Ooty Flower Show 2026: ഇനി പൂക്കളുടെ വിസ്മയക്കാഴ്ച! ഊട്ടി പുഷ്പമേള ഉടൻ ആരംഭിക്കും; തീയതിയും, ടിക്കറ്റ് നിരക്കും
Ooty Flower Show Expected Dates: ലക്ഷക്കണക്കിന് കാർണേഷൻ പൂക്കൾ കൊണ്ട് നിർമ്മിക്കുന്ന കൂറ്റൻ ഇൻസ്റ്റലേഷനുകൾ, റോസ് ഗാർഡനിലെ വിസ്മയക്കാഴ്ചകൾ എന്നിവ സാധാരണയായി ഊട്ടിയിലെ പുഷ്പമേളയിലെ പ്രധാന ആകർഷണമാണ്. സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ വഴിയും കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമായിരിക്കും. ക്യാമറയും മറ്റും ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതിന് നിശ്ചിത അധിക നിരക്ക് നൽകേണ്ടി വന്നേക്കാം.
നീലഗിരിയുടെ മടിത്തട്ടിൽ വീണ്ടും പൂവസന്തം വിരിയാൻ ഒരുങ്ങുന്നു. വിനോദസഞ്ചാരികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഊട്ടി പുഷ്പമേളയുടെ (Ooty Flower Show 2026) ഉടൻ ആരംഭിക്കുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. വേനൽച്ചൂടിൽ നിന്ന് രക്ഷതേടി തണുപ്പിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നവർക്ക് ഇനി ഊട്ടിയിലെ പുഷ്പമേളയും കണ്ട് ആസ്വദിക്കാവുന്നതാണ്. 126-ാമത് പുഷ്പമേളയ്ക്കായി ഊട്ടിയിലെ സർക്കാർ ബൊട്ടാണിക്കൽ ഗാർഡൻ ഒരുങ്ങിക്കഴിഞ്ഞു. ലക്ഷക്കണക്കിന് വൈവിധ്യമാർന്ന പൂക്കളാണ് ഇത്തവണ സന്ദർശകരെ വരവേൽക്കാനായി കാത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പുഷ്പമേള വൈകിയത്. നടനും ടിവികെ നേതാവുമായ വിജയുടെ സത്യപ്രതിഞ്ജാ ചടങ്ങ് കഴിഞ്ഞ് പുതിയ മന്ത്രിസഭ അധികാരത്തിലേറിയതിനാൽ അധികം വൈകാതെ തന്നെ പുഷ്പമേള നടക്കുന്നതാണ്. റിപ്പോർട്ടുകൾ പ്രകാരം മുഖ്യമന്ത്രി വിജയ് ആയിരിക്കും പുഷ്പമേള ഉദ്ഘാടനം ചെയ്യുക. മെയ് 20 ഓടെ പുഷ്പമേളയ്ക്ക് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉടൻ തന്നെ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകും.
ALSO READ: മൂന്നാർ സന്ദർശിക്കണോ? ഇനി കയ്യിൽ കാശുവേണം; എൻട്രി ഫീ ഏർപ്പെടുത്താൻ അധികൃതർ
ലക്ഷക്കണക്കിന് കാർണേഷൻ പൂക്കൾ കൊണ്ട് നിർമ്മിക്കുന്ന കൂറ്റൻ ഇൻസ്റ്റലേഷനുകൾ, റോസ് ഗാർഡനിലെ വിസ്മയക്കാഴ്ചകൾ എന്നിവ സാധാരണയായി ഊട്ടിയിലെ പുഷ്പമേളയിലെ പ്രധാന ആകർഷണമാണ്. സന്ദർശകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഓൺലൈൻ വഴിയും കൗണ്ടറുകൾ വഴിയും ടിക്കറ്റുകൾ ലഭ്യമായിരിക്കും. ക്യാമറയും മറ്റും ഉള്ളിലേക്ക് പ്രവേശിപ്പിക്കുന്നതിന് നിശ്ചിത അധിക നിരക്ക് നൽകേണ്ടി വന്നേക്കാം.
യാത്രക്കാർ ശ്രദ്ധിക്കാൻ
ഇ-പാസ് നിർബന്ധം: നീലഗിരി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്ക് തമിഴ്‌നാട് സർക്കാരിന്റെ ഇ-പാസ് (e-Pass) നിർബന്ധമാക്കിയിട്ടുണ്ട്. യാത്രയ്ക്ക് മുൻപായി ഔദ്യോഗിക പോർട്ടൽ വഴി ഇത് ഉറപ്പാക്കുക.
മുൻകൂട്ടി ബുക്ക് ചെയ്യാം: പുഷ്പമേള പ്രമാണിച്ച് ഊട്ടിയിൽ വലിയ തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ താമസസൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
പ്ലാസ്റ്റിക് നിരോധനം: ഊട്ടിയിൽ പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. അതിനാൽ പരിസ്ഥിതി സൗഹൃദ ബാഗുകളും കുപ്പികളും കൈയ്യിൽ കരുതാൻ ശ്രമിക്കുക.
ഇ-പാസ് അപേക്ഷിക്കേണ്ട വിധം?
1. തമിഴ്നാടിൻ്റെ ഔദ്യോഗിക ഇ-പാസ് പോർട്ടൽ സന്ദർശിക്കുക
2. ‘ഇന്ത്യയ്ക്കുള്ളിൽ’ അല്ലെങ്കിൽ ‘ഇന്ത്യയ്ക്ക് പുറത്ത്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക
3. ‘ലക്ഷ്യസ്ഥാനം’ ആയി നിങ്ങൾ പോകുന്ന സ്ഥലം തിരഞ്ഞെടുക്കുക
4. വാഹന വിശദാംശങ്ങൾ, യാത്രാ തീയതികൾ, യാത്രക്കാരുടെ വിവരങ്ങൾ, ഐഡി പ്രൂഫ് എന്നിവ നൽകുക. ചെക്ക്‌പോസ്റ്റിൽ കാണിക്കാൻ പ്രിന്റൗട്ട് എടുക്കാൻ മറക്കരുത്.
ഗതാഗത നിയന്ത്രണങ്ങൾ
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് മേയ് ഒന്ന് മുതൽ ഊട്ടിയിൽ വലിയ വാഹനങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മേട്ടുപ്പാളയത്ത് നിന്ന് വരുന്ന വിനോദസഞ്ചാര വാഹനങ്ങൾ കുന്നൂർ വഴി വരാതെ കാട്ടേരി ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് സെലാസ്, കെട്ടി വഴി ഊട്ടിയിലേക്ക് പ്രവേശിക്കണം. തിരിച്ചു പോകുന്ന വാഹനങ്ങൾ നിർബന്ധമായും കോത്തഗിരി വഴി മാത്രമേ മടങ്ങാവൂ. കുന്നൂർ ഘട്ട് റോഡ് വഴിയുള്ള ഇറക്കം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഗുഡല്ലൂർ വഴി വരുന്ന കേരള രജിസ്ട്രേഷനിലുള്ള വലിയ വാഹനങ്ങളും HPF ജംഗ്ഷനിൽ പാർക്ക് ചെയ്യാനാണ് നിർദ്ദേശം. അവിടെ നിന്ന് തമിഴ്നാട് ഗതാഗത വകുപ്പിന്റെ ഷട്ടിൽ ബസുകളിൽ മാത്രമെ ഊട്ടി നഗരത്തിലേക്ക് പോകാനാകു.
ENGLISH SUMMARY;
The 126th Ooty Flower Show, the crown of the Nilgiris Summer Festival, is set to transform the Government Botanical Garden. To manage the heavy summer rush, the Tamil Nadu Horticulture Department offers both counter and online ticket options.