Gardening Tips: അടുക്കള വേസ്റ്റ് വെറുതെ കളയല്ലേ, പണം ചെലവാക്കാതെ ഗാർഡൻ സെറ്റ് ചെയ്യാം
Kitchen Gardening Tips: വീട്ടുമുറ്റം ഇല്ലാത്ത ഫ്ലാറ്റിൽ താമസിക്കുന്നവർ പോലും ബാൽക്കണിയിൽ പറ്റുന്ന തരത്തിൽ ഗാർഡൻ ഒരുക്കാറുണ്ട്. അതേസമയം, ഗാർഡനിങ് ധാരാളം പൈസ ചെലവുള്ള കാര്യമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ ഒരു പൈസ പോലും ചെലവില്ലാതെ അടുക്കളയിലെ വേസ്റ്റ് ഉപയോഗിച്ച് പോലും ഗാർഡൻ അടിപൊളിയാക്കാൻ സാധിക്കുമെന്ന് അറിയാമോ?
വീടും പരിസരവും ചെടികളാൽ നിറയ്ക്കുന്നത് പലരുടെയും ഇഷ്ട ഹോബിയാണ്. വീടിന് മനോഹാരിത നൽകുന്നതോടൊപ്പം മനസ്സിന് ഉന്മേഷവും നൽകാനും ഗാർഡനിങ് സഹായിക്കും. വീട്ടുമുറ്റം ഇല്ലാത്ത ഫ്ലാറ്റിൽ താമസിക്കുന്നവർ പോലും ബാൽക്കണിയിൽ പറ്റുന്ന തരത്തിൽ ഗാർഡൻ ഒരുക്കാറുണ്ട്. അതേസമയം, ഗാർഡനിങ് ധാരാളം പൈസ ചെലവുള്ള കാര്യമാണെന്ന തെറ്റിദ്ധാരണ പലർക്കുമുണ്ട്. എന്നാൽ ഒരു പൈസ പോലും ചെലവില്ലാതെ അടുക്കളയിലെ വേസ്റ്റ് ഉപയോഗിച്ച് പോലും ഗാർഡൻ അടിപൊളിയാക്കാൻ സാധിക്കുമെന്ന് അറിയാമോ?
ചിരട്ട എങ്ങനെ ഉപയോഗിക്കാം?
ചിരട്ടയുടെ അടിഭാഗത്ത് വെള്ളം വാർന്നുപോകാൻ (Drainage) ചെറിയൊരു ദ്വാരമിട്ട് അതിൽ മണ്ണു നിറച്ച് മണിപ്ലാന്റ്, സക്കുലന്റുകൾ, ചെറിയ അലങ്കാരച്ചെടികൾ എന്നിവ വളർത്താവുന്നതാണ്. ഇവ വരാന്തകളിലും ജനലരികിലും വെക്കാൻ വളരെ ഭംഗിയാണ്. അതുപോലെ ചിരട്ടയിൽ മൂന്ന് വശത്തായി ദ്വാരങ്ങളിട്ട് കയറോ കമ്പിയോ കെട്ടി ഹാംഗിങ് പ്ലാന്ററുകളാക്കി മാറ്റാം. പെയിന്റ് ചെയ്ത് ഉപയോഗിച്ചാൽ ഗാർഡന് മനോഹരമായ ലുക്ക് ലഭിക്കും.
ചിരട്ടകൾ കമഴ്ത്തി വെച്ചോ അല്ലെങ്കിൽ ചെറുതായി തകർത്ത് ചെടിച്ചട്ടികളുടെ അടിയിൽ വെച്ചോ ഉപയോഗിച്ചാൽ മണ്ണിലെ ഈർപ്പം വേഗത്തിൽ വറ്റിപ്പോകാതെ നിലനിർത്താൻ സാധിക്കും. ചെടിച്ചട്ടികളുടെ അടിയിലുള്ള ദ്വാരം അടഞ്ഞുപോകാതിരിക്കാനും അധികമുള്ള വെള്ളം എളുപ്പത്തിൽ വാർന്നുപോകാനും ഡ്രെയിനേജ് കല്ലുകൾക്ക് പകരം ചിരട്ടക്കഷണങ്ങൾ ഉപയോഗിക്കാവുന്നതുമാണ്.
മുട്ടത്തോടിൽ ചെടി നടാം
മുട്ടത്തോടിൽ ധാരാളം കാത്സ്യം കാർബണേറ്റ് അടങ്ങിയിട്ടുണ്ട്. മുട്ടത്തോട് നന്നായി കഴുകി ഉണക്കി പൊടിച്ച് തക്കാളി, വഴുതന, പച്ചമുളക് തുടങ്ങിയ ചെടികളുടെ ചുവട്ടിൽ ഇട്ടുകൊടുത്താൽ കായ്ഫലം കൂടുകയും കായ്കൾ ചീഞ്ഞുപോകുന്നത് തടയുകയും ചെയ്യും. അതുപോലെ, മുട്ടത്തോട് ഉടയാതെ പകുതിയാക്കി അടിഭാഗത്ത് ചെറിയൊരു ദ്വാരമിട്ട് അതിൽ കുറച്ച് മണ്ണുനിറച്ച് ചെറിയ വിത്തുകൾ (തക്കാളി, മുളക്, ചീര) പാകി മുളപ്പിക്കാം. ചെടി മുളച്ചുവരുമ്പോൾ മുട്ടത്തോടോടെ തന്നെ വലിയ ചട്ടിയിലേക്കോ തടത്തിലേക്കോ മാറ്റാവുന്നതാണ്. മുട്ടത്തോട് മണ്ണിൽ സ്വയം അലിഞ്ഞുചേരും.
ALSO READ: തേങ്ങയുടെ തൊണ്ട് വെറുതെ കളയല്ലേ! ഇൻഡോർ പ്ലാന്റുകൾ അടിപൊളിയായി വളർത്താം
മുട്ടത്തോട് വലിയ കഷണങ്ങളായി പൊടിച്ച് ചെടികളുടെ ചുവട്ടിൽ വിതറിയാൽ, അവയുടെ മൂർച്ചയുള്ള അരികുകൾ കാരണം ഒച്ചുകളും പുഴുക്കളും ചെടിയുടെ അടുത്തേക്ക് വരുന്നത് തടയാം. കൂടാതെ, കമ്പോസ്റ്റ് ബിന്നിലേക്ക് മുട്ടത്തോട് പൊടിച്ച് ചേർത്താൽ കമ്പോസ്റ്റിലെ കാത്സ്യത്തിന്റെ അളവ് വർദ്ധിക്കുകയും വളത്തിന്റെ ഗുണമേന്മ കൂടുകയും ചെയ്യും.
പ്ലാസ്റ്റിൽ ബോട്ടിലും ഉപകാരിയാണേ…
പ്ലാസ്റ്റിക് കുപ്പികൾ നീളത്തിൽ പകുതിയായി മുറിച്ച് അടിഭാഗത്ത് ചെറിയ ദ്വാരങ്ങളിട്ട് അതിൽ മണ്ണും വളവും നിറച്ച് വിത്തുകൾ പാകി മുളപ്പിക്കാം. ചെടികൾ അല്പം വലുതാകുമ്പോൾ പ്രധാന ചട്ടിയിലേക്ക് മാറ്റാം. കുപ്പിയുടെ അടിഭാഗം മുറിച്ച് മാറ്റുക. അടപ്പിൽ ചെറിയൊരു ദ്വാരമിട്ട് അത് ചെടിയുടെ ചുവട്ടിലെ മണ്ണിലേക്ക് ഉറപ്പിച്ചു നിർത്തുക. കുപ്പിയിൽ വെള്ളം നിറച്ചാൽ തുള്ളിയായി മണ്ണിലേക്ക് ഇറങ്ങിക്കൊള്ളും.
ബോട്ടിലുകൾ മധ്യഭാഗം ചതുരാകൃതിയിൽ മുറിച്ച് മാറ്റി അതിൽ മണ്ണ് നിറച്ച് വള്ളികളോ കയറോ ഉപയോഗിച്ച് ഗ്രില്ലുകളിലോ ഭിത്തിയിലോ തൂക്കിയിടാവുന്നതാണ്. പോർട്ടുലാക്ക (പത്തു മണി ചെടി), പുതിന, ചെറിയ അലങ്കാരച്ചെടികൾ എന്നിവ ഇതിൽ എളുപ്പത്തിൽ വളർത്താം. സ്ഥലപരിമിതിയുള്ള വീടുകളിലും ഫ്ലാറ്റുകളിലും ഭിത്തിയിലോ ഫ്രെയിമുകളിലോ നിരനിരയായി പ്ലാസ്റ്റിക് കുപ്പികൾ കെട്ടിത്തൂക്കി വെർട്ടിക്കൽ ഗാർഡൻ നിർമ്മിക്കാം. പാലക്, ചീര, കൊത്തമല്ലി തുടങ്ങിയ ഇലക്കറികൾ വളർത്താൻ ഇത് വളരെ മികച്ചതാണ്.
ചായക്കൊത്തും കളയല്ലേ
തേയിലച്ചണ്ടി അല്ലെങ്കിൽ ചായക്കൊത്തും തോട്ടത്തിലെ ചെടികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു സ്വാഭാവിക വളമാണ്. ചായപ്പൊടിയിൽ ധാരാളം നൈട്രജൻ അടങ്ങിയിട്ടുണ്ട്. ഇത് ചെടികളുടെ തഴച്ചുവളർച്ചയ്ക്കും പച്ചപ്പുളള ഇലകൾക്കും സഹായിക്കും. റോസ്, മുല്ല, ഓർക്കിഡ്, തക്കാളി തുടങ്ങിയ അമ്ലത്വം (Acidic soil) ഇഷ്ടപ്പെടുന്ന ചെടികൾക്ക് തേയിലച്ചണ്ടി നൽകുന്നത് മണ്ണിലെ pH ലെവൽ ക്രമീകരിക്കാൻ നല്ലതാണ്.
വീട്ടിലുണ്ടാക്കുന്ന കമ്പോസ്റ്റിലേക്ക് തേയിലച്ചണ്ടി ചേർക്കുന്നത് കമ്പോസ്റ്റ് വേഗത്തിൽ ദ്രവിക്കാനും, പോഷകഗുണം വർദ്ധിപ്പിക്കാനും സഹായിക്കും. മണ്ണിന്റെ ഘടന മെച്ചപ്പെടുത്തും: മണ്ണിൽ ഈർപ്പം നിലനിർത്താനും വായുസഞ്ചാരം കൂട്ടാനും ഇത് ഉപകരിക്കും.
English Summary:
This article explain how kitchen waste and recycled materials can be reused to create a garden without spending much money. Coconut shells can be turned into planters or hanging pots, while broken shell pieces can improve drainage and retain moisture in pots.