Kerala School Academic Calendar: അധിക പ്രവൃത്തിദിനങ്ങളില്‍ തീരുമാനം; ഈ അധ്യയന വര്‍ഷം എത്ര ശനിയാഴ്ചകളില്‍ സ്‌കൂളില്‍ പോകണം?
Kerala School Working Days Details : പുതിയ അധ്യയന വര്‍ഷം നാളെ ആരംഭിക്കും. കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ രീതിയിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം പട്ടം തിരുവനന്തപുരം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും.
തിരുവനന്തപുരം: വേനലവധിക്ക് പരിസമാപ്തി കുറിച്ച് സംസ്ഥാനത്ത് പുതിയ അധ്യയന വര്‍ഷം നാളെ ആരംഭിക്കും. കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ രീതിയിലാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം പട്ടം ഗവ. മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കും. രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങളില്‍ വിദ്യാഭ്യാസമന്ത്രി എന്‍. ഷംസുദ്ദീന്‍ അധ്യക്ഷനാകും. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍, ഗതാഗതമന്ത്രി സി.പി. ജോണ്‍ തുടങ്ങിയവരും പങ്കെടുക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമുള്ള ആദ്യ പ്രവേശനോത്സവമാണിത്.
പ്രവൃത്തിദിനങ്ങള്‍
പുതിയ അധ്യയന വര്‍ഷത്തിലെ വിദ്യാഭ്യാസ കലണ്ടറും തയ്യാറാക്കിയിട്ടുണ്ട്. പുതിയ അധ്യയനവർഷത്തിൽ ആകെ 197 ദിവസങ്ങളാണ് പൊതുവായ പ്രവൃത്തിദിനങ്ങൾ. എല്‍പി വിഭാഗത്തില്‍ ആകെ 800 അധ്യയന മണിക്കൂറുകള്‍ ആവശ്യമുണ്ട്. എൽപി, ഹയർ സെക്കൻഡറി സ്കൂളുകളിൽ ശനിയാഴ്ചകളിൽ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല.
എൽപി സ്കൂളുകളിലും, നിലവിൽത്തന്നെ അധിക പഠനസമയമുള്ള ഹയർ സെക്കൻഡറി വിഭാഗത്തിലും ഈ 197 ദിവസങ്ങളിലായിരിക്കും അധ്യയനം നടക്കുക. ഹൈസ്കൂൾ വിഭാഗത്തിൽ 7 ശനിയാഴ്ചകൾ അധികമായി ക്ലാസുകൾ ഉണ്ടായിരിക്കും. യുപി സ്‌കൂളുകളില്‍ മൂന്ന് ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനങ്ങളായിരിക്കും. എന്നാൽ ആഴ്ചയിൽ ആറു ദിവസവും തുടർച്ചയായി ക്ലാസുകൾ വരുന്ന രീതിയിലല്ല ഇത് ക്രമീകരിച്ചിരിക്കുന്നത്.
യുപി വിഭാഗത്തില്‍ ആയിരം അധ്യയന മണിക്കൂറും, ഹൈസ്‌കൂളുകളില്‍ 1200 മണിക്കൂര്‍ പഠനസമയവും ഉറപ്പാക്കുന്നതിനായാണ് അധിക പ്രവൃത്തിദിനങ്ങള്‍ നിശ്ചയിച്ചിരിക്കുന്നത്. ശനിയാഴ്ചകളിലെ അധിക ദിവസങ്ങൾ ഉൾപ്പെടെ ആകെ 200 പ്രവൃത്തിദിനങ്ങൾ യുപി സ്കൂളുകൾക്ക് ഉണ്ടായിരിക്കും. ആകെ 204 പ്രവൃത്തിദിനങ്ങളാണ് ഹൈസ്കൂളുകൾക്കായി നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍, പ്രാദേശികമായ അവധികൾ കാരണം നിശ്ചിത പ്രവൃത്തിദിനങ്ങൾ നഷ്ടമാവുകയാണെങ്കിൽ, അത് പരിഹരിക്കാനായി കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായി മാറ്റും.
അധിക സമയക്രമം ഈ അധ്യയനവർഷത്തിലും ഹൈസ്കൂളുകളിൽ തുടരുന്നതാണ്. കുട്ടികൾക്ക് വർഷത്തിൽ 1100 അധ്യയന മണിക്കൂറുകൾ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ പ്രവൃത്തിദിനങ്ങളിലും രാവിലെയും വൈകുന്നേരവും 15 മിനിറ്റ് വീതം അധികമായി പഠനസമയം ഉണ്ടായിരിക്കും. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെയാകും ക്ലാസ്.
ഔദ്യോഗിക പ്രവേശനോത്സവ ഗാനം
സൈബർ സുരക്ഷാ പ്രതിജ്ഞ
പ്രവേശനോത്സവത്തില്‍ നീണ്ട പ്രസംഗങ്ങള്‍ ഒഴിവാക്കും. പകരം വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുട്ടികള്‍ക്ക് സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണം നൽകാൻ കേരള പോലീസ് സൈബർ ഡോം വിഭാവനം ചെയ്ത ‘കിഡ് ഗ്ലൗ’ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ പ്രത്യേക സൈബർ സുരക്ഷാ പ്രതിജ്ഞ ചൊല്ലും. വര്‍ധിച്ചുവരുന്ന ഓണ്‍ലൈന്‍ ചതിക്കുഴികള്‍, സുരക്ഷിതമല്ലാത്ത ഡിജിറ്റല്‍ ഇടപാടുകള്‍ തുടങ്ങിയവയെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ അവബോധം ശക്തമാക്കുകയാണ് ലക്ഷ്യം.
സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഉടന്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. 90 ശതമാനത്തിലേറെ പുസ്തകവിതരണം ഇതിനകം പൂര്‍ത്തിയായി. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചാകും പ്രവേശനോത്സവം സംഘടിപ്പിക്കുക.
English Summary
Kerala’s new school year features extra working Saturdays for UP and High School sections to complete lessons. High school classes will run from 9:45 AM to 4:15 PM to ensure 1,100 instructional hours. Students will take a cyber security pledge during their school reopening ceremony tomorrow. Textbook distribution is almost complete, though some CBSE schools will reopen later this week.