Jasmine: മുല്ല നിറയെ പൂവിടാൻ എന്താണ് വഴി? ഇങ്ങനെ നട്ട് നോക്കൂ
Tips to Grow Jasmine Plant: ശരിയായ രീതിയിൽ മുല്ല ചെടി നട്ടാൽ നന്നായി പൂ പിടിക്കും. ഇനി ഫ്ലാറ്റുകളിലോ സ്ഥലപരിമിതിയുള്ള വീടുകളിലോ ആണ് താമസിക്കുന്നതെങ്കിൽ മുല്ല വളർത്താൽ ഏറ്റവും അനുയോജ്യം ചട്ടികളാണ്. മുല്ല ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കിയാലോ....
കേരളത്തിൽ ഇപ്പോൾ മുല്ല സീസൺ ആണ്. വീട് നിറയെ സുഗന്ധം പരത്തി ചെടികളിൽ മുല്ലപ്പൂ പൂത്ത് നിൽക്കുകയാണ്. എന്നാൽ ചില വീടുകളിൽ മുല്ലച്ചെടി ഇപ്പോഴും പ്രതിഷേധത്തിൽ തന്നെയാണ്. ഈ ചെടി ഇനി എന്ന് പൂക്കനാ എന്ന സംശയത്തിലായിരിക്കും വീട്ടുകാരും. എന്നാൽ ശരിയായ രീതിയിൽ മുല്ല ചെടി നട്ടാൽ നന്നായി പൂ പിടിക്കും. ഇനി ഫ്ലാറ്റുകളിലോ സ്ഥലപരിമിതിയുള്ള വീടുകളിലോ ആണ് താമസിക്കുന്നതെങ്കിൽ മുല്ല വളർത്താൽ ഏറ്റവും അനുയോജ്യം ചട്ടികളാണ്. മുല്ല ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കിയാലോ….
മുല്ല ചെടി നടേണ്ട വിധം
- മുല്ല ചെടി നടാൻ അനുയോജ്യമായ ചട്ടി തിരഞ്ഞെടുക്കുക എന്നതാണ് ആദ്യത്തെ ടാസ്ക്. മുല്ലയുടെ വേരുകൾ നന്നായി പടരാൻ അല്പം വലിയ ചട്ടി തിരഞ്ഞെടുക്കാവുന്നതാണ്. വെള്ളം പോകാൻ ചട്ടിയുടെ അടിയിൽ സുഷിരങ്ങളും ഇട്ടുകൊടുക്കണം.
- വെള്ളം കെട്ടിനിൽക്കാത്ത തരം മണ്ണ് വേണം ഉപയോഗിക്കാൻ. മണ്ണ്, മണൽ, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ തുല്യഅളവിൽ കലർത്തി അതിൽ നടുന്നത് ചെടിയുടെ വളർച്ചയ്ക്ക് ഗുണകരമാണ്.
- മുല്ലച്ചെടി നന്നായി വളരാൻ സൂര്യപ്രകാശം അത്യാവശ്യമാണ്. ദിവസവും കുറഞ്ഞത് ആറ് മണിക്കൂർ എങ്കിലും നേരിട്ട് വെയിൽ കിട്ടുന്ന സ്ഥലത്ത് വേണം മുല്ലച്ചെടി നടാൻ. വെയിൽ കുറഞ്ഞാൽ ചെടിവളരുമെങ്കിലും പൂക്കൾ കുറവായിരിക്കും.
- ചെടി നനയ്ക്കുമ്പോഴും ശ്രദ്ധ വേണം. ചട്ടിയിലെ മണ്ണ് എപ്പോഴും ഈർപ്പമുള്ളതായിരിക്കണം. എന്നാൽ അമിതമായി വെള്ളം കെട്ടി കിടക്കാനും പാടില്ല. മണ്ണിലെ മുകൾഭാഗം ഉണങ്ങിയിരിക്കുന്നത് കാണുമ്പോൾ വെള്ളം നനയ്ക്കുക. വേനൽക്കാലത്ത് ദിവസം വെള്ളം ഒഴിക്കാൻ മറക്കരുത്.
ALSO READ: ബിപി കൂടുതലാണോ? ദിവസം ഇത്രയും നടന്നാൽ മതി
- കൊമ്പ് കോതലാണ് മറ്റൊരു പ്രധാനകാര്യം. കൂടുതൽ ശാഖകൾ വരുന്നത് ധാരാളം പൂക്കൾ ലഭിക്കാൻ സഹായിക്കും. അതിനാൽ കൃത്യസമയത്ത് കൊമ്പ് കോതേണ്ടതാണ്. പൂവിട്ട് കഴിഞ്ഞ ഉണങ്ങിയ ഭാഗങ്ങളും ഇലകളും വെട്ടി കളയണം. ഇത് പുതിയ മുകുളങ്ങൾ വരാൻ സഹായിക്കും. സാധാരണയായി മഴക്കാലത്തിന് ശേഷമോ, വസന്തക്കാലത്തോ ആണ് കൊമ്പ് കോതുന്നത്.
- ഇല പറിച്ച് കളയാനും മറക്കരുത്. ചെടിയിൽ ഇലകൾ അധികമായാൽ പൂക്കൾ കുറയും. മുല്ലയുടെ ഇലകൾ ഇടയ്ക്കിടെ കുറച്ചു പറിച്ചു കളയുന്നത് ചെടിയെ പൂവിടാൻ സഹായിക്കും. ഇത് ചെടിയുടെ ഊർജ്ജം പൂക്കൾ ഉണ്ടാക്കുന്നതിലേക്ക് തിരിച്ചുവിടും.
- മാസത്തിലൊരിക്കൽ ജൈവവളവും നൽകാം. ഇത് ചെടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും. രാസവളങ്ങൾ പരമാവധി ഉപയോഗിക്കാതിരിക്കുക. ചാണകപ്പൊടി, കടലപ്പിണാക്ക്, എല്ലുപൊടി പോലുള്ളവ ഉപയോഗിക്കാവുന്നതാണ്. രാസവളങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ നൈട്രജൻ കുറഞ്ഞതും ഫോസ്ഫറസ് കൂടുതലുമുള്ള വളങ്ങളാണ് തിരഞ്ഞെടുക്കാൻ.
- ഇലപ്പേനുകളും വെള്ളീച്ചകളും മുല്ല ചെടിയുടെ വളർച്ചയ്ക്ക് ഭീഷണി ഉയർത്തിയേക്കാം. ഈ കീടങ്ങളെ ഒഴിവാക്കാൻ വേപ്പെണ്ണ വെള്ളത്തിൽ കലക്കി ഇലകളിൽ തളിക്കുന്നത് നല്ലതാണ്. ഇത്തരം കൃത്യമായ പരിചരണത്തിലൂടെ മുല്ലപ്പൂ നന്നായി ലഭിക്കുന്നതാണ്.
English Summary:
Jasmine can grow well in pots if it receives the right care and conditions. Plant needs at least 4–6 hours of sunlight daily, preferably morning sun, and should be watered regularly without making the soil soggy. Monthly fertilizing with phosphorus-rich nutrients encourages more blooms, while regular pruning helps maintain bushy growth and increases flowering.