IND vs IRE: അയര്‍ലന്‍ഡ് പര്യടനത്തില്‍ സഞ്ജു ഉണ്ടാകില്ല? ബിസിസിഐ ഒരുങ്ങുന്നത് മറ്റൊരു പരീക്ഷണത്തിന്
Sanju Samson unlikely to play in IND vs IRE series: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ലെന്ന് സൂചന. അയര്‍ലന്‍ഡ് പര്യടനത്തില്‍ യുവതാരങ്ങളെ അണിനിരത്താനാണ് സാധ്യതയേറെയും. ഏഷ്യന്‍ ഗെയിംസ് ലക്ഷ്യമിട്ടാണ് ഈ നീക്കം. ബിസിസിഐയുടെ പുതിയ നീക്കത്തെക്കുറിച്ച് വായിക്കാം.
India vs Ireland: ജൂണ്‍ 26-ന് ആരംഭിക്കുന്ന ഇന്ത്യ-അയര്‍ലന്‍ഡ് ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ കളിച്ചേക്കില്ല. സഞ്ജു ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് ബിസിസിഐ വിശ്രമം അനുവദിക്കാനാണ് സാധ്യത. രണ്ട് മത്സരങ്ങളാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലുള്ളത്. ജൂണ്‍ 26-നും, 28-നുമാണ് മത്സരങ്ങള്‍. അയര്‍ലന്‍ഡ് പര്യടനത്തില്‍ പുതുമുഖങ്ങളെ അണി നിരത്തിയുള്ള ടീമിനെ രംഗത്തിറക്കാനാണ് സാധ്യത.
ഈ വര്‍ഷം സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഒരേ സമയത്ത് ഇന്ത്യയ്ക്ക് രണ്ട് ടി20 പരമ്പരകളില്‍ കളിക്കേണ്ടതുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയും, ഏഷ്യന്‍ ഗെയിംസും. ഇതിനായി ഇന്ത്യയ്ക്ക് രണ്ട് ടീമുകളെയും സജ്ജമാക്കേണ്ടതുണ്ട്.
രണ്ട് ടീമുകള്‍
കഴിഞ്ഞ തവണത്തെപ്പോലെ, ഇത്തവണയും രണ്ടാം നിര ടീമിനെയാകാം ഏഷ്യന്‍ ഗെയിംസിന് അയയ്ക്കുന്നത്. പ്രധാന ടീം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കളിച്ചേക്കും. ഏതാണ്ട് ഒരേ സമയത്ത് നടക്കുന്ന ഈ രണ്ട് പരമ്പരകള്‍ ലക്ഷ്യമിട്ട് ഇന്ത്യയ്ക്ക് രണ്ട് വ്യത്യസ്ത ടീമുകളെ അണിനിരത്തേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായി 30-35 താരങ്ങളുടെ പൂളാണ് ടീം ഒരുക്കുന്നത്. ഐപിഎല്‍ 2026-ല്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെയെല്ലാം പരിഗണിക്കുന്നുണ്ട്. വൈഭവ് സൂര്യവംശി, പ്രിയാൻഷ് ആര്യ, അങ്ക്രീഷ് രഘുവംശി രജത് പട്ടീദർ, ആയുഷ് ബദോണി തുടങ്ങിയവരെല്ലാം പരിഗണനയിലുണ്ട്.
അയര്‍ലന്‍ഡ് പര്യടനത്തില്‍
പരിഗണിക്കുന്ന പല യുവതാരങ്ങള്‍ക്കും രാജ്യാന്തര ടി20 ക്രിക്കറ്റില്‍ പരിചയസമ്പത്ത് ഇല്ല. ഏഷ്യന്‍ ഗെയിംസിന് മുമ്പ് ഇവര്‍ക്ക് ആവശ്യത്തിന് മത്സരപരിചയമൊരുക്കേണ്ട ഉത്തരവാദിത്തം ബിസിസിഐയ്ക്കുണ്ട്. അയര്‍ലന്‍ഡ് പര്യടനം ഇതിനുള്ള മികച്ച അവസരമായാണ് ബിസിസിഐ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ അയര്‍ലന്‍ഡ് പര്യടനത്തില്‍ യുവതാരങ്ങളെ അണിനിരത്താനാണ് സാധ്യതയേറെയും. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും ഈ ടീമിനെ കളിപ്പിക്കാനാണ് സാധ്യത.
സഞ്ജുവിന് വിശ്രമം?
സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ തുടര്‍ച്ചയായി ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി ടി20 പരമ്പരകളുണ്ടായിരുന്നു. ജനുവരിയിലായിരുന്നു ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര. ഈ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ടി20 ലോകകപ്പ് നടന്നു.
ടി20 ലോകകപ്പ് ഫൈനല്‍
ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടം നിലനിര്‍ത്തി. ഒപ്പം സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റുമായി. ടി20 ലോകകപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ഐപിഎല്‍ ആരംഭിച്ചു. ഐപിഎല്ലിന് ശേഷം സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കാനാണ് സാധ്യത.
ഇംഗ്ലണ്ടിനെതിരായ പരമ്പര
ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ അഞ്ച് ടി20 പരമ്പര കളിക്കുന്നുണ്ട്. സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഈ പരമ്പരയിലൂടെ തിരിച്ചെത്താനാണ് സാധ്യത. ജൂലൈ ഒന്ന്, നാല്, ഏഴ്, ഒമ്പത്, പതിനൊന്ന് തീയതികളിലാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പര നടക്കുന്നത്. ജൂലൈയില്‍ സിംബാബ്‌വെയ്‌ക്കെതിരെയും ഇന്ത്യ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര കളിക്കുന്നുണ്ട്. ഈ പരമ്പരയില്‍ യുവതാരങ്ങളെ അണിനിരത്തിയേക്കാം.