യു.എസിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ
Gun Jammed Before Planned Attack: 19-Year-Old Held in US for Targeting Hindu Place of Worship: പാലറ്റൈനിലെ ടാക്കോ ബെൽ റെസ്റ്റോറൻ്റിലെ ജീവനക്കാരനാണ് അറസ്റ്റിലായ പപ്പൊറാക്കിസ്. വെടിവയ്പ്പിനുള്ള പദ്ധതി വിവരിക്കുന്ന രേഖകളുടെയും ആയുധങ്ങളുടെയും ചിത്രങ്ങൾ പ്രതി മറ്റൊരാൾക്ക് അയച്ചു നൽകിയിരുന്നു. ഇയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്
വാഷിംഗ്ടൺ: അമേരിക്കയിലെ ഇല്ലിനോയിസിൽ ഹിന്ദു ആരാധനാലയത്തിന് നേരെ വെടിവയ്പ്പ് നടത്താൻ പദ്ധതിയിട്ട 19-കാരൻ അറസ്റ്റിൽ. ചിക്കാഗോയ്ക്ക് സമീപമുള്ള ഒറോറ മേഖലയിലെ ക്ഷേത്രം ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ശ്രമിച്ച പാലറ്റൈൻ സ്വദേശി അലക്സാണ്ട്രോസ് പപ്പൊറാക്കിസ് ആണ് പിടിയിലായത്. ഇയാൾ ഇന്ത്യൻ വംശജർക്കെതിരെ അക്രമം നടത്താൻ പദ്ധതിയിട്ടിരുന്നതായും പോലീസ് കണ്ടെത്തി. ഒഹായോയിലെ സ്വാമിനാരായൺ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണമുണ്ടായി രണ്ടാഴ്ച പിന്നിടുമ്പോഴുമാണ് ആശങ്കയുണർത്തുന്ന സംഭവം.
പാലറ്റൈനിലെ ടാക്കോ ബെൽ റെസ്റ്റോറൻ്റിലെ ജീവനക്കാരനാണ് അറസ്റ്റിലായ പപ്പൊറാക്കിസ്. വെടിവയ്പ്പിനുള്ള പദ്ധതി വിവരിക്കുന്ന രേഖകളുടെയും ആയുധങ്ങളുടെയും ചിത്രങ്ങൾ പ്രതി മറ്റൊരാൾക്ക് അയച്ചു നൽകിയിരുന്നു. ഇയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഒക്ടോബർ 11 ഞായറാഴ്ച ആക്രമണം നടത്താനായിരുന്നു പദ്ധതി. ഞായറാഴ്ച ‘ഒരു പ്രത്യേക ദിവസമായിരിക്കും’ എന്ന് ഇയാൾ സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ അന്നേദിവസം തോക്ക് ജാമായതിനാൽ വേഗത്തിൽ അവിടെനിന്ന് രക്ഷപ്പെട്ടതായി ഇയാൾ ഒരു സഹപ്രവർത്തകനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു
Also Read: Houthi Attack: ഇസ്രായേലിലേക്കും സൗദിയിലേക്കും മിസൈൽ ഭീഷണി; ചൈനീസ് സാങ്കേതികവിദ്യയിൽ ഹൂതികളുടെ നീക്കം
തുടർന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവിൽ ഒക്ടോബർ 11-ന് വൈകുന്നേരം വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ദക്ഷിണേഷ്യൻ വംശജർ, പ്രത്യേകിച്ച് ഇന്ത്യൻ വംശജർക്കെതിരെ അക്രമം നടത്തണമെന്ന തീവ്ര വംശീയ നിലപാടുകളാണ് ആക്രമണത്തിനായി പ്രതി തയ്യാറാക്കിയ മാനിഫെസ്റ്റോയിൽ ഉണ്ടായിരുന്നത്. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ റൈഫിൾ, തിരകൾ നിറച്ച മാഗസിനുകൾ, നൂറുകണക്കിന് വെടിയുണ്ടകൾ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു.
സംഭവത്തിന് പിന്നാലെ ഒറോറ മേഖലയിലെ ഹിന്ദു ക്ഷേത്രങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകുകയും സുരക്ഷാ ഭീഷണിയെക്കുറിച്ച് ക്ഷേത്ര ഭാരവാഹികളെ അറിയിക്കുകയും ചെയ്തു. ഭീകരാക്രമണത്തിന് ഭീഷണി മുഴക്കൽ, അനധികൃതമായി ആയുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബുധനാഴ്ച കുക്ക് കൗണ്ടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒക്ടോബർ 30-ന് കേസ് വീണ്ടും പരിഗണിക്കും. ആരാധനാലയങ്ങളുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുമെന്നും എഫ്.ബി.ഐയുമായി ചേർന്ന് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പാലറ്റൈൻ പോലീസ് അറിയിച്ചു.
English Summary
US police arrested 19-year-old Alexandros Paporakis in Illinois for plotting an attack on an Aurora Hindu temple. Authorities recovered a rifle, ammunition, and a manifesto targeting people of Indian descent.