AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranipuram: മഞ്ഞിൻ്റെ പുതപ്പും പച്ചപ്പിൻ്റെ സാമ്രാജ്യവും; ഇതാണ് കേരളത്തിൻ്റെ സ്വന്തം ഊട്ടി

Ooty Of Kerala Ranipuram: വേനൽക്കാലത്ത് പോലും ഇവിടുത്തെ തണുത്ത കാറ്റ് ഏൽക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. ഊട്ടിയിലെ പൈൻ കാടുകളെയും പുൽമേടുകളെയും അനുസ്മരിപ്പിക്കുന്ന വിശാലമായ പുൽമേടുകൾ തന്നെയാണ് ഇവിടുത്തെയും പ്രത്യേകത.

Ranipuram: മഞ്ഞിൻ്റെ പുതപ്പും പച്ചപ്പിൻ്റെ സാമ്രാജ്യവും; ഇതാണ് കേരളത്തിൻ്റെ സ്വന്തം ഊട്ടി
RanipuramImage Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 11 Feb 2026 | 01:52 PM

അങ്ങ് കേരളത്തിൻ്റെ വടക്കേ അറ്റത്ത്, കാസർകോട് ജില്ലയിൽ പശ്ചിമഘട്ടത്തോട് ചേർന്ന് നിൽക്കുന്ന അതിമനോഹരമായ ഒരു മലയോര മേഖലയാണ് റാണിപുരം (Ranipuram). എന്തുകൊണ്ടാണ് ഈ സുന്ദരഭൂമിയെ സഞ്ചാരികൾ ‘കേരളത്തിന്റെ ഊട്ടി’ എന്ന് വിളിക്കുന്നത് എന്ന് നിങ്ങൾക്ക് അറിയാമോ. അതിനാകട്ടെ നിരവധി കാരണങ്ങളുമുണ്ട്. ഊട്ടിയിലെന്നപോലെ മനസ്സിനെ കുളിരണിയിപ്പിക്കുന്ന തണുപ്പും, കണ്ണിന് കുളിർമയേകുന്ന പച്ചപ്പും തന്നെയാണ് റാണിപുരത്തിന് ഊട്ടിയെന്ന പേര് നൽകിയത്. റാണിപുരത്തിൻ്റെ വിശേഷങ്ങളിലൂടെ ഒന്നു സഞ്ചരിക്കാം.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1022 മീറ്റർ ഉയരത്തിലാണ് ഈ കുന്നിൻപ്രദേശം സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയാണിവിടെ. വേനൽക്കാലത്ത് പോലും ഇവിടുത്തെ തണുത്ത കാറ്റ് ഏൽക്കാൻ നിരവധി ആളുകൾ എത്താറുണ്ട്. ഊട്ടിയിലെ പൈൻ കാടുകളെയും പുൽമേടുകളെയും അനുസ്മരിപ്പിക്കുന്ന വിശാലമായ പുൽമേടുകൾ റാണിപുരത്തിൻ്റെ പ്രത്യേകതയാണ്. മലമുകളിൽ തട്ടി നിൽക്കുന്ന കോടമഞ്ഞും നൂൽമഴയും ഏതൊരു സഞ്ചാരിയെയും മോഹിപ്പിക്കാറുണ്ട്.

ALSO READ: മഴവിൽ വിസ്മയം ഒളിപ്പിച്ച റെയിൻബോ വെള്ളച്ചാട്ടം; ഇടുക്കിയിലെ അത്ഭുതം

കിലോമീറ്ററുകളോളം നീളുന്ന ട്രെക്കിംഗ് പാതകൾ സാഹസിക പ്രിയർക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടതാണ്. നിബിഡ വനത്തിലൂടെയും പുൽമേടുകളിലൂടെയും നടന്ന് മലമുകളിലുള്ള മണിമലയിൽ എത്തുമ്പോൾ കിട്ടുന്ന കാഴ്ച്ചയാകട്ടെ അതിമനോഹരമാണ്. റാണിപുരം മലകയറ്റം വെറുമൊരു യാത്രയായി കണരുത്, പ്രകൃതിയുടെ ഉള്ളറകളിലൂടെയുള്ള ഒരു അനുഭവമായി വേണം കാണാൻ. ബേസ് ക്യാമ്പിൽ നിന്ന് ഏകദേശം 2.5 മുതൽ മൂന്ന് കിലോമീറ്റർ വരെയാണ് മുകളിലേക്കുള്ള ദൂരം. സാധാരണഗതിയിൽ 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ കൊണ്ട് മുകളിലെത്താം. രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ് ഇവിടേക്കുള്ള പ്രവേശനം.

സഞ്ചാരികളെ കാത്തിരിക്കുന്ന കാഴ്ചകൾ

മണിമല: റാണിപുരത്തെ ഏറ്റവും ഉയർന്ന വ്യൂപോയിന്റാണ് മണിമല. ഇവിടെ നിന്നാൽ കർണാടകയിലെ വനമേഖലകളുടെയും അറബിക്കടലിൻ്റെയും ദൂരക്കാഴ്ചകൾ കാണാൻ സാധിക്കും. അതിനാൽ സഞ്ചാരികൾക്ക് ഇത് ഒരു വിസ്മയ അനുഭവമാണ് നൽകുന്നത്.

ജൈവവൈവിധ്യം: ആനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും വൈവിധ്യമാർന്ന പക്ഷികളും നമ്മുടെ നാട്ടിലെങ്ങും കാണാത്ത ചിത്രശലഭങ്ങളും നിറഞ്ഞ ഈ വനപ്രദേശം പ്രകൃതി സ്നേഹികൾക്ക് ഒരു പറുദീസയാണ്.

നിബിഡ വനങ്ങൾ: വന്യത നിറഞ്ഞ ചോലവനങ്ങളിലൂടെയുള്ള യാത്ര ജീവിതത്തിൽ ഒരിക്കലെങ്കിലും നിങ്ങൾ ആസ്വദിച്ചിരിക്കണം. ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും ഇതിലൂടെ കിട്ടുന്നത്.

യാത്രയ്ക്ക് മുമ്പ് അറിഞ്ഞിരിക്കണം

എപ്പോൾ പോകണം: സെപ്റ്റംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് റാണിപുരം സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം. എങ്കിലും ഏപ്രിൽ മെയ് മാസത്തിലെ കൊടും വേനലിലും റാണിപുരത്തിൻ്റെ കുളിരേകാൻ ആളുകൾ എത്താറുണ്ട്.

കാസർകോട് നഗരത്തിൽ നിന്നും ഏകദേശം 55 കിലോമീറ്റർ അകലെയാണ് റാണിപുരം. കാഞ്ഞങ്ങാട് ആണ് ഏറ്റവും അടുത്തുള്ള പ്രധാന ടൗൺ. അവിടെ നിന്ന് 45 കിമീ ആണ് ഇവിടേക്കുള്ള ദൂരം.

നിങ്ങൾ യാത്ര ചെയ്യുമ്പോൾ ഒരിക്കലും കൈവശമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കാട്ടിൽ ഉപേക്ഷിക്കരുത്. ട്രെക്കിംഗിന് പോകുമ്പോൾ ആവശ്യത്തിന് വെള്ളവും ലഘുഭക്ഷണവും കരുതുക.

മഴക്കാലത്താണ് യാത്രയെങ്കിൽ അട്ടകളുടെ ശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അല്പം ഉപ്പോ ലോഷനോ കരുതുന്നത് നന്നായിരിക്കും.

മലമുകളിൽ കടകളില്ല. അതിനാൽ ഭക്ഷണവും വെള്ളവും ബേസ് ക്യാമ്പിൽ നിന്ന് തന്നെ കൈയ്യിൽ കരുതാൻ മറക്കരുത്.