Sanju Samson vs Sreesanth: ഇന്‍സ്റ്റയില്‍ അണ്‍ഫോളോ ചെയ്തു! ‘ആലുവാ മണപ്പുറത്ത് വെച്ച് കണ്ട പരിചയം’ പോലും കാണിക്കാതെ സഞ്ജുവും ശ്രീശാന്തും
Sanju Samson and Sreesanth unfollowed each other: സഞ്ജു സാംസണും, ശ്രീശാന്തും അണ്‍ഫോളോ ചെയ്തതായി ഇവരുടെ ഫോളോവേഴ്‌സ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. എന്ന് മുതലാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും, എപ്പോഴാണ് അണ്‍ഫോളോ ചെയ്തതെന്നും വ്യക്തമല്ല. എന്താണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നമെന്നും അജ്ഞാതമാണ്.

Sanju Samson vs Sreesanth
സഞ്ജു സാംസണും, ശ്രീശാന്തും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇരുവരും നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നില്ലെന്നതാണ് സംശയങ്ങള്‍ ശക്തമാക്കുന്നത്. നേരത്തെ സഞ്ജുവും, ശ്രീശാന്തും പരസ്പരം ഫോളോ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ അണ്‍ഫോളോ ചെയ്തതായി ഇവരുടെ ഫോളോവേഴ്‌സ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍ വ്യക്തമാകും. എന്ന് മുതലാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും, എപ്പോഴാണ് അണ്‍ഫോളോ ചെയ്തതെന്നും വ്യക്തമല്ല. എന്താണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നമെന്നും അജ്ഞാതമാണ്. എന്തായാലും, സഞ്ജുവും ശ്രീശാന്തും തമ്മിലുള്ള ഭിന്നത ആരംഭിച്ചത് സമീപനാളുകളിലാണെന്നാണ് സൂചന.
കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ 2026) മൂന്നാം സീസൺ ഫൈനലിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങിൽ നടന്ന ചില സംഭവങ്ങളാണ് അഭ്യൂഹങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടത്. വേദിയിലെത്തിയ ശ്രീശാന്ത് അവിടെയുണ്ടായിരുന്ന മറ്റെല്ലാ പ്രമുഖർക്കും ഹസ്തദാനം നൽകിയെങ്കിലും സഞ്ജുവിന് മാത്രം കൈകൊടുക്കാൻ മുതിർന്നില്ല. തൊട്ടടുത്തുണ്ടായിരുന്നിട്ടും ഇരുവരും പരസ്പരം സംസാരിക്കാനോ മുഖത്തോടുമുഖം നോക്കാനോ തയ്യാറായില്ല. ഈ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഇരുവരും തമ്മിൽ പിണക്കത്തിലാണെന്ന സംശയങ്ങള്‍ ശക്തമാക്കിയത്.
വേദിയിലെ തിരക്കിനിടയിൽ സഞ്ജുവിന് ഹസ്തദാനം നൽകാൻ ശ്രീശാന്ത് മറന്നുപോയതാകാം എന്ന അഭിപ്രായവും ചില ആരാധകർ പങ്കുവെക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്ത കാര്യവും ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം, പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ചോ വൈറലായ വീഡിയോയെക്കുറിച്ചോ സഞ്ജുവോ ശ്രീശാന്തോ ഇതുവരെ പരസ്യമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല.
സഞ്ജുവും ശ്രീശാന്തും തമ്മിലുള്ള ബന്ധം
സഞ്ജു സാംസണിന്റെ ക്രിക്കറ്റ് കരിയറിന്റെ തുടക്കത്തിൽ ശ്രീശാന്ത് നൽകിയ പിന്തുണ വളരെ വലുതായിരുന്നു. 2013-ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നിരയിലേക്ക് സഞ്ജുവിന് വഴിതുറന്നത് ശ്രീശാന്തിന്റെ ഇടപെടലായിരുന്നു എന്ന് സഞ്ജു തന്നെ മുൻപ് പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. സഞ്ജു ഉൾപ്പെടെയുള്ള മലയാളി യുവതാരങ്ങളെ സ്വന്തം ചെലവിൽ രാജസ്ഥാന്റെ ട്രയൽസിന് എത്തിച്ചതും അന്നത്തെ ടീം ക്യാപ്റ്റനായിരുന്ന രാഹുൽ ദ്രാവിഡിന് മുന്നിൽ പരിചയപ്പെടുത്തിയതും ശ്രീശാന്തായിരുന്നു.
സഞ്ജുവിന് പിന്തുണയുമായി പലപ്പോഴും ശ്രീശാന്ത് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിൽ നിന്ന് സഞ്ജുവിനെ ഒഴിവാക്കിയപ്പോൾ കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ നടത്തിയ ചില പരാമര്‍ശങ്ങളുടെ പേരില്‍ ശ്രീശാന്തിന് നടപടി നേരിടേണ്ടി വന്നിരുന്നു. അടുത്തകാലത്താണ് കെസിഎ വിലക്ക് പിൻവലിച്ചത്.
English Summary
New evidence suggests a growing rift between Kerala cricketers Sanju Samson and Sreesanth. Social media users noticed that the two players have recently unfollowed each other on Instagram. Rumors initially began after a video surfaced from the award ceremony of the Kerala Cricket League (KCL 2026) finals. During the event, Sreesanth shook hands with other dignitaries on stage but completely ignored Sanju Samson.