Health Tips: മൺസൂണായി… ഇനി താളും തകരേം പറിച്ചു കെട്ടാം… ഔഷധവും കറിയും ഒന്നായാലോ?

Medicinal and Nutritional Value of the traditional Thakara Plant: കേരളത്തിലെ പഴയ തലമുറ മഴക്കാലത്ത് തകരയില തോരനും കറിയും വെക്കുന്നത് പതിവായിരുന്നു. ദാരിദ്ര്യകാലത്ത് താളും തകരയും ആയിരുന്നു പല കുടുംബങ്ങളുടെയും വിശപ്പടക്കിയിരുന്നത്. തകരയുടെ വിത്തുകൾ വറുത്ത് പൊടിച്ചാൽ കാപ്പിയുടെ അതേ നിറവും മണവും ലഭിക്കും. ഇതിൽ കഫീൻ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത.

Health Tips: മൺസൂണായി... ഇനി താളും തകരേം പറിച്ചു കെട്ടാം... ഔഷധവും കറിയും ഒന്നായാലോ?

Thakara

Published: 

02 May 2026 | 04:50 PM

പണ്ടുകാലത്ത് കേരളത്തിലെ തൊടികളിലും പറമ്പുകളിലും സമൃദ്ധമായി വളർന്നിരുന്ന തകര ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ആയുർവേദത്തിൽ മാത്രമല്ല ചൈനീസ് ചികിത്സാരീതികളിലും ഒരുപോലെ പ്രാധാന്യമുള്ള ഒന്നാണ് തകര. മഴക്കാലത്തിന്റെ വരവറിയിച്ച് തൊടികളിൽ താനേ മുളച്ചുപൊങ്ങുന്ന ചെടിയാണ് തകര. വട്ടത്തകര എന്നും ഇതിന് പേരുണ്ട്. ആഫ്രിക്ക, തെക്കേ അമേരിക്ക, ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം കണ്ടുവരുന്ന ഈ സസ്യം കേരളീയരുടെ നാടൻ പാട്ടുകളിലും വാമൊഴികളിലും ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്നു.

പ്രധാന പ്രത്യേകതകൾ

ശാസ്ത്രീയ നാമം സെന തോറ (Senna tora) എന്നാണ്. ഇംഗ്ലീഷിൽ ഇതിനെ സിക്കിൾ സെന്ന എന്നും റിംഗ് വേം പ്ലാന്റ് എന്നും വിളിക്കുന്നു. ഏകദേശം ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടി. ഇളം പച്ച നിറത്തിലുള്ള ഇലകൾ കൈവെള്ളയിലിട്ട് തിരുമ്മിയാൽ പ്രത്യേക ഗന്ധം അനുഭവപ്പെടാം. മഞ്ഞനിറത്തിലുള്ള പൂക്കളും 10-12 സെന്റീമീറ്റർ നീളമുള്ള കായകളുമാണ് ഇതിനുള്ളത്. കായകൾക്കുള്ളിൽ തവിട്ടു കലർന്ന കറുത്ത വിത്തുകൾ കാണപ്പെടുന്നു. തകര വെറുമൊരു കളയല്ല, മറിച്ച് മികച്ചൊരു ഔഷധം കൂടിയാണ്. മലബന്ധം, കണ്ണ് സംബന്ധമായ അസുഖങ്ങൾ, ചർമ്മരോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നായി ആയുർവേദത്തിൽ തകര ഉപയോഗിക്കുന്നു.

ALSO READ: യൗവനം നിലനിർത്തണോ? തക്കാളി വെറുതെ കഴിച്ചാൽ പോരാ; ശരിയായ രീതി ഇങ്ങനെ

കേരളത്തിലെ പഴയ തലമുറ മഴക്കാലത്ത് തകരയില തോരനും കറിയും വെക്കുന്നത് പതിവായിരുന്നു. ദാരിദ്ര്യകാലത്ത് താളും തകരയും ആയിരുന്നു പല കുടുംബങ്ങളുടെയും വിശപ്പടക്കിയിരുന്നത്. തകരയുടെ വിത്തുകൾ വറുത്ത് പൊടിച്ചാൽ കാപ്പിയുടെ അതേ നിറവും മണവും ലഭിക്കും. ഇതിൽ കഫീൻ അടങ്ങിയിട്ടില്ല എന്നതാണ് പ്രത്യേകത.

അപ്രത്യക്ഷമാകുന്ന നാട്ടുപ്പച്ച

ഇന്ന് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ പോലും തകര അപൂർവ്വമായി മാറിയിരിക്കുന്നു. പറമ്പുകൾ വീടുകൾക്ക് വഴിമാറിയതും തുറസ്സായ സ്ഥലങ്ങൾ ഇല്ലാതായതുമാണ് ഇതിന്റെ പ്രധാന കാരണം. മുമ്പ് ആരും നട്ടുനനയ്ക്കാതെ തന്നെ താനേ വളർന്നിരുന്ന ഈ സസ്യം ഇന്ന് സംരക്ഷിക്കപ്പെടേണ്ട ഒന്നായി മാറിയിരിക്കുന്നു. നാട്ടുഭക്ഷണത്തിന്റെ ഭാഗമായിരുന്ന തകരയെ വെറുമൊരു കളയായി കണ്ട് പിഴുതെറിയുന്നതിന് പകരം, അതിന്റെ ഔഷധ ഗുണങ്ങളെ തിരിച്ചറിഞ്ഞ് സംരക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

തകരയില തോരൻ

ഇതാണ് ഏറ്റവും പ്രചാരമുള്ള രീതി. ചോറിനൊപ്പം കഴിക്കാൻ വളരെ സ്വാദിഷ്ടമാണിത്. ഇത് തയ്യാറാക്കാൻ ആദ്യം തേങ്ങ, പച്ചമുളക്, ചുമന്നുള്ളി, ജീരകം, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഒന്ന് ചതച്ചെടുക്കുക ഇത് അരയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് കറിവേപ്പിലയും അരിഞ്ഞു വെച്ചിരിക്കുന്ന തകരയിലയും ചേർക്കുക. അല്പം ഉപ്പ് ചേർത്ത് ഇല നന്നായി വാടി വരുന്നത് വരെ വഴറ്റുക. ഇല വെന്തു തുടങ്ങുമ്പോൾ തയ്യാറാക്കി വെച്ചിരിക്കുന്ന തേങ്ങ മിശ്രിതം ചേർത്ത് നന്നായി ഇളക്കുക. ചെറിയ തീയിൽ 2-3 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. വെള്ളം അധികം ചേർക്കേണ്ടതില്ല. ആവിയിൽ തന്നെ വെന്തു കിട്ടും.

തകരയില മുതിര കറി

കർക്കടക മാസത്തിലും മറ്റും ശരീരപുഷ്ടിക്കായി ഉണ്ടാക്കുന്ന ഒന്നാണിത്. ഇത് തയ്യാറാക്കുന്നതിന് വേവിച്ചു വെച്ചിരിക്കുന്ന മുതിരയിലേക്ക് അരിഞ്ഞ തകരയില ചേർത്ത് വേവിക്കുക. ഇതിലേക്ക് മുളകുപൊടിയും ഉപ്പും ചേർക്കുക. ഇല വെന്ത ശേഷം തേങ്ങ അരച്ചത് ചേർത്ത് നന്നായി തിളപ്പിക്കുക. വെളിച്ചെണ്ണയിൽ കടുകും വറ്റൽമുളകും താളിച്ച് കറിയിൽ ഒഴിക്കുക. തകരയുടെ മൂത്ത ഇലകൾക്ക് അല്പം കയ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ മുകളിലെ ഇളം തളിരിലകൾ മാത്രം പാചകത്തിനായി എടുക്കുക. ഇല തിരുമ്മുമ്പോൾ ഉണ്ടാകുന്ന പ്രത്യേക ഗന്ധം വേവിക്കുമ്പോൾ മാറിക്കൊള്ളും.

English Summary

Thakara leaves (Senna tora) are traditionally used to make healthy stir-fries (Thoran) and curries in Kerala. The most popular recipe involves sautéing finely chopped tender leaves with a coarse mixture of coconut, cumin, garlic, and green chilies.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്