AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KCL 2026: പ്രതീക്ഷകളെല്ലാം അവസാനിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; തിരിച്ചടിയായത് സഞ്ജുവിന്റെ അസാന്നിധ്യമോ?

Sanju Samson's absence a setback for the Kochi Blue Tigers : അങ്ങേയറ്റം പരിതാപകരമായിരുന്നു കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പ്രകടനം. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അസാന്നിധ്യവും തിരിച്ചടിയായി.

KCL 2026: പ്രതീക്ഷകളെല്ലാം അവസാനിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്‌സ്; തിരിച്ചടിയായത് സഞ്ജുവിന്റെ അസാന്നിധ്യമോ?
Sanju Samson Kochi Blue TigersImage Credit source: Social Media
Jayadevan AM
Jayadevan AM | Published: 03 Sep 2026 | 03:05 PM

Kochi Blue Tigers: അങ്ങേയറ്റം പരിതാപകരമായിരുന്നു കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണില്‍ (കെസിഎല്‍ 2026) നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന്റെ പ്രകടനം. 10 മത്സരങ്ങളില്‍ ഏഴിലും തോറ്റ കൊച്ചിയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് കൊച്ചിക്ക് ഈ സീസണില്‍ ജയിക്കാനായത്. കഴിഞ്ഞ സീസണില്‍ പത്തില്‍ എട്ടു മത്സരങ്ങളിലും ജയിച്ചാണ് കൊച്ചി സെമിയിലെത്തിയത്. ബാറ്റിങിലും ബൗളിങിലും ഇത്തവണ പ്രകടനം ദയനീയമായിരുന്നു. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ അസാന്നിധ്യവും തിരിച്ചടിയായി. കഴിഞ്ഞ സീസണില്‍ വെറും ആറു മത്സരങ്ങളില്‍ മാത്രമാണ് കളിച്ചതെങ്കിലും 368 റണ്‍സുമായി റണ്‍വേട്ടക്കാരില്‍ നാലാമതായി സഞ്ജു സാംസണ്‍ എത്തിയിരുന്നു.

സഞ്ജു ബാറ്റിങില്‍ നല്‍കുന്ന മികച്ച തുടക്കമായിരുന്നു കെസിഎല്‍ 2025-ല്‍ കൊച്ചിയുടെ പ്രധാന കരുത്ത്. മൂന്ന് അര്‍ധ സെഞ്ചുറികളും, ഒരു സെഞ്ചുറിയുമാണ് സഞ്ജു കഴിഞ്ഞ സീസണില്‍ അടിച്ചുകൂട്ടിയത്. കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ സഞ്ജുവിനെ കൂടാതെ വിനൂപ് മനോഹരനും ബാറ്റിങില്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് 414 റണ്‍സ് നേടിയ വിനൂപ് കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ മൂന്നാമത് ഇടം പിടിച്ചിരുന്നു.

ഇത്തവണ ദയനീയം!

ഇത്തവണ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ‘ടോപ് ഫൈവി’ല്‍ കൊച്ചിയുടെ ഒരു താരം പോലുമില്ല. എട്ടാമതുള്ള സുരേഷ് സച്ചിനാണ് ഈ സീസണില്‍ കൊച്ചിക്കായി ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയത്. 10 മത്സരങ്ങളില്‍ നിന്ന് 253 റണ്‍സാണ് താരം നേടിയത്. കഴിഞ്ഞ സീസണില്‍ കൊച്ചിയുടെ ബൗളര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Also Read: Sanju Samson: സഞ്ജുവും വൈഭവും ഓപ്പണര്‍മാര്‍; അഭിഷേക് പുറത്ത്? അഫ്ഗാന്‍ പരമ്പരയിലെ സാധ്യതാ ഇലവന്‍

കേരള ക്രിക്കറ്റ് ലീഗ് 2025-ല്‍ എട്ട് മത്സരങ്ങളില്‍ നിന്ന് എട്ടു വിക്കറ്റുകള്‍ പിഴുത കൊച്ചിയുടെ കെഎം ആസിഫ് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാമതെത്തിയിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ വീഴ്ത്തിയ കൊച്ചിയുടെ മുഹമ്മദ് ആഷിക്കായിരുന്നു നാലാമത്.

എന്നാല്‍ ഇത്തവണ ആദ്യ അഞ്ചില്‍ കൊച്ചിയുടെ ഒരു താരം പോലുമില്ലെന്നതാണ് ശ്രദ്ധേയം. ഒമ്പതാമതുള്ള ബേസില്‍ തമ്പിയാണ് ഇത്തവണ കൊച്ചിക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ഏഴു മത്സരങ്ങളില്‍ നിന്ന് 10 വിക്കറ്റുകള്‍ ബേസില്‍ വീഴ്ത്തി. പത്താമതുള്ള കൊച്ചിയുടെ കാര്‍ത്തിക് ബി നായര്‍ 10 മത്സരങ്ങളില്‍ നിന്ന് പത്ത് വിക്കറ്റുകള്‍ നേടി.

English Summary

The performance of the reigning champions Kochi Blue Tigers in the third season of the Kerala Cricket League was extremely disappointing. Both batting and bowling were poor this time. The absence of Sanju Samson also played a role.

Follow Us