Monsoon Travel Guide: അടിപൊളി മൺസൂൺ ട്രിപ്പിന് തയ്യാറെടുക്കാം; എവിടെ പോകണം, എന്തെല്ലാം പാക്ക് ചെയ്യണം?
Monsoon Trip 2026: സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും വേനൽമഴ ശക്തമായിട്ട് നിലനിൽക്കുകയാണ്. ഈ സമയം ആസ്വദിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ വെറുതെ പോകും പോലെ കൈയ്യും വീശി മഴക്കാലത്ത് യാത്രയ്ക്ക് ഇറങ്ങി പുറപ്പെടരുത്. മഴക്കാലം തുടങ്ങിയാൽ നിങ്ങൾ കൈയ്യിൽ കരുതിയിരിക്കേണ്ട നിരവധി വസ്തുക്കളുണ്ട്. യാത്ര പ്ലാൻ ചെയ്യുന്നത് മുതൽ ബാഗിൽ കരുതേണ്ട കാര്യങ്ങൾ ഉൾപ്പെടെ വിശദമായ വിവരങ്ങൾ വായിച്ചറിയാം.

പ്രതീകാത്മക ചിത്രം
മൺസൂൺ ടൂറിസം പല സഞ്ചാരികളുടെയും ഏറ്റവും ഇഷ്ടമുള്ള സമയമാണ്. 2026-ലെ മഴക്കാലം ഏതാണ്ട് ആരംഭിച്ചിരിക്കുകയാണ്. ഔദ്യോഗികമായി മൺസൂൺ ആരംഭിച്ചിട്ടില്ലെങ്കിലും, സംസ്ഥാനത്തിൻ്റെ മിക്ക ഭാഗങ്ങളിലും വേനൽമഴ ശക്തമായിട്ട് നിലനിൽക്കുകയാണ്. ഈ സമയം ആസ്വദിക്കാൻ പറ്റിയ നിരവധി സ്ഥലങ്ങൾ നമ്മുടെ നാട്ടിലുണ്ട്. എന്നാൽ വെറുതെ പോകും പോലെ കൈയ്യും വീശി മഴക്കാലത്ത് യാത്രയ്ക്ക് ഇറങ്ങി പുറപ്പെടരുത്. മഴക്കാലം തുടങ്ങിയാൽ നിങ്ങൾ കൈയ്യിൽ കരുതിയിരിക്കേണ്ട നിരവധി വസ്തുക്കളുണ്ട്. യാത്ര പ്ലാൻ ചെയ്യുന്നത് മുതൽ ബാഗിൽ കരുതേണ്ട കാര്യങ്ങൾ ഉൾപ്പെടെ വിശദമായ വിവരങ്ങൾ വായിച്ചറിയാം.
ALSO READ: മഴക്കാലത്ത് മൂന്നാറിലേക്ക് പോകാമോ? സുരക്ഷിതമായ യാത്രയ്ക്ക് അറിയേണ്ടതെല്ലാം
എവിടെ പോകണം?
മഴക്കാലത്ത് കേരളം കൂടുതൽ സുന്ദരിയാകുന്നത് മലയോര മേഖലകളിലും വെള്ളച്ചാട്ടങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലുമാണ്. അത്തരത്തിൽ ഏറ്റവും മനോഹരമായിട്ടുള്ള കേരളത്തിലെ സ്ഥലങ്ങൾ ഏതെല്ലാമെന്ന് നമുക്ക് നോക്കാം.
മൂന്നാർ- വാഗമൺ: മഴക്കാലത്ത് കോടമഞ്ഞും തേയിലത്തോട്ടങ്ങളും ആസ്വദിക്കാൻ മൂന്നാറും വാഗമണ്ണിനേക്കാളും നല്ല സ്ഥലങ്ങൾ വേറെയില്ലെന്ന് പറയാം. മഴ നനഞ്ഞുള്ള മൂന്നാർ യാത്ര ഒരു മാന്ത്രിക അനുഭവമാണ് നൽകുന്നത്.
അതിരപ്പിള്ളി വെള്ളച്ചാട്ടം: മൺസൂണിലാണ് അതിരപ്പിള്ളി അതിൻ്റെ പൂർണ്ണ രൂപത്തിൽ കാണപ്പെടുന്നത്. തൃശ്ശൂരിലെ ചാലക്കുടി പുഴ നിറഞ്ഞു കവിയുന്നതിൻ്റെ ഏറ്റവും വലിയ മനോഹാരിത ഒളിച്ചിരിക്കുന്നത് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലാണ്.
വയനാട്: ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്കും കാടിൻ്റെ ഏറ്റവും നല്ല മനോഹരമായ കാഴ്ച്ചകൾ ആസ്വദിക്കുന്നതിനും വയനാടാണ് ഏറ്റവും നല്ലത്. എടക്കൽ ഗുഹകളും വെള്ളച്ചാട്ടങ്ങളും മഴയിൽ കൂടുതൽ ഭംഗിയുള്ളതിനാൽ കാഴ്ച്ചകളും അതിമനോഹരമാണ്.
കുമാരകം -ആലപ്പുഴ: മഴയിൽ കായൽ സൗന്ദര്യം ആസ്വദിക്കാൻ ആലപ്പുഴയിലെ ഹൗസ്‌ബോട്ട് യാത്ര മികച്ചതാണ്. മഴത്തുള്ളികൾ വീഴുന്ന വേമ്പനാട് കായലിലൂടെ യാത്ര ചെയ്യുന്നതും ചൂടുള്ള കടൽ ഭക്ഷണങ്ങൾ ആസ്വദിക്കുന്നതും പ്രത്യേക അനുഭവമാണ്.
നെല്ലിയാമ്പതി: അധികം തിരക്കില്ലാത്ത, മേഘങ്ങളാൽ ചുറ്റപ്പെട്ട ഒരു മഴക്കാല സ്പോട്ടാണ് നിങ്ങൾ തിരയുന്നതെങ്കിൽ തീർച്ചയായും നെല്ലിയാമ്പതി തിരഞ്ഞെടുക്കാം. കാണാത്ത കാഴ്ച്ചകളും കാടിൻ്റെ കേൾക്കാത്ത ശബ്ദങ്ങളും ഇവിടെനിന്നാൽ ആസ്വദിക്കാം.
ബാഗിൽ എന്തെല്ലാം കരുതണം?
മഴക്കാല യാത്രകളിൽ പാക്കിംഗ് വളരെ പ്രധാനമാണ്. ഫോൺ, ക്യാമറ, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കാൻ വാട്ടർപ്രൂഫ് കവറുകൾ കൈയ്യിൽ കരുതാൻ മറക്കരുത്. കോട്ടൺ വസ്ത്രങ്ങളെക്കാൾ മഴ നനഞ്ഞാലും വേഗത്തിൽ ഉണങ്ങുന്ന സിന്തറ്റിക് അല്ലെങ്കിൽ നൈലോൺ വസ്ത്രങ്ങൾ യാത്രകളിൽ ധരിക്കുന്നതാകും നല്ലത്. നല്ല ഗുണനിലവാരമുള്ള റെയിൻകോട്ട് അല്ലെങ്കിൽ ഫോൾഡബിൾ കുട കയ്യിൽ കരുതുക.
മലയോരമേഖലകളിൽ മഴക്കാലത്ത് പാറകളിൽ വഴുക്കൽ ഉണ്ടാകാറുണ്ട്. വഴുക്കില്ലാത്തതും വെള്ളം കയറാത്തതുമായ ചെരുപ്പുകളോ ട്രെക്കിംഗ് ഷൂസുകളോ ഉപയോഗിക്കുക. കൊതുകിൻ്റെ ശല്യം രൂക്ഷമായ സ്ഥലങ്ങളിൽ അതിനുള്ള മരുന്ന് കൈയ്യിൽ കരുതുക, അട്ടകളെ ഒഴിവാക്കാൻഉപ്പ് അല്ലെങ്കിൽ സാനിറ്റൈസർ, പനി, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ എന്നിവയും കൈയ്യിൽ കരുതുക. യാത്ര തിരിക്കും മുൻപ് കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പുകളും ഓറഞ്ച്/റെഡ് അലർട്ടുകളും ശ്രദ്ധിക്കുക.
മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളിൽ ഇറങ്ങുന്നത് അപകടകരമാണ്. കാരണം പെട്ടെന്ന് പുഴയിലുണ്ടാകുന്ന മലവെള്ളപ്പാച്ചിൽ അറിയാൻ സാധിച്ചെന്ന് വരില്ല. അതിനാൽ വളരെയധികം സൂക്ഷിക്കുക. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുന്നതാണ് എപ്പോഴും നല്ലത്. പരിചയസമ്പന്നരായ വ്യക്തികൾ വാഹനം ഓടിക്കുന്നതാണ് എപ്പോഴും നല്ലത്.
English Summary:
Trip during the peak of the Kerala monsoon require many things. In this guide, we will share simple steps to read weather alerts, pick rain-friendly destinations, build safety precautions into your itinerary, and pack smart for a family getaway.