Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം; ഇന്ന് മുതൽ അപേക്ഷിച്ച് തുടങ്ങാം, തെറ്റ് പറ്റാതിരിക്കാൻ ഇതറിയുക
Kerala Plus One Admission Begins Today: ഇക്കുറി 4,10,456 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി വിജയിച്ചത്. കഴിഞ്ഞ വർഷം സംസ്ഥാനത്ത് അരലക്ഷത്തിലധികം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. എന്നാൽ, അപേക്ഷ സമർപ്പിക്കുന്നതിലെ ചെറിയൊരു അശ്രദ്ധ പോലും നിങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് നഷ്ടപ്പെടാൻ കാരണമായേക്കാം. അതിനാൽ, തെറ്റുകൾ കൂടാതെ എങ്ങനെ അപേക്ഷിക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പരിശോധിക്കാം.
സംസ്ഥാനത്തെ പ്ലസ് വൺ (Higher Secondary) സിംഗിൾ വിൻഡോ അഡ്മിഷൻ പ്രക്രിയ ഇന്ന് മുതൽ ആരംഭിക്കും. പ്ലസ് വൺ പ്രവേശനത്തിൻ്റെ ഭാഗമായി ഹയർസെക്കൻഡറി പോർട്ടലായ HSCAP വഴി വിദ്യാർത്ഥികൾക്ക് ഇന്ന് മുതൽ അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റും വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 33,030 സീറ്റുകളുമാണുള്ളത്. ഇക്കുറി 4,10,456 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി വിജയിച്ചത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, അലോട്ട്‌മെന്റ് സമയക്രമം എന്നിവ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് അരലക്ഷത്തിലധികം പ്ലസ് വൺ സീറ്റുകൾ ഒഴിഞ്ഞുകിടന്നിരുന്നു. എന്നാൽ, അപേക്ഷ സമർപ്പിക്കുന്നതിലെ ചെറിയൊരു അശ്രദ്ധ പോലും നിങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് നഷ്ടപ്പെടാൻ കാരണമായേക്കാം. അതിനാൽ, തെറ്റുകൾ കൂടാതെ എങ്ങനെ അപേക്ഷിക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പരിശോധിക്കാം.
ALSO READ: പ്ലസ് വൺ പ്രവേശനം; സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
എങ്ങനെ അപേക്ഷിക്കണം?
- ആദ്യം വോട്ട് ചെയ്യേണ്ട ഔദ്യോഗിക വെബ്‌സൈറ്റായ www.hscap.kerala.gov.in സന്ദർശിക്കുക.
- ‘Create Candidate Login’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പറും മറ്റ് അടിസ്ഥാന വിവരങ്ങളും നൽകി പാസ്‌വേഡ് സെറ്റ് ചെയ്യുക. ഈ ലോഗിൻ വിവരങ്ങൾ സൂക്ഷിച്ചുവെക്കണം.
- പത്താം ക്ലാസ്സിലെ മാർക്കുകൾ, വ്യക്തിഗത വിവരങ്ങൾ, സംവരണ വിഭാഗത്തിൽ പെട്ടവരാണെങ്കിൽ ആ വിവരങ്ങൾ എന്നിവ തെറ്റുകൂടാതെ രേഖപ്പെടുത്തുക.
- പഠിക്കാൻ താല്പര്യമുള്ള സ്കൂളുകളും ഗ്രൂപ്പുകളും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കുക.
അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഒരേ പേരുള്ള ഒന്നിലധികം സ്കൂളുകൾ ഒരേ ജില്ലയിൽ തന്നെ ഉണ്ടാകാം. അതിനാൽ സ്കൂൾ കോഡ്, കോഴ്സ് കോഡ് എന്നിവ കൃത്യമായി നോക്കി ഉറപ്പുവരുത്തിയ ശേഷം നൽകുക.
നിങ്ങൾക്ക് ഏറ്റവും കൂടുതൽ പഠിക്കാൻ താല്പര്യമുള്ള സ്കൂളും കോഴ്സും വേണം ഒന്നാമത്തെ ഓപ്ഷനായി നൽകാൻ. അലോട്ട്മെന്റ് ലഭിച്ചാൽ പിന്നീട് താഴോട്ടുള്ള ഓപ്ഷനുകളിലേക്ക് മാറാൻ സാധിക്കില്ല.
NCC, SPC, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ക്ലബ്ബ് ആക്റ്റിവിറ്റികൾ, നീന്തൽ അറിയാവുന്നവർ എന്നിവർക്കുള്ള ബോണസ് പോയിന്റുകൾ കൃത്യമായി അടയാളപ്പെടുത്തുക. എന്നാൽ ഇതിന്റെ സർട്ടിഫിക്കറ്റുകൾ കൈവശം ഉണ്ടായിരിക്കണം.
ആവശ്യമായ ഫീസ് ഓൺലൈനായി അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിച്ചുവെക്കുക.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
- എസ്എസ്എൽസി മാർക്ക് ലിസ്റ്റ് അല്ലെങ്കിൽ സർട്ടിഫിക്കറ്റ്
- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ ആധാർ കാർഡ്
- സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ജാതി / വരുമാന സർട്ടിഫിക്കറ്റ്
- NCC, SPC, സ്പോർട്സ് തുടങ്ങിയവയുടെ അധിക പോയിന്റിനായി അവയുടെ സർട്ടിഫിക്കറ്റുകൾ
- ഒടിപികളും അലോട്ട്മെന്റ് വിവരങ്ങളും ലഭിക്കാൻ നിങ്ങളുടെ നിലവിലുള്ള മൊബൈൽ നമ്പറും ഇമെയിലും
English Summary:
Plus One admission process in Kerala begins today via the single-window online system. While 4,10,456 students have qualified for higher education this year. Check the step by step guide to avoid mistake.