Sanju Samson: ‘എന്തുകൊണ്ടാണ് എല്ലാവരും സഞ്ജുവിന് നേരെ തോക്ക് ചൂണ്ടുന്നത്?’; വൈഭവ് കാത്തിരിക്കട്ടേയെന്ന് മുന്‍ താരങ്ങള്‍
Sanju Samson and the battle for India’s T20I spot: മോശം ഫോമിലാണെങ്കിലും സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കരുതെന്ന് മുന്‍ താരങ്ങള്‍. മുന്‍ ബിസിസിഐ സെലക്ടര്‍ സാബ കരീമും, മുന്‍ താരം ചേതേശ്വര്‍ പൂജാരയുമാണ് സഞ്ജുവിനെ പിന്തുണച്ചത്.

Sanju Samson
മോശം ഫോമിലാണെങ്കിലും സഞ്ജു സാംസണെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കരുതെന്ന് മുന്‍ താരങ്ങള്‍. മുന്‍ ബിസിസിഐ സെലക്ടര്‍ സാബ കരീമും, മുന്‍ താരം ചേതേശ്വര്‍ പൂജാരയുമാണ് സഞ്ജുവിനെ പിന്തുണച്ചത്. അയര്‍ലന്‍ഡ് പര്യടനത്തിലും, ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. മൂന്ന് മത്സരങ്ങളിലും സഞ്ജു ഒറ്റയക്കത്തിന് പുറത്തായി. സഞ്ജുവിന് പകരം 15-കാരന്‍ വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ മുറവിളി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍ താരങ്ങള്‍ നിലപാട് വ്യക്തമാക്കിയത്.
നിലവിൽ മികച്ച രീതിയിൽ പോകുന്ന ഒരു ബാറ്റിംഗ് ലൈനപ്പിൽ മാറ്റം വരുത്തേണ്ട യാതൊരു ആവശ്യവുമില്ലെന്ന് സാബ കരീം പറഞ്ഞു. സ്റ്റാർ സ്‌പോർട്‌സിന്റെ ‘ഫോളോ ദി ബ്ലൂസ്’ പരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സാബ കരീം സഞ്ജുവിനെ പിന്തുണച്ചത്.
സഞ്ജു സാംസണ്‍ മാച്ച് വിന്നര്‍:
“ഈ ഘട്ടത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. സഞ്ജു സാംസൺ ഒരു മികച്ച താരമാണ്. അദ്ദേഹം പലപ്പോഴും മത്സരങ്ങൾ ഒറ്റയ്ക്ക് ജയിപ്പിച്ചിട്ടുള്ള മാച്ച് വിന്നറാണ്. വളരെ മികച്ചൊരു ഐപിഎൽ സീസണായിരുന്നു അദ്ദേഹത്തിന്റേത്. അതിനുമുമ്പ് ടി20 ലോകകപ്പിൽ അദ്ദേഹം പ്ലെയർ ഓഫ് ദി ടൂർണമെന്റും ആയിരുന്നു. നമ്മൾ ഇപ്പോൾ എന്താണ് നോക്കുന്നത്? ‘എല്ലാവരും എന്തുകൊണ്ടാണ് എന്നെ മാത്രം ലക്ഷ്യം വെക്കുന്നത്?’ എന്ന് സഞ്ജു സാംസൺ ചിന്തിക്കുന്നുണ്ടാകും,” സാബ പറഞ്ഞു.
പതിനഞ്ചാം വയസ്സിൽ സീനിയർ ദേശീയ ടീമിന്റെ ഭാഗമാകുക എന്നത് തന്നെ സൂര്യവംശിയെ സംബന്ധിച്ച് വലിയൊരു നാഴികക്കല്ലാണെന്നും, കളിക്കളത്തിലും ജീവിതത്തിലും വളരാൻ ഇതൊരു മികച്ച അവസരമാണെന്നും കരീം കൂട്ടിച്ചേർത്തു. വൈഭവ് സൂര്യവംശിക്ക് ഇതൊരു നല്ല പഠനസമയമാണ്. ഇന്ത്യൻ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം നേടണമെങ്കിൽ കഠിനാധ്വാനത്തിലൂടെ നേടിയെടുക്കണമെന്ന് അവനും മനസ്സിലാക്കേണ്ടതുണ്ട്. ഈ അന്തരീക്ഷം അവനെ ഒരു താരമായും നല്ലൊരു മനുഷ്യനായും വളരാൻ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പിന്തുണച്ച് ചേതേശ്വര്‍ പൂജാര:
മുൻ താരം ചേതേശ്വർ പൂജാരയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. സൂര്യവംശി ദേശീയ ടീമിൽ ഇടംപിടിച്ചത് തന്നെ ഒരു വലിയ നേട്ടമാണെന്ന് പൂജാര അഭിപ്രായപ്പെട്ടു.
“ഇത് അവന് ലഭിച്ച ഒരു വലിയ അവസരമാണ്. ഒരുപക്ഷേ അവന് പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചിട്ടുണ്ടാകില്ല, എങ്കിലും അവൻ ഇന്ത്യൻ ടീമിന്റെ ഭാഗമാണ്. 15 അംഗ ടീമിൽ ഉൾപ്പെടുക എന്നത് തന്നെ ഒരു വലിയ കാര്യമാണ്.അവനെ സംബന്ധിച്ച് ഇതൊരു സ്വപ്നസാഫല്യ നിമിഷമാണ്. ഇനി പ്ലേയിംഗ് ഇലവനിൽ അവസരം ലഭിക്കുമ്പോൾ അത് ഇതിനേക്കാൾ വലിയൊരു നിമിഷമായിരിക്കും,” പൂജാര വ്യക്തമാക്കി.
അവസരത്തിനായി കാത്തിരിക്കണം. വൈഭവ് സൂര്യവംശി ടീമിന്റെ ഭാഗമാണ് എന്നത് തന്നെ വലിയൊരു പോസിറ്റീവ് കാര്യമാണ്. മുതിർന്ന താരങ്ങള്‍ക്കും പരിശീലകർക്കും ഒപ്പം പരിശീലിക്കാനും, അവരിൽ നിന്ന് കാര്യങ്ങൾ പഠിക്കാനുമുള്ള സാഹചര്യം വൈഭവിന് ലഭിക്കുന്നുണ്ട്. അസാധാരണമായ പ്രതിഭയുള്ള താരമാണ് വൈഭ് സൂര്യവംശിയെന്നും ചേതേശ്വര്‍ പൂജാര പറഞ്ഞു.
English Summary
Fans are demanding the India debut of 15-year-old sensation Vaibhav Sooryavanshi. However, former selector Saba Karim wants the team to show patience. Karim defended Sanju Samson’s current spot in the playing XI. Cheteshwar Pujara agreed, stating that being in the squad is already a huge learning curve.