UAE Weather Forecast: മഴയും മൂടൽമഞ്ഞൂം പൊടിക്കാറ്റും; യു.എ.ഇയിൽ ജാഗ്രതാ നിർദ്ദേശം
Expect Rain and Dusty Winds Across the UAE Through Wednesday, Says National Centre of Meteorology: ഉൾപ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. തീരദേശങ്ങളിലും ദ്വീപുകളിലും 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, പർവത മേഖലകളിൽ 28 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തും

പ്രതീകാത്മക ചിത്രം
അബുദാബി: യുഎഇയുടെ കിഴക്കൻ മേഖലകളിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും. ഉച്ചയ്ക്ക് ശേഷം കിഴക്കൻ പ്രദേശങ്ങളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ ലഭിക്കാനും സാധ്യതയുണ്ട്. രാത്രിയിൽ അന്തരീക്ഷ ഈർപ്പം വർധിക്കുന്നതിനാൽ ഞായറാഴ്ച രാവിലെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
ഉൾപ്രദേശങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും താപനില. തീരദേശങ്ങളിലും ദ്വീപുകളിലും 35 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയും, പർവത മേഖലകളിൽ 28 മുതൽ 33 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തും. രാത്രിയിലും ഞായറാഴ്ച രാവിലെയും അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മൂടൽമഞ്ഞ് ശക്തമാകും. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും എന്നും മുന്നറിയിപ്പിൽ പറയുന്നു.
രാജ്യത്ത് ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഒക്ടോബർ 18 ഞായറാഴ്ച വടക്ക്, കിഴക്ക് മേഖലകളിൽ ഉച്ചയ്ക്ക് ശേഷം മഴ ലഭിച്ചേക്കും. തിങ്കളാഴ്ച രാവിലെ മൂടൽമഞ്ഞിനും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ 19 തിങ്കളാഴ്ച കിഴക്ക് തെക്ക് മേഖലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ പടിഞ്ഞാറൻ മേഖലകളിൽ മൂടൽമഞ്ഞ് അനുഭവപ്പെടാം. തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്..
ചൊവ്വ, ബുധൻ ദിവസങ്ങളിലും കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ തുടരും. ചൊവ്വാഴ്ച കാറ്റിൻ്റെ വേഗത മണിക്കൂറിൽ 50 കിലോമീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ ശക്തമായ പൊടിക്കാറ്റുണ്ടാകും. ബുധനാഴ്ച രാത്രി മുതൽ വ്യാഴാഴ്ച രാവിലെ വരെ തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും വീണ്ടും മൂടൽമഞ്ഞിന് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലും യു,എ.ഇയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചിരുന്നു. തുടർന്ന് മലയോര മേഖകളിൽ മിന്നൽ പ്രളയത്തിനുള്ള സാധ്യത കണക്കിലെടുത്ത് എൻ.സി.എം പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
English Summary
The UAE’s National Centre of Meteorology has forecast rainfall in eastern and southern areas from Saturday through Wednesday, alongside high overnight humidity, morning fog, and strong winds causing blowing dust.