KSRTC Double Decker Bus: കെഎസ്ആർടിസി ഡബിൾ ഡെക്കറിൽ കണ്ണൂർ ചുറ്റാം; സമയവും ടിക്കറ്റ് നിരക്കും അറിയാം
KSRTC Kannur Double Decker Bus Travel Guide: നഗരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന വർണ കാഴ്ചകൾ ഒരു ഓപ്പൺ- ടോപ്പ് ഡബിൾ ഡെക്കർ ബസിന്റെ മുകളിലിരുന്ന് കണ്ടുമടങ്ങാൻ സഞ്ചാരികൾക്കായി മികച്ച അവസരമൊരുക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ കോർപ്പറേഷനുമായി സഹകരിച്ച് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രത്യേക നൈറ്റ് ടൂർ സർവീസിന് തുടക്കമിട്ടിരിക്കുന്നത്.

KSRTC Double Decker
ദസറ ആഘോഷങ്ങളുടെ ഭാഗമായി വർണ്ണാഭമായ ദീപാലങ്കാരങ്ങളാൽ തിളങ്ങിനിൽക്കുന്ന കണ്ണൂർ നഗരത്തിന്റെ മനോഹരമായ രാത്രിദൃശ്യങ്ങൾ ഇനി തൊട്ടടുത്ത് കണ്ടു ആസ്വദിക്കാം. നഗരത്തിലെ കണ്ണഞ്ചിപ്പിക്കുന്ന വർണ കാഴ്ചകൾ ഒരു ഓപ്പൺ- ടോപ്പ് ഡബിൾ ഡെക്കർ ബസിന്റെ മുകളിലിരുന്ന് കണ്ടുമടങ്ങാൻ സഞ്ചാരികൾക്കായി മികച്ച അവസരമൊരുക്കുകയാണ് കെഎസ്ആർടിസി. കണ്ണൂർ കോർപ്പറേഷനുമായി സഹകരിച്ച് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന ഈ പ്രത്യേക നൈറ്റ് ടൂർ സർവീസിന് തുടക്കമിട്ടിരിക്കുന്നത്.
കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന്റെ മുകളിലത്തെ നിലയിലിരുന്ന് നഗരത്തിലെ ദീപാലങ്കാരങ്ങളും കടൽക്കാറ്റും കൺകുളിർക്കെ കണ്ട് ആസ്വദിച്ച് യാത്ര ചെയ്യാനുള്ള നല്ലൊരു അവസരമാണിത്. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം കുറഞ്ഞ ചിലവിൽ നഗരം ചുറ്റിക്കാണാൻ പറ്റിയ നിരക്കിാണ് കെഎസ്ആർടിസി ഈ സർവീസ് ഒരുക്കുന്നത്. ദസറ ആഘോഷ ദിനങ്ങളോട് അനുബന്ധിച്ച് 10 ദിവസം മാത്രമാണ് ഈ പ്രത്യേക സർവീസ് ലഭ്യമാകുന്നത്.
ALSO READ: ബെംഗളൂരുവിലെ ഡൈനോസർ പാർക്ക് ടിക്കറ്റ് നിരക്കും സ്ഥലവും
റൂട്ടും ടിക്കറ്റ് നിരക്കും
40 മിനിറ്റ് നീളുന്ന ഈ യാത്ര ഓൾഡ് ബസ് സ്റ്റാൻഡിൽ നിന്നാണ് ആരംഭിക്കുന്നത്. ശേഷം എകെജി ഹോസ്പിറ്റൽ, താന, പ്ലാസ, മുനീശ്വരൻ കോവിൽ എന്നിവ വഴി സഞ്ചരിച്ച് തിരികെ അതേ സ്ഥലത്ത് തന്നെ എത്തിച്ചേരുന്നു. ഒരാൾക്ക് 100 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. എല്ലാ ദിവസവും വൈകുന്നേരം അഞ്ച് മുതൽ രാത്രി 10 വരെയാണ് ബസ് സർവീസ് നടത്തുന്നത്. എന്നാൽ തിരക്ക് കൂടുതലാണെങ്കിൽ സർവീസ് സമയം അർദ്ധരാത്രി വരെ നീട്ടുമെന്ന് കെഎസ്ആർടിസി ഡിടിഒ പിഇ രഞ്ജിത്ത് അറിയിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ നിലവിലുള്ള നൈറ്റ് ടൂറുകൾക്ക് സമാനമായി, കണ്ണൂരിലും ഈ ഡബിൾ ഡെക്കർ സർവീസ് സ്ഥിരമാക്കുന്ന കാര്യം പൊതുജനങ്ങളുടെ പ്രതികരണം കണക്കിലെടുത്ത് കെഎസ്ആർടിസി പരിഗണിച്ചേക്കും. പത്ത് ദിവസം നീണ്ടുനിൽക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങളുടെ ഉദ്ഘാടനം മേയർ പി ഇന്ദിരയാണ് നിർവഹിച്ചത്.
കണ്ണൂർ ദസറ ആഘോഷം
പത്തുനാൾ നീണ്ടുനിൽക്കുന്ന കണ്ണൂർ ദസറ ആഘോഷങ്ങൾക്ക് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. നവരാത്രി കാലയളവിലാണ് കണ്ണൂർ ദസറ ആഘോഷിക്കുന്നത്. തിന്മയ്ക്കെതിരായ നന്മയുടെ വിജയത്തെ അടയാളപ്പെടുത്തുന്ന ഈ ആഘോഷവേളയിൽ നാടൻ കലകൾ, ശാസ്ത്രീയ നൃത്തങ്ങൾ, പരമ്പരാഗത ആയോധന കലകൾ, സംഗീത പരിപാടികൾ എന്നിവ അരങ്ങേറും. ഒക്ടോബർ 21-ന് സമാപന ദിവസം കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന മെഗാ ഡ്രോൺ ഷോയും ഈ പരിപാടിയുടെ ഭാഗമായിരിക്കും.
മൈസൂർ ദസറയുടെ സാംസ്കാരിക പൈതൃകവും കണ്ണൂരിൻ്റെ തനത് കലാരൂപങ്ങളും സമന്വയിപ്പിച്ചാണ് ഇത്തവണത്തെ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. കണ്ണൂർ നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ഉത്തേജിപ്പിച്ചിരുന്ന വ്യാപാര ഉത്സവം കൂടിയാണ് ദസറ ആഘോഷം. കണ്ണൂരിലെ ജനങ്ങൾ ഏറെ ആവേശത്തോടെയാണ് കഴിഞ്ഞ വർഷങ്ങളിലെ ദസറ ആഘോഷം ഏറ്റെടുത്തത്.
English Summary:
Kannur city has put on its finest festive sparkle for the annual Dasara festival, and visitors can now enjoy the illuminated streets from an open-top double-decker bus. KSRTC launched a special 10-day tour service to give festival-goers.