ശ്രീലങ്കയ്ക്ക് തിരിച്ചടി; കന്നി വനിതാ ചാമ്പ്യൻസ് ട്രോഫിക്കുള്ള വേദിയവകാശം ഇന്ത്യ സ്വന്തമാക്കി!
ICC Shifts 2027 Women's Champions Trophy from Sri Lanka to India: ശ്രീലങ്കയ്ക്ക് ശേഷം ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാൻ ബംഗ്ലാദേശ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ മൂന്ന് രാജ്യങ്ങളെയാണ് ഐസിസി പരിഗണിച്ചത്. തുടർന്നാണ് ഇന്ത്യയിലേക്ക് ഇത് ചുരുക്കിയത്. സെപ്റ്റംബർ 1-നാണ് ഐസിസി ബോർഡ് ഈ തീരുമാനമെടുത്തത്.
പ്രഥമ ഐസിസി വനിതാ ചാമ്പ്യൻസ് ട്രോഫി അടുത്ത വർഷം ഫെബ്രുവരി 14 മുതൽ 28 വരെ ഇന്ത്യയിൽ നടക്കും. ശ്രീലങ്കയ്ക്ക് അനുവദിച്ചിരുന്ന ആതിഥേയത്വ അവകാശം ഐസിസി ഗവേണിംഗ് കൗൺസിൽ റദ്ദാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം. മുംബൈയിലെ ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ, വഡോദരയിലെ വഡോദര ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ നടക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ആറ് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്. ജൂലൈ 6-ലെ യോഗ്യതാ കട്ട്-ഓഫ് തീയതിയിലെ ഐസിസി വനിതാ ട്വന്റി20 ടീം റാങ്കിംഗിലെ സ്ഥാനങ്ങളുടെ അടിസ്ഥാനത്തിലാണ് ടീമുകൾ യോഗ്യത നേടിയത്.
റൗണ്ട് റോബിൻ ലീഗ് മാതൃകയിൽ നടക്കുന്ന ടൂർണമെന്റിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന മുൻനിരയിലുള്ള രണ്ട് ടീമുകൾ ഫെബ്രുവരി 28-ന് നടക്കുന്ന ഫൈനലിലേക്ക് മുന്നേറും. ക്രിക്കറ്റ് ബോർഡിലെ സർക്കാർ ഇടപെടലാണ് ശ്രീലങ്കയ്ക്ക് ആതിഥേയത്വ അവകാശം നഷ്ടപ്പെടാൻ കാരണമായതെന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഭരണഘടനയിലും ഭരണനിർവ്വഹണത്തിലും വരുത്തേണ്ട മാറ്റങ്ങൾ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി സർക്കാരാണ് നിലവിലെ ശ്രീലങ്കൻ ക്രിക്കറ്റ് ഭരണസമിതിയായി ട്രാൻസ്ഫോർമേഷൻ കമ്മിറ്റിയെ നിയമിച്ചത്.
“രാഷ്ട്രീയമായി നിയമിക്കപ്പെടുന്ന ഇടക്കാല ഭരണസമിതികളെ ഐസിസി അംഗീകരിക്കുന്നില്ല. ട്രാൻസ്ഫോർമേഷൻ കമ്മിറ്റി ചുമതലയേറ്റതുമുതൽ ഐസിസി ബോർഡ് യോഗങ്ങളിൽ പങ്കെടുക്കാൻ ശ്രീലങ്കൻ ക്രിക്കറ്റ് പ്രതിനിധികളെ അനുവദിച്ചിട്ടുമില്ല,” ദ സൺഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Also Read: Rohit Sharma: രോഹിത് ശർമ്മയുടെ ലോകകപ്പ് സ്വപ്നങ്ങൾ അനിശ്ചിതത്വത്തിൽ! നിര്‍ണായക യോഗത്തിന് ബിസിസിഐ
പരിഗണിച്ചത് മൂന്ന് രാജ്യങ്ങളെ
ശ്രീലങ്കയ്ക്ക് ശേഷം ചാമ്പ്യൻസ് ട്രോഫിക്ക് ആതിഥേയത്വം വഹിക്കാൻ ബംഗ്ലാദേശ്, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ മൂന്ന് രാജ്യങ്ങളെയാണ് ഐസിസി പരിഗണിച്ചത്. തുടർന്നാണ് ഇന്ത്യയിലേക്ക് ഇത് ചുരുക്കിയത്. സെപ്റ്റംബർ 1-നാണ് ഐസിസി ബോർഡ് ഈ തീരുമാനമെടുത്തത്. രണ്ട് വർഷത്തിനിടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന മൂന്നാമത്തെ ഐസിസി ടൂർണമെന്റാണിത്. 2025-ലെ വനിതാ ഏകദിന ലോകകപ്പിനും 2026-ലെ പുരുഷ ട്വന്റി20 ലോകകപ്പിനും വേദിയായത് ഇന്ത്യയായിരുന്നു.
“ഐസിസി വനിതാ ചാമ്പ്യൻസ് ട്രോഫി 2027 വനിതാ ക്രിക്കറ്റിൽ ആവേശകരമായ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ഓരോ വർഷവും ഒരു പ്രമുഖ ഐസിസി വനിതാ ടൂർണമെന്റ് നടക്കുന്നതോടെ, വനിതാ ക്രിക്കറ്റിനും കളിക്കാർക്കും ലോകമെമ്പാടുമുള്ള ആരാധകർക്കും വലിയ മുന്നേറ്റമുണ്ടാക്കാനും കൂടുതൽ സ്ഥിരത നൽകാനും ശക്തമായ ഒരു താളം സൃഷ്ടിക്കാനും ഞങ്ങൾക്ക് വലിയ അവസരമാണ് ലഭിക്കുന്നത്” ഐസിസി ചെയർമാൻ ജയ് ഷാ പറഞ്ഞു.
English Summary
India will host the inaugural ICC Women’s Champions Trophy from February 14 to 28, featuring six top T20I teams competing in Mumbai and Vadodara. The International Cricket Council (ICC) stripped original host Sri Lanka of its hosting rights. Selected over candidates Bangladesh and South Africa, India will now stage its third major ICC event in two years following the 2025 Women’s ODI World Cup and 2026 Men’s T20 World Cup.