Nicolas Maduro: നിക്കോളാസ് മഡുറോയെ അമേരിക്ക പിടികൂടിയതെന്തിന്?; ബസ് ഡ്രൈവറിൽ നിന്ന് പ്രസിഡൻ്റായ മഡുറോയെപ്പറ്റി
Allegations Against Nicholas Maduro: നിക്കോളാസ് മഡുറോയെ അമേരിക്കയെ അറസ്റ്റ് ചെയ്തതിന് ചില കാരണങ്ങളുണ്ട്. ആ കാരണങ്ങൾ അറിയാം.
വെനിസ്വേലയുടെ ഭരണം അമേരിക്ക പിടിച്ചെടുത്തിരിക്കുന്നു. പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും അറസ്റ്റ് ചെയ്ത് അമേരിക്കയിലെത്തിച്ചു. ചോദ്യം ചെയ്യാനായി ഇവരെ രഹസ്യകേന്ദ്രത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. എന്തിനാണ് അമേരിക്ക മഡുറോയെ പിടികൂടിയത് എന്നറിയാമോ?
മഡുറോ നേരത്തെ തന്നെ അമേരിക്കയുടെ കയ്യിലെ കരടായിരുന്നു. 1962 നവംബർ 23ന് ജനിച്ച മഡുറോ ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. ഇവിടെനിന്ന് യൂണിയൻ നേതാവായി. 1990ൽ മുൻ വെനിസ്വേലൻ പ്രസിഡൻ്റ് ഹ്യൂഗോ ഷാവേസിൻ്റെ അനുയായി ആയി അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഷാവേസിന് കീഴിൽ വിദേശകാര്യ മന്ത്രിയായും ഉപരാഷ്ട്രപതിയായും മഡുറോ സേവനം അനുഷ്ഠിച്ചിരുന്നു. 2013ൽ മഡുറോ വെനിസ്വേലൻ പ്രസിഡൻ്റായി.
ഏറെക്കാലമായി മഡുറോ അമേരിക്കയുടെ കണ്ണിലെ കരടാണ്. വെനിസ്വേലയിൽ നിന്നുള്ള നാർക്കോ ടെററിസം മഡുറോയുടെ നേതൃത്വത്തിലാണ് നടക്കുന്നതെന്ന് അമേരിക്ക ആരോപിക്കുന്നു. രാജ്യത്തെ തീവ്രവാദത്തിന് പണം നൽകുന്നത് മഡുറോ ആണ്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ തലവനാണ് മഡുറോ എന്നും അമേരിക്കയിലേക്ക് വൻതോതിൽ കൊക്കെയ്ൻ എത്തിക്കുന്നതിന് പിന്നിൽ മഡുറോ ആണ് എന്നും അമേരിക്ക ആരോപിക്കുന്നുണ്ട്. വെനിസ്വേലയിലെ ജനാധിപത്യം തകർച്ചയിലാണെന്നും ജനങ്ങളെ അടിച്ചമർത്തുന്നു എന്നുമുള്ള ആരോപണങ്ങളുമുണ്ട്.
2020ൽ മഡുറോയ്ക്കെതിരെ അമേരിക്ക കുറ്റപത്രം സമർപ്പിച്ചിരുന്നു. നാർക്കോ ടെററിസം ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി, ആയുധം കൈവശം വെക്കുക തുടങ്ങി അതിഗുരുതര കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിരുന്നത്. അമേരിക്കയിലേക്ക് കൊക്കെയ്ൻ എത്തിക്കുന്നതിനായി ഇദ്ദേഹം ‘കാർട്ടൽ ഡി ലോസ് സോൾസ്’ എന്ന സംഘത്തിന് നേതൃത്വം നൽകിയെന്നും അതിനായി കൊളംബിയൻ, മെക്സിക്കൽ, വെനിസ്വേലൻ ലഹരി മാഫിയകളുമായി ചേർന്ന് പ്രവർത്തിച്ചു എന്നും കുറ്റപത്രത്തിൽ ആരോപിച്ചിരുന്നു. മഡുറോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 50 മില്യൺ ഡോളർ പാരിതോഷികവും അമേരിക്ക പ്രഖ്യാപിച്ചിരുന്നു.