US strikes on Venezuela: വെനസ്വേലയ്‌ക്കെതിരെ ആക്രമണം നടത്തി യുഎസ്; മഡുറോയെയും ഭാര്യയെയും പിടികൂടിയെന്ന് ട്രംപ്
US-Venezuela Tension: വെനസ്വേലയ്‌ക്കെതിരെ യുഎസ് ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും, ഭാര്യയെയും പിടികൂടിയെന്ന് ട്രംപ്
വാഷിങ്ടണ്‍: വെനസ്വേലയ്‌ക്കെതിരെ യുഎസ് ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും, ഭാര്യയെയും പിടികൂടിയെന്ന് ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച പോസ്റ്റിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. ശനിയാഴ്ച രാവിലെ വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിലും പരിസര പ്രദേശങ്ങളിലും സ്ഫോടന പരമ്പരകൾ അരങ്ങേറിയെന്നാണ് റിപ്പോര്‍ട്ട്.
മഡുറോയെ പിടികൂടിയതിന് പിന്നാലെ ജനങ്ങളോട് ശാന്തരാകാന്‍ ആവശ്യപ്പെട്ട് വെനിസ്വേലൻ ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ രംഗത്തെത്തി. രാജ്യത്തിന്റെ നേതൃത്വത്തില്‍ വിശ്വാസം അര്‍പ്പിക്കണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ സൈനിക നടപടിയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ആക്രമണത്തെ തുടര്‍ന്ന് വെനസ്വേലയില്‍ വ്യാപകമായി വൈദ്യുതി തടസമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
മഡുറോ സര്‍ക്കാരിനെതിരെ കടുത്ത ശത്രുത നിലപാടാണ് യുഎസ് സ്വീകരിച്ചിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. മഡുറോ സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു യുഎസ് നിലപാട്. യുഎസിലേക്ക് കുടിയേറാന്‍ തടവുകാരടക്കമുള്ളവരെ മഡുറോ പ്രോത്സാഹിപ്പിക്കുന്നുവെന്നും യുഎസ് ആരോപിക്കുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ വെനസ്വേല നിഷേധിച്ചിരുന്നു.
മഡുറോയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ യുഎസ് നേരത്തെ തന്നെ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കരീബിയന്‍ കടലില്‍ യുഎസ് സൈനികവിന്യാസം നടത്തി. യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്ന വിമാനവാഹിനിക്കപ്പൽ ഉൾപ്പെടെ യുഎസ് സജ്ജമാക്കി. രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് നിക്കോളാസ് മഡുറോയ്ക്ക് ട്രംപ് അന്ത്യശാസനം നല്‍കിയതായും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
മഡുറോ സര്‍ക്കാര്‍ അഴിമതി നിറഞ്ഞതാണെന്നാണ് യുഎസ് വിമര്‍ശനം. മയക്കുമരുന്ന് കടത്തില്‍ വെനസ്വേലന്‍ സര്‍ക്കാരിന് പങ്കുണ്ടെന്നും യുഎസ് ആരോപിക്കുന്നു. മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി പ്രവര്‍ത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎസ് വെനസ്വേലയ്‌ക്കെതിരെ സൈനിക നടപടി ആരംഭിച്ചത്.
എന്നാല്‍ വന്‍തോതില്‍ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ നിയന്ത്രണം സ്വന്തമാക്കുകയാണോ യുഎസിന്റെ ലക്ഷ്യമെന്ന് സംശയിക്കുന്നവരുമുണ്ട്. വെനസ്വേലയില്‍ യുഎസ് നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് ചൈനയും, റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.