Mint: ബാൽക്കണിയിൽ പുതിന വളർത്താം, ചെയ്യേണ്ടത് ഇത്രമാത്രം
How to Grow Mint at Home: നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ പുതിന വളർത്താൻ സാധിക്കുമെന്ന് അറിയില്ലേ... വലിയ പറമ്പില്ലെങ്കിലും, ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് പോലും സ്വന്തം ബാൽക്കണയിൽ പുതിന വളർത്താവുന്നതാണ്. പുതിനയ്ക്ക് എപ്പോഴും ഈർപ്പമുള്ള മണ്ണാണ് അനുയോജ്യം. എന്നാൽ വെള്ളം കെട്ടിനിൽക്കാനും പാടില്ല.

പ്രതീകാത്മക ചിത്രം
ഒട്ടുമിക്ക ഭക്ഷണങ്ങളിലും ഇന്ന് പുതിനയില ഉപയോഗിക്കാറുണ്ട്. വിഭവങ്ങൾക്ക് നല്ല മണവും രുചിയും നൽകാൻ ഇവ സഹായിക്കും. എന്നാൽ കൈയിലെ പണം കൊടുത്ത് പുതിനയില കടയിൽ നിന്നാകും പലരും വാങ്ങിക്കുന്നത്. പക്ഷേ, ഇത് ശുദ്ധമാണെന്നും ഉറപ്പ് പറയാൻ സാധിക്കില്ല. പച്ചക്കറികളെ പോലെ ഇവയിലും കീടനാശികൾ ഉപയോഗിച്ചേക്കും. എന്നാൽ നമ്മുടെ വീടുകളിൽ വളരെ എളുപ്പത്തിൽ പുതിന വളർത്താൻ സാധിക്കുമെന്ന് അറിയില്ലേ… വലിയ പറമ്പില്ലെങ്കിലും, ഫ്ലാറ്റുകളിൽ താമസിക്കുന്നവർക്ക് പോലും സ്വന്തം ബാൽക്കണയിൽ പുതിന വളർത്താവുന്നതാണ്.
പുതിയ വളർത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തണ്ട് തിരഞ്ഞെടുക്കേണ്ടത് എങ്ങനെ?
കടയിൽ നിന്ന് വാങ്ങുന്ന പുതിനയുടെ തണ്ടുകൾ ഉപയോഗിച്ച്, ബാൽക്കണിയിൽ ചെടി വളർത്താം. നല്ല കരുത്തുള്ള തണ്ടുകൾ നോക്കിയാണ് നടേണ്ടത്. തണ്ടിലെ ഇലകൾ നീക്കം ചെയ്ത ശേഷം ഈ തണ്ടുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ മുക്കിവയ്ക്കുക. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതിൽ വേരുകൾ വരുന്നതാണ്. അതിന് ശേഷം ഇത് മണ്ണിലേക്ക് മാറ്റി നടാം.
അനുയോജ്യമായ മണ്ണ്
പുതിനയ്ക്ക് എപ്പോഴും ഈർപ്പമുള്ള മണ്ണാണ് അനുയോജ്യം. എന്നാൽ വെള്ളം കെട്ടിനിൽക്കാനും പാടില്ല. സാധാരണ മണ്ണും അല്പം ചാണകപ്പൊടിയോ കമ്പോസ്റ്റോ ചേർത്ത് മണ്ണൊരുക്കാവുന്നതാണ്. ഇത് ചെടിയുടെ വളർച്ചയെ വേഗത്തിലാക്കും.
ചെടിച്ചട്ടി
ചെടിച്ചട്ടിയിൽ നടുകയാണെങ്കിൽ ശരിയായ തിരഞ്ഞെടുക്കണം. പുതിനയുടെ വേരുകൾ വശങ്ങളിലേക്ക് പടർന്ന് വളരുന്നവയാണ്. അതിനാൽ വീതിയുള്ള ചട്ടികളോ പ്ലാസ്റ്റിക് ബോക്സുകളോ തിരഞ്ഞെടുക്കാം. വെള്ളം പോകാൻ ചട്ടിയുടെ അടിയിൽ ചെറിയ ദ്വാരങ്ങൾ ഇട്ടുകൊടുക്കേണ്ടതാണ്.
ALSO READ: മുല്ല നിറയെ പൂവിടാൻ എന്താണ് വഴി? ഇങ്ങനെ നട്ട് നോക്കൂ
വെയിൽ എത്ര വേണം?
ബാൽക്കണിയിലാണ് വെക്കുന്നതെങ്കിൽ കഠിനമായി നേരിട്ട് വെയിൽ കിട്ടുന്ന സ്ഥലങ്ങൾ ഒഴിവാക്കേണ്ടതാണ്. ചെറിയ തോതിൽ വെയിൽ കിട്ടിയാൽ മതിയാകും. ദിവസവും കുറഞ്ഞത് മൂന്ന് – നാല് മണിക്കൂർ സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതാണ്.
വെള്ളം നനയ്ക്കുന്ന രീതി
വെള്ളം കൊടുക്കാനും മറക്കരുത്. എന്നാൽ അമിതമാവുകയുമരുത്. മണ്ണിലെ ഈർപ്പം നിലനിർത്തണം. വേനൽക്കാലത്ത് ദിവസവും രാവിലെയും വൈകുന്നേരവും നേരിയ തോതിൽ നനച്ച് കൊടുക്കാം.
വിളവെടുപ്പ്
ചെടി നന്നായി തഴച്ചു വളരാൻ അതിന്റെ തലപ്പുകൾ ഇടയ്ക്കിടെ നുള്ളി കൊടുക്കേണ്ടതാണ്. ഇത് കൂടുതൽ വളരാൻ സഹായിക്കും. പുതിനയിലെ വളർന്ന് വരുമ്പോൾ ആവശ്യമനുസരണം നുള്ളിയെടുക്കാം. എന്നാൽ വേരോടെ പിഴുതെടുക്കരുത്. മുകളിൽ നിന്ന് ഇലകൾ നുള്ളിയെടുക്കുന്നതിനനുസരിച്ച് പുതിയ ഇലകൾ വന്നുകൊണ്ടിരിക്കും.
പുതിനയില – ആരോഗ്യഗുണങ്ങൾ
- പുതിനയിലയിലെ മെന്തോൾ ദഹനത്തിന് സഹായിക്കുന്നു.
- ആന്റി-ബാക്ടീരിയൽ ഗുണങ്ങൾ വായിലെ അണുക്കളെ നശിപ്പിക്കുന്നു.
- ജലദോഷം, ചുമ പോലുള്ള പ്രശ്നങ്ങൾക്ക് ഇവയുടെ മണം ശ്വസിക്കുന്നത് ആശ്വാസം നൽകും.
- തലവേദനയ്ക്ക് പരിഹാരം
- പുതിനയില മുഖക്കുരു വരുന്നത് തടയുന്നു.
- വിറ്റാമിൻ സി, ഡി, ഇ എന്നിവയും കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും പുതിനയിലയിൽ ധാരാളമുണ്ട്.
English Summary:
Growing mint at home in a balcony garden is simple and ideal for small spaces. Using a wide pot with good drainage because mint spreads quickly and can overtake other plants if grown directly in soil. Regular trimming and harvesting encourage bushier growth and prevent flowering