‘ദൈവ’ത്തെ മറികടക്കാനായില്ല! സച്ചിന്റെ റെക്കോർഡിന് അരികെ വീണ് വൈഭവ് സൂര്യവംശി
Vaibhav Suryavanshi historic achievement Duleep Trophy: ദുലീപ് ട്രോഫി ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഇനി വൈഭവ് സൂര്യവംശിയുടെ പേരിലാണ്. 1969-ൽ 16 വർഷവും 23 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോഡാണ് സൂര്യവംശി മറികടന്നത്. 15 വർഷവും 157 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ നേട്ടം. എന്നാൽ ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന സച്ചിന്റെ റെക്കോഡ് മറികടക്കുന്നതിന് തൊട്ടരികെ നിൽക്കെ വൈഭവ് ഔട്ടായി.
ക്രിക്കറ്റ് ദൈവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ താരമായ സാക്ഷാൽ സച്ചിൻ തെൻഡുൽക്കറുടെ 36 വർഷം പഴക്കമുള്ള റെക്കോർഡിന് 8 റൺ അകലെ വീണ് വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോണിനായി കളിച്ച 15-കാരനായ വൈഭവ് സൂര്യവംശി 81 പന്തുകളിൽ നിന്ന് 92 റൺസ് നേടി പുറത്തായി. ഈ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നെങ്കിൽ ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന സച്ചിന്റെ റെക്കോഡ് വൈഭവിന് മറികടക്കാമായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ കൗമാര വിസ്മയമായ വൈഭവിന് ഈ മത്സരത്തിൽ ബാറ്റ് ചെയ്യുമ്പോൾ 15 വർഷവും 157 ദിവസവുമാണ് പ്രായം. ദുലീപ് ട്രോഫിയിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡ് സച്ചിൻ സ്വന്തമാക്കിയത് 1990/91 സീസണിൽ 17 വർഷവും 262 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു.
Also Read: ധോണി 25% ഓഹരി ചോദിച്ചോ? ചെന്നൈ സൂപ്പർ കിംഗ്സ് ക്യാമ്പിൽ സംഭവിക്കുന്നത് എന്ത്?
സച്ചിന്റെ ഈ റെക്കോഡ് മറികടക്കുന്നതിന്റെ തൊട്ടടുത്തുവരെ എത്തിയെങ്കിലും 92-ൽ നിൽക്കെ ഹർഷ് ദുബെയുടെ പന്തിൽ അർഷാദ് ഖാന് ക്യാച്ച് നൽകി വൈഭവ് പുറത്താവുകയായിരുന്നു. ഔട്ടായതിന്റെ നിരാശ പ്രകടിപ്പിച്ച് തന്നെയാണ് വൈഭവ് കളംവിട്ടത്. പുറത്തായതിന് പിന്നാലെ ബാറ്റ് നിലത്തടിക്കുന്ന വൈഭവിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ സച്ചിന്റെ റെക്കോഡിന് തൊട്ടരികെ വീണെങ്കിലും 57 വർഷം പഴക്കമുള്ള മറ്റൊരു റെക്കോർഡ് ഈ മത്സരത്തിൽ തകർക്കാൻ വൈഭവിന് കഴിഞ്ഞു.
ദുലീപ് ട്രോഫി ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഇനി വൈഭവ് സൂര്യവംശിയുടെ പേരിലാണ്. 1969-ൽ 16 വർഷവും 23 ദിവസവും പ്രായമുള്ളപ്പോൾ അർധസെഞ്ചുറി നേടിയ ലക്ഷ്മൺ സിങ്ങിന്റെ റെക്കോഡാണ് സൂര്യവംശി മറികടന്നത്. 15 വർഷവും 157 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവിന്റെ ഈ നേട്ടം.
മത്സരത്തിൽ 40 റൺസിൽ നിൽക്കെ വൈഭവിന്റെ ക്യാച്ച് സെൻട്രൽ സോൺ താരങ്ങൾ കൈവിട്ടിരുന്നു. എന്നാൽ അതിലൊന്നും ഭയന്നു നിൽക്കാതെ, ബാറ്റുവീശിയ വൈഭവ്, കഴിഞ്ഞയാഴ്ച ശ്രീലങ്കയ്ക്കെതിരെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ അരങ്ങേറ്റം കുറിച്ച സാരൻഷ് ജെയിനെ സിക്‌സറിന് പറത്തിക്കൊണ്ട് വെറും 42 പന്തുകളിൽ നിന്ന് അർധസെഞ്ചുറി തികച്ചു.
സഹ ഓപ്പണർ അഭിമന്യു ഈശ്വരനൊപ്പം ഓപ്പണിങ് വിക്കറ്റിൽ 162 റൺസിന്റെ മികച്ച കൂട്ടുകെട്ട് വൈഭവ് പടുത്തുയർത്തി. 81 പന്തുകൾ നേരിട്ട്, ഏഴ് വീതം സിക്‌സും ഫോറും സഹിതം 92 റൺസ് ആണ് ഈ മത്സരത്തിൽ വൈഭവ് നേടിയത്. ഇത്തവണ സച്ചിന്റെ റെക്കോഡ് മറികടക്കാനായില്ലെങ്കിലും അതിനുള്ള ‘ബാല്യം’ ഇനിയും ബാക്കിയുണ്ട്.
ലിറ്റിൽ മാസ്റ്റർ എന്ന വിളിപ്പേരിലും അറിയപ്പെട്ടിരുന്ന സച്ചിന്റെ ഈ ദുലീപ് ട്രോഫി സെഞ്ച്വറി റെക്കോഡ് മറികടക്കാൻ രണ്ട് വർഷത്തിലേറെ സമയം വൈഭവിന് ബാക്കിയുണ്ട്. നിലവിൽ 15 വയസ് പിന്നിട്ട വൈഭവിന് സച്ചിന്റെ റെക്കോഡ് മറികടക്കാൻ 17 വയസ് 261 ദിവസം വരെ അവസരമുണ്ട് എന്ന് സാങ്കേതികമായി പറയാനാകും.
English Summary
Vaibhav Suryavanshi falls 8 runs short of Sachin Tendulkar’s 36-year-old record. 15-year-old Vaibhav Suryavanshi, playing for East Zone against Central Zone in the Duleep Trophy semi-final, was dismissed for 92 runs off 81 balls. If he had scored a century in this match, Vaibhav could have broken Sachin’s record of becoming the youngest player to score a century in the Duleep Trophy.