ലാപ്ടോപ്പുകൾ പുറത്തെടുക്കേണ്ട; ദുബായ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന ഇനി അതിവേഗം
Dubai Airport Upgrades Security Screening Technology: ബാഗ് തുറക്കാതെ തന്നെ അതിനുള്ളിലെ സാധനങ്ങൾ എന്തൊക്കെയെന്ന് കൃത്യമായി പരിശോധിക്കാൻ കഴിയുന്ന രീതിയിലുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷം ഈ ഉപകരണങ്ങളുടെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പരീക്ഷണങ്ങൾ വലിയ വിജയമായിരുന്നുവെന്നും ഇതിലൂടെ കൂടുതൽ വേഗത്തിലുള്ള സേവനം നൽകാൻ കഴിഞ്ഞുവെന്നും എയർപോർട്ട് അധികൃതർ ചൂണ്ടിക്കാട്ടുന്നു

പ്രതീകാത്മക ചിത്രം
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾ കൂടുതൽ വേഗത്തിലാക്കാൻ അത്യാധുനിക സുരക്ഷാ സ്കാനറുകൾ വരുന്നു. പുതിയ സ്കാനറുകൾ വരുന്നതോടെ യാത്രക്കാർക്ക് തങ്ങളുടെ ലാപ്ടോപ്പുകൾ, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ ഉൾപ്പടെയുള്ള മറ്റ് വസ്തുക്കൾ എന്നിവ ഹാൻഡ് ബാഗേജിൽ നിന്ന് പുറത്തെടുക്കാതെ തന്നെ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കാനും പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റം.
വിമാനത്താവളത്തിലെ പഴയ സുരക്ഷാ സംവിധാനങ്ങൾ മാറ്റി പുതിയ സ്കാനറുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്ന് ദുബായ് എയർപോർട്ട്സ് സി.ഇ.ഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു. പുതിയ സുരക്ഷാ മെഷീനുകളിൽ സ്ഥാപിക്കുന്നതിലൂടെ യാത്രക്കാർക്ക് ഇനി ലിക്വിഡ് ഫോമുലുള്ള വസ്തുക്കളോ ലാപ്ടോപ്പുകളോ ബാഗുകളിൽ നിന്ന് ഓരോന്നായി പുറത്തെടുത്ത് കാണിക്കേണ്ടിവരില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സംവിധാനം വരുന്നതോടെ വിമാനത്താവളത്തിലെ മുഴുവൻ നടപടിക്രമങ്ങളും കൂടുതൽ വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കും.
ബാഗ് തുറക്കാതെ തന്നെ അതിനുള്ളിലെ സാധനങ്ങൾ എന്തൊക്കെയെന്ന് കൃത്യമായി പരിശോധിക്കാൻ കഴിയുന്ന രീതിയിലുള്ള ഉപകരണങ്ങളാണ് സ്ഥാപിക്കുന്നത്. കഴിഞ്ഞ വർഷം ഈ ഉപകരണങ്ങളുടെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നു. പരീക്ഷണങ്ങൾ വലിയ വിജയമായിരുന്നുവെന്നും ഇതിലൂടെ കൂടുതൽ വേഗത്തിലുള്ള സേവനം നൽകാൻ കഴിഞ്ഞുവെന്നും എയർപോർട്ട് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പഴയ ഉപകരണങ്ങൾ പൂർണ്ണമായും മാറ്റി എല്ലാ യാത്രക്കാർക്കും ഒരേപോലെയുള്ള മികച്ച സൗകര്യം നൽകാനാണ് വിമാനത്താവളം ലക്ഷ്യമിടുന്നത്.
ടെർമിനൽ 1 ഉൾപ്പെടെ വിമാനത്താവളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. കോൺകോഴ്‌സ് ബി-യിലും വിപുലമായ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇതിന് പുറമെ ടെർമിനൽ 1-ൽ പുതിയ ഫ്ലോറിംഗും കൂടുതൽ സുരക്ഷാ ലൈനുകളും ഒരുക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പതിയെ വിമാനത്താവളത്തിലുടനീളം ഇത്തരം സ്കാനറുകൾ പ്രവർത്തനസജ്ജമാകും.
English Summary
Dubai International Airport (DXB) is rolling out advanced security scanners across its terminals, allowing passengers to keep laptops and liquids inside their hand luggage. CEO Paul Griffiths confirmed the ongoing installation, which aims to phase out older machines, significantly speeding up the security screening process and enhancing traveler convenience.