ഒരു വർഷം കാലാവധി, പുതിയ മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറേബ്യ
Saudi Ministry Announces Multiple-Entry Umrah Visa Valid for 365 Days: ഈ വിസ ഉപയോഗിച്ച് ഓരോ തവണ സൗദി സന്ദർശിക്കുമ്പോഴും നുസുക് പ്ലാറ്റ്‌ഫോം വഴി അംഗീകൃത ഏജൻസികളിൽ നിന്ന് സർവീസ് പാക്കേജ് എടുത്തിരിക്കണം. വിസയിൽ ബാക്കിയുള്ള ദിവസങ്ങളെക്കാൾ കൂടുതൽ ദിവസത്തേക്ക് പാക്കേജ് എടുക്കാൻ പാടുള്ളതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
റിയാദ്: ഒരു വർഷ കാലാവധിയിൽ പല തവണ രാജ്യത്തേക്ക് പ്രവേശിക്കാൻ സാധിക്കുന്ന തരത്തിലുള്ള മൾട്ടിപ്പിൾ എൻട്രി ഉംറ വിസ പ്രഖ്യാപിച്ച് സൗദി അറേബ്യ ഹജ്ജ് ഉംറ മന്ത്രാലയം. പരമാവധി 90 ദിവസമായിരിക്കും ഈ വിസ ഉപയോഗിച്ച് സൗദി അറേബ്യയിൽ തങ്ങാനാവുക. നിയമ വ്യസ്ഥകൾക്ക് അനുസരിച്ച് പലതവണ രാജ്യത്ത് പ്രവേശിക്കാനാകും എന്നതാണ് ഈ വിസയുടെ പ്രത്യേകത. വിസ അനുവദിച്ച ദിവസം മുതൽ കൃത്യം 365 ദിവസം വരെയായിരിക്കും വിസയുടെ കാലാവധി. തീർത്ഥാടകരുടെ യാത്ര സുഗമമാക്കാനും, മികച്ച സേവനങ്ങൾ ഉറപ്പാക്കാനുമുള്ള സൗദി വിഷൻ 2030-ൻ്റെ ഭാഗമായാണ് പുതിയ വിസ പ്രഖ്യാപിച്ചിരിക്കുന്നത്.
നുസുക് ആപ്പ് വഴിയുള്ള പെർമിറ്റ് നിർബന്ധം
ഈ വിസ ഉപയോഗിച്ച് ഓരോ തവണ സൗദി സന്ദർശിക്കുമ്പോഴും നുസുക് പ്ലാറ്റ്‌ഫോം വഴി അംഗീകൃത ഏജൻസികളിൽ നിന്ന് സർവീസ് പാക്കേജ് എടുത്തിരിക്കണം. വിസയിൽ ബാക്കിയുള്ള ദിവസങ്ങളെക്കാൾ കൂടുതൽ ദിവസത്തേക്ക് പാക്കേജ് എടുക്കാൻ പാടുള്ളതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് കൂടാതെ, രാജ്യത്ത് എത്തുന്നതിന് മുമ്പ് തന്നെ നുസുക് ആപ്ലിക്കേഷൻ വഴി ഉംറ പെർമിറ്റ് നിർബന്ധമായും എടുത്തിരിക്കണം.
ഉംറ സന്ദർശനങ്ങൾ കൂടുതൽ എളുപ്പത്തിൽ പ്ലാൻ ചെയ്യാൻ പുതിയ വിസ തീർത്ഥാടകരെ സഹായിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി. തീർത്ഥാടകർക്കുള്ള സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റാനും കൂടുതൽ കാര്യക്ഷമമാക്കാനുമാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
ഹജ്ജ് സീസണിൽ വിസയ്ക്ക് വിലക്ക്
ഓരോ തവണ സൗദിയിൽ നിന്ന് തിരികെ പോകുമ്പോഴും വിസ താൽക്കാലികമായി ഡീ ആക്ടിവേറ്റ് ചെയ്യപ്പെടും. അടുത്ത യാത്രയ്ക്കുള്ള നിബന്ധനകൾ പൂർത്തിയാക്കുമ്പോൾ മാത്രമേ വിസ വീണ്ടും സജീവമാകൂ. ഹജ്ജ് സീസണായ ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് 13 വരെയുള്ള ദിവസങ്ങളിൽ ഈ വിസ ഉപയോഗിച്ച് സൗദിയിൽ എത്താൻ കഴിയില്ല.
ഹജ്ജ് തീർത്ഥാടന കാലത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും ഹാജിമാർക്ക് സുഗമമായ ഹജ്ജ് ഉറപ്പാക്കുന്നതിനുമായാണ് ഇത്തരം ഒരു നിയന്ത്രണം. ഹജ്ജ് ചെയ്യുന്നതിനായി കൃത്യമായ നിബന്ധനകൾ പാലിച്ച് അനുവദിക്കപ്പെട്ടിട്ടുള്ള ഹജ്ജ് വിസയിൽ തന്നെ രാജ്യത്തേക്ക് പ്രവേശിക്കേണ്ടതുണ്ട്. ഹജ്ജ് സീസണിൽ മറ്റു വിസകളിൽ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് കർശനമായ നിയന്ത്രണമാണ് ഏർപ്പെടുത്താറുള്ളത്.
English Summary
Saudi Arabia has introduced a new multiple-entry Umrah visa valid for 365 days, permitting a cumulative stay of up to 90 days. Travelers must purchase a service package and secure a permit via the Nusuk platform for each visit. The visa remains suspended during the annual Hajj season. Aligning with Saudi Vision 2030, this initiative aims to simplify travel logistics and significantly enhance the overall experience for global pilgrims.