Manjali halwa: കോഴിക്കോടൻ ഹൽവയല്ല മാഞ്ഞാലിയിലെ ഹൽവ കീഴടക്കും ഇനി ലോകവിപണി
Manjali Halwa Goes International: മാഞ്ഞാലി ഹൽവ എന്ന പേരിൽ തന്നെ ആഗോള വിപണിയിൽ ഈ പലഹാരത്തെ ഒരു പ്രമുഖ ബ്രാൻഡായി അവതരിപ്പിക്കും.
കൊച്ചി: എറണാകുളത്തിന്റെ തനത് രുചിയായ മാഞ്ഞാലി ഹൽവ ഇനി ആഗോള ബ്രാൻഡാകുന്നു. കോഴിക്കോടൻ ഹൽവയ്ക്ക് വെല്ലുവിളിയുയർത്തുന്ന രീതിയിൽ മാഞ്ഞാലി ഹൽവയെ ലോകവിപണിയിൽ എത്തിക്കാനുള്ള ബൃഹദ് പദ്ധതിയുമായി വ്യവസായ വകുപ്പ് രംഗത്തെത്തി.
പലഹാരങ്ങളുടെ ഗ്രാമമെന്നറിയപ്പെടുന്ന മാഞ്ഞാലിയിലെ ഹൽവയെ അന്താരാഷ്ട്ര വിപണിയിലെത്തിക്കാൻ സർക്കാർ ഒരുങ്ങുന്നു. ഹൽവ ഉൽപാദകരെ ഏകോപിപ്പിച്ച് വിപണന സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക ‘ക്ലസ്റ്റർ’ രൂപീകരിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. മാഞ്ഞാലിയിൽ നടന്ന ഉന്നതതല യോഗത്തിലാണ് നിർണ്ണായക തീരുമാനം.
പ്രധാന ചുവടുവെപ്പുകൾ
ഫ്ലിപ്പ്കാർട്ട് പോലുള്ള പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകൾ വഴി മാഞ്ഞാലി ഹൽവ ലഭ്യമാക്കാൻ ചർച്ചകൾ ആരംഭിക്കും. ഇന്ത്യൻ റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കൗണ്ടറുകൾ വഴി ഹൽവ വിതരണം ചെയ്യാൻ നടപടിയുണ്ടാകും. കുന്നുകരയിൽ നിർമ്മാണം പൂർത്തിയായി വരുന്ന ഫുഡ് പാർക്ക് പ്രവർത്തനസജ്ജമാകുന്നതോടെ മാഞ്ഞാലി ഹൽവയുടെ ഉൽപാദനത്തിലും വിപണനത്തിലും വൻ കുതിച്ചുചാട്ടമുണ്ടാകും.
മാഞ്ഞാലി ഹൽവ എന്ന പേരിൽ തന്നെ ആഗോള വിപണിയിൽ ഈ പലഹാരത്തെ ഒരു പ്രമുഖ ബ്രാൻഡായി അവതരിപ്പിക്കും. കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.എ. മുജീബിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനപ്രതിനിധികളും വ്യവസായ കേന്ദ്രം ഉദ്യോഗസ്ഥരും പങ്കെടുത്തു. പ്രാദേശിക പാചകത്തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങളും മികച്ച വരുമാനവും ഉറപ്പാക്കുന്നതാണ് ഈ പുതിയ നീക്കം.