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.
- ജീൻസ് നിർബന്ധമാണെങ്കിൽ ഇറുകിയവ ഒഴിവാക്കി ലൂസ് ഫിറ്റ് അല്ലെങ്കിൽ വൈഡ് ലെഗ് ജീൻസുകൾ നിങ്ങൾക്ക് പരീക്ഷിക്കാവുന്നതാണ്.
- വേനൽക്കാലത്ത് ഏതുതരം ജീൻസായാലും അമിതമായി വിയർത്താൽ കൃത്യമായി കഴുകി വൃത്തിയാക്കി ഉപയോഗിക്കുക.
- ഒരിക്കൽ ഉപയോഗിച്ച ജീൻസ് കഴുകാതെ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതരമായി പ്രശ്നങ്ങൾക്ക് കാരണമാകും. വിയർപ്പിലൂടെ ഉണ്ടാകുന്ന അണുക്കൾ ജീൻസുകളിൽ ഒട്ടിപ്പിടിച്ച് അടുത്ത തവണ ഉപയോഗിക്കുമ്പോൾ അണുബാധയുണ്ടാക്കുന്നു.
- ഇറുകിയ ജീൻസുകൾ ഒഴിവാക്കി അയഞ്ഞ കോട്ടൺ വസ്ത്രങ്ങളിലേക്ക് മാറുന്നത് ചർമ്മരോഗങ്ങളെ അകറ്റി നിർത്താൻ വളരെയധികം ഗുണകരമാണ്.
English Summary:
Summer Hot Weather Are Affecting Whole People In The Society. In This Time Give Importance To Our Health And Clothing. Here Is Explain The Side Effects Of Wearing Tight Jeans In Hot Weather. Also Shares How To Prevent Skin Infections, What To Wear In Summer And The After Effects Of Wearing Skinny Jeans.