Namma Metro: ജൂണ്‍ ഒന്ന് മുതല്‍ നമ്മ മെട്രോ യെല്ലോ ലൈനില്‍ പുതിയ ട്രെയിന്‍; കാത്തിരിപ്പ് സമയം 5 മിനിറ്റിലേക്ക്
Bengaluru Namma Metro Introduces 5-Minute Train Intervals on Yellow Line: പത്താമത്തെ ട്രെയിനിന്റെ സര്‍വീസിന് മുന്നോടിയായുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണെന്ന് റോളിങ് സ്റ്റോക്ക്, സിഗ്‌നലിങ്, ഇലക്ട്രിക്കല്‍ ഡയറക്ടര്‍ സുമിത് ഭട്നാഗര്‍ പറഞ്ഞു. എല്ലാ പരിശോധനകളും പൂര്‍ത്തിയായ ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരു നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും, കാത്തിരിപ്പ് സമയം നീളുന്നത് യാത്രക്കാരില്‍ നിരാശ സമ്മാനിക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ ഒന്‍പത് മിനിറ്റും സാധാരണ സമയങ്ങളില്‍ 15 മിനിറ്റ് വരെയുമാണ് നിലവില്‍ നമ്മ മെട്രോയിലെ കാത്തിരിപ്പ് സമയം. ട്രെയിനുകള്‍ ആവശ്യത്തിന് ഇല്ലാത്തത് യാത്രക്കാരില്‍ കടുത്ത അതൃപ്തി നിറയ്ക്കുന്നു. (Image Credit Source: Getty Images)

എന്നാലിനി ഒട്ടും നിരാശ വേണ്ട, അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ നമ്മ മെട്രോ യെല്ലോ ലൈനിലേക്ക് പത്താമത്തെ ട്രെയിന്‍ എത്തുമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ഈ ട്രെയിനിന്റെ പരീക്ഷണയോട്ടങ്ങള്‍ നിലവില്‍ പുരോഗമിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ പരിശോധനകളും പൂര്‍ത്തിയാക്കി സര്‍വീസ് ആരംഭിക്കാനാണ് ബിഎംആര്‍സിഎല്‍ ലക്ഷ്യമിടുന്നത്. ജൂണ്‍ ഒന്ന് മുതല്‍ പുതിയ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചേക്കും.

പത്താമത്തെ ട്രെയിനിന്റെ സര്‍വീസിന് മുന്നോടിയായുള്ള പരീക്ഷണങ്ങള്‍ നടക്കുകയാണെന്ന് റോളിങ് സ്റ്റോക്ക്, സിഗ്‌നലിങ്, ഇലക്ട്രിക്കല്‍ ഡയറക്ടര്‍ സുമിത് ഭട്നാഗര്‍ പറഞ്ഞു. എല്ലാ പരിശോധനകളും പൂര്‍ത്തിയായ ശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ലൈനിലേക്ക് ഒന്‍പതാമത്തെ ട്രെയിന്‍ ബിഎംആര്‍സിഎല്‍ കൊണ്ടുവന്നത്. ഇതില്‍ എട്ട് ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്, ശേഷിക്കുന്ന ട്രെയിന്‍ അടിയന്തര സാഹചര്യങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടിയുള്ളതാണ്.

ഏപ്രില്‍ അവസാനത്തോടെയാണ് യെല്ലോ ലൈനിലേക്കുള്ള പത്താമത്തെ ട്രെയിന്‍ ബിഎംആര്‍സിഎലിന് ലഭിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു എട്ടാമത്തെ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത്. ഈ ട്രെയിന്‍ വന്നതോടെ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ട്രെയിനുകളുടെ ഇടവേള പത്ത് മിനിറ്റില്‍ നിന്നും ഒന്‍പത് മിനിറ്റാക്കി കുറയ്ക്കാന്‍ സാധിച്ചു. ഞായറാഴ്ചകളില്‍ 14-15 മിനിറ്റുമാണ് ഇടവേള.

ലൈനിലേക്ക് എത്തുന്ന പതിനൊന്നാമത്തെ ട്രെയിനിന്റെ സര്‍വീസ് പരീക്ഷണയോട്ടങ്ങള്‍ ജൂണ്‍ രണ്ടാം വാരത്തോടെ പൂര്‍ത്തിയാക്കുമെന്നും അതേ ആഴ്ചയില്‍ തന്നെ അതിന്റെ ഇന്‍ഡക്ഷന്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 10 ട്രെയിനുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്നതോടെ 19.75 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആര്‍വി റോഡ്-ബൊമ്മസാന്ദ്ര മെട്രോ പാതയിലെ യാത്ര എളുപ്പമാകുകയും കാത്തിരിപ്പ് സമയം ആറ്-ഏഴ് മിനിറ്റായി കുറയുകയും ചെയ്യും.